in ,

റാസ് മത്ബഖ് അക്വാട്ടിക് ഫിഷറീസ് ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

റാസ് മത്ബക്തിലെ അക്വാട്ടിക് ആന്റ് ഫിഷറീസ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌

ദോഹ: അല്‍ഖോറിലെ റാസ് മത്ബഖില്‍ അക്വാട്ടിക് ആന്റ് ഫിഷറീസ് റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മന്ത്രിമാരും വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു. റാസ് മത്ബഖ് സെന്ററിന്റെ സൗകര്യങ്ങളും വിവിധ യൂണിറ്റുകളും പ്രധാനമന്ത്രി നോക്കിക്കണ്ടു. ഭരണനിര്‍വഹണ കെട്ടിടങ്ങള്‍, ശാസ്ത്ര-ജല ലബോറട്ടറികള്‍, മത്സ്യകൃഷിയുമായി ബന്ധപ്പെട്ട ഭാഗം, നഴ്‌സറി യൂണിറ്റുകള്‍, ഫിഷ് ഫാറ്ററിങ് യൂണിറ്റുകള്‍ എന്നിവയുടെ സൗകര്യങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. കേന്ദ്രത്തിന്റെ ചുമതലകളെക്കുറിച്ചും ജല ഗവേഷണരംഗത്തെ പങ്കിനെക്കുറിച്ചും അദ്ദേഹത്തോടു വിശദീകരിച്ചു.
ഖത്തറിലെ ആഭ്യന്തര മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സമുദ്രജീവിതവുമായി ബന്ധപ്പെട്ട് അത്യാധുനിക ഗവേഷണങ്ങള്‍ക്കും സഹായകമാകുന്നതാണ് 230 മില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് നിര്‍മിച്ചിരി്ക്കുന്ന സെന്റര്‍. സീഫുഡ് മേഖലയില്‍ സ്വയംപര്യാപ്തതാ ലക്ഷ്യങ്ങള്‍ നിറവേറ്റാനും ഇതിലൂടെ സാധിക്കും. രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം തുറക്കുന്നത്. 1.10ലക്ഷം സ്‌ക്വയര്‍മീറ്ററിലായാണ് പുതിയ സെന്റര്‍. ആവശ്യത്തിലധികം മത്സ്യങ്ങള്‍ സംഭരിച്ചുവയ്ക്കുന്നത് ഗണ്യമായി കുറയ്ക്കുന്നതിനും കൂടുതല്‍ മത്സ്യോല്‍പ്പാദനം നടത്തുന്നതിനും സെന്റര്‍ ലക്ഷ്യമിടുന്നു.
റിസര്‍ച്ച് സെന്ററില്‍ ഒട്ടനവധി, മത്സ്യ, ചെമ്മീന്‍ ഹാച്ചറികളുണ്ട്. 28 ഓഫീസുകള്‍ അടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിങും അക്വാട്ടിക് ആന്റ് ഫിഷറീസ് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായുണ്ട്. രണ്ട് മീറ്റിങ് ഹാളുകള്‍, ലെക്ചര്‍ ആന്റ് പ്രസന്റേഷന്‍ ഹാള്‍, ലൈബ്രറി, വിവിധ ആവശ്യങ്ങള്‍ക്കായി പ്രത്യേക ലബോറട്ടറികള്‍, കഫറ്റീരിയകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
സ്വകാര്യ മത്സ്യകൃഷി പദ്ധതികള്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രത്തിന്റെ സഹായമുണ്ടാകും. മത്സ്യോല്‍പ്പാദന മേഖലയിലെ ഏറ്റവും നവീനമായ സാങ്കേതികവിദ്യകളും അത്യാധുനികമായ ഉപകരണങ്ങളും ഉപയോഗിച്ചാണ് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. മത്സ്യപ്രജനനത്തിന് അനുയോജ്യമായ സാഹചര്യമാണ് സെന്റര്‍ ഒരുക്കുന്നത്. പ്രകൃതിവിഭവങ്ങളുടെയും സമുദ്രപരിസ്ഥിതിയുടെയും സംരക്ഷണവും സെന്റര്‍ ലക്ഷ്യമിടുന്നു.
സെന്ററില്‍ ഉത്പാദിപ്പിക്കുന്ന വിവിധയിനം മത്സ്യങ്ങള്‍ മത്സ്യകൃഷിക്കായി സബ്‌സിഡിയിനത്തില്‍ വില കുറച്ച് നല്‍കും. ഏതുസമയത്തും ഏതിനം മത്സ്യങ്ങളും കൃഷി ആവശ്യങ്ങള്‍ക്കായി മത്സ്യഫാമുകള്‍ക്ക് ലഭ്യമാക്കും. പ്രതിവര്‍ഷ മത്സ്യോത്പാദനം പത്ത് മില്യണിലധികമായി വര്‍ധിപ്പിക്കാന്‍ പദ്ധതിക്ക് ശേഷിയുണ്ട്. ഖത്തറില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങളായ ഹമൂര്‍, സാറി എന്നിവയുടെയും ഷ്രിംപ്‌സി(ചെമ്മീന്‍)ന്റെയും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സെന്ററില്‍ കൂടുതല്‍ ഫാമുകള്‍ സ്ഥാപിക്കുന്നുണ്ട്്. മത്സ്യക്കുഞ്ഞുങ്ങളെ സ്വകാര്യഫാമുകള്‍ക്ക് നല്‍കുന്നതിനൊപ്പം കടലിലേക്ക് തുറന്നുവിടുകയും ചെയ്യും. മത്സ്യ സമ്പത്തിന്റെ തോത് കൃത്യമായി മനസിലാക്കുന്നതിനായാണിത്. കേന്ദ്രത്തിന്റെ വിലയിരുത്തലില്‍ ഏതെങ്കിലും ഇനത്തിലുള്ള മത്സ്യസമ്പത്തിന്റെ ദൗര്‍ലഭ്യം വ്യക്തമായാല്‍ ആ പ്രത്യേകയിനത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അവയുടെ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിടുകയും ചെയ്യും. റിസര്‍ച്ച് സെന്ററിലെ ഹാച്ചറികളിലൂടെ നാലൂ സീസണുകളിലായി ഓരോ വര്‍ഷവും 2.4മില്യണ്‍ മത്സ്യമുട്ടകളെങ്കിലും വിരിയിച്ച് ലാര്‍വയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
തുടര്‍പ്രക്രിയകളിലൂടെ ഒരു വര്‍ഷം ശരാശരി എട്ടു മില്യണ്‍ ടണ്‍ മത്സ്യം ഉല്‍പ്പാദിപ്പിക്കാനാകും. കൂടാതെ ഓരോ സീസണിലും ആറു മില്യണ്‍ ടണ്‍ ഷ്രിംപ്‌സ് ഉല്‍പ്പാദനവും ലക്ഷ്യമിടുന്നു. രാജ്യത്ത് മത്സ്യോപഭോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും ആഭ്യന്തരമത്സ്യോല്‍പ്പാദനം ആവശ്യത്തിനു തികയാത്ത സാഹചര്യത്തിലുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മാള്‍ ഓഫ് ഖത്തറില്‍ അക്രോബാറ്റിക് ഷോ ആകര്‍ഷകമായി

പരിസ്ഥിതി സംരക്ഷണത്തിന് കൂട്ടായ ഉത്തരവാദിത്വം ആവശ്യം: പരിസ്ഥിതി മന്ത്രി