
അശ്റഫ് തൂണേരി/ ദോഹ
അറബ് മേഖലയെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ
വര്‍ഷങ്ങള്‍ നീണ്ട ഗള്‍ഫ് ഉപരോധത്തിന്റെ പരിഹാരവേദിയായി വരാനിരിക്കുന്ന റിയാദ് ഉച്ചകോടി മാറുമെന്ന് വിലയിരുത്തല്‍. ഡിസംബര്‍ പത്തിന് സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടക്കുന്ന നാല്‍പ്പതാമത് ജി സി സി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍സബാഹ് പറഞ്ഞതായി തുര്‍ക്കിയിലെ അനദോലു വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇക്കാര്യം ഉദ്ധരിച്ച് ‘മിഡില്‍ ഈസ്റ്റ് മോണിറ്റര്‍’ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഖത്തറിനു മേല്‍ സൗദി അറേബ്യ,യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാനുള്ള സുപ്രധാന തീരുമാനം ഉച്ചകോടിയില്‍ ഉണ്ടാവുമെന്നാണ് കുവൈത്ത് പ്രധാനമന്ത്രി വ്യക്തമാക്കിയതെന്ന് തുര്‍ക്കി ഏജന്‍സി വിശദീകരിക്കുന്നു.
അനുരഞ്ജനത്തിനുള്ള ഏറ്റവും നല്ല വേദിയും ജി.സി.സി രാജ്യങ്ങളുടെ സൗഹൃദപൂര്‍വ്വമുള്ള ഒത്തുചേരലിന് ഏറ്റവും അനുയോജ്യമായ ഇടവുമാണ് റിയാദെന്നും കുവൈത്ത് പ്രധാനമന്ത്രി വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജി.സി.സി ഉച്ചകോടിക്ക് റിയാദ് വേദിയാകുന്നത്. അതിനിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഔദ്യോഗികമായി ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
ദോഹയില്‍ തുടരുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് മത്സരത്തില്‍ ആദ്യം പങ്കെടുക്കില്ലെന്ന് അറിയിച്ച സഊദിഅറേബ്യ, യു എ ഇ, ബഹ്റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ പിന്നീട് പങ്കെടുത്തത് പ്രശ്ന പരിഹാരത്തിനുള്ള മറ്റൊരു സൂചനയായി നയതന്ത്ര വിദഗദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അറബ് ഗള്‍ഫ് കപ്പില്‍ അവസാന നിമിഷം മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ കൂടി പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടി കുവൈത്ത് ദേശീയ പാര്‍ലമെന്റ് സ്പീക്കറും ഉപരോധം ഉടന്‍ പിന്‍വലിക്കപ്പെടുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയുണ്ടായി. അറേബ്യന്‍ ഗള്‍ഫ് കപ്പ് മഞ്ഞുരുകുന്ന സൂചനയാണെന്ന് വിശദീകരിച്ചും ഗള്‍ഫ് നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹിമാന്‍ അല്‍താനി കഴിഞ്ഞ മാസം സൗദിയില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തിയതായും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍,റോയിട്ടേഴ്സ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലും ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നു.
2017 ജൂണ്‍ 5 മുതലാണ് സൗദി അറേബ്യ,യു.എ.ഇ,ബഹ്റൈന്‍ എന്നീ അയല്‍രാജ്യങ്ങള്‍ തീവ്രവാദ ബന്ധം ആരോപിച്ച് കര-വ്യോമ-നാവിക പാതകളില്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ആരോപണം നിഷേധിച്ച് ഖത്തറും രംഗത്തുവന്നു. പിന്നീട് കുവൈത്തിന്റെ മധ്യസ്ഥതതയിലും അമേരിക്കയുടെ പ്രതിനിധികള്‍ മുഖേനയും പലവിധ ചര്‍ച്ചകളും അരങ്ങേറിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 2022 ദോഹ ലോക കപ്പ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ കൂടി പിന്തുണയാല്‍ കൂടുതല്‍ കരുത്തോടെ ഖത്തറിന് നടത്താനാവുമെന്ന പ്രതീക്ഷയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പങ്കുവെക്കുന്നത്.
