
ദോഹ: അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചരിത്രംകുറിച്ച് ഖത്തര്‍ എക്സിക്യുട്ടീവ്. റെക്കോര്‍ഡ് വേഗതയില്‍ ഭൂമിയെ ചുറ്റി ചരിത്രമിടുകയായിരുന്നു ഖത്തര്‍ എയര്‍വേയ്സിന്റെ സ്വകാര്യ ജെറ്റ് ഡിവിഷനായ എക്സിക്യുട്ടീവ്.
ജൂലൈ ഒമ്പതിന് രാവിലെ 9.32ന് നാസയിലെ കേപ് കനാവെറലില്‍ നിന്നും യാത്ര തിരിച്ച ഖത്തര്‍ എക്സിക്യൂ ട്ടീവ് ഗള്‍ഫ് സ്ട്രീം ജി650 ഇആര്‍ വിമാനം 46 മണിക്കൂര്‍ 40 മിനുട്ട് നേരത്തെ പറക്കലിനുശേഷം ജൂലൈ 11ന് കെന്നഡി സ്പേസ് സെന്ററിലിറങ്ങുകയായിരുന്നു.
ജേക്കബ് ഒബെ ബെച്ച്, ജെറമി അസ്കഫ്, യെവ്ഗെന് വസ്ലിങ്കോ എന്നീ പൈലറ്റുമാരും ബെഞ്ചമിന്‍ റിഗര്‍ എന്ന എഞ്ചിനിയറും മഗ്ഡലിന സ്ട്രോവിക് എന്ന ഫ്ളൈറ്റ് അറ്റന്ററുമാണ് സംഘത്തിലുണ്ടായിരുന്നത്. വണ്‍മോര്‍ ഓര്‍ബിറ്റുമായി സഹകരിച്ചാണ് ഖത്തര്‍ എക്സിക്യൂട്ടീവ് ദൗത്യം നടപ്പാക്കിയത്. വണ്‍മോര്‍ ഓര്‍ബിറ്റിന്റെ ടെറി വിര്‍റ്റ്സ്, ഹാമിഷ് ഹാര്‍ഡിംഗ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു.
നാസയില്‍ നിന്നും അസ്താന, അവിടെ നിന്ന് മൗറിഷ്യസ്, തുടര്‍ന്ന് ചിലി, തിരികെ നാസ എന്ന രീതിയിലായിരുന്നു യാത്ര പദ്ധതിയിട്ടിരുന്നത്. ഇറങ്ങിയ നാല് കേന്ദ്രങ്ങളില്‍ നിന്നാണ് ഇന്ധനം നിറച്ചത്. ഒരു ധ്രുവത്തില്‍ നിന്നും മറ്റൊരു ധ്രുവം തൊട്ടുള്ള യാത്ര അവസാനിക്കുമ്പോള്‍ സാക്ഷിയായി ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിറുണ്ടായിരുന്നു.
ഖത്തര്‍ എക്സിക്യൂട്ടീവ് വണ്‍ മോര് ഓര്‍ബിറ്റ് ടീമുമായി ചേര്‍ന്ന് ചരിത്രം സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ പാത, ഇന്ധനം നിറക്കുന്ന കേന്ദ്രങ്ങള്‍, കാലാവസ്ഥ തുടങ്ങിയവയെല്ലാം കൃത്യമായി പരിശോധിച്ചിരുന്നു.
വിപുലമായ തയാറെടുപ്പുകളാണ് നടത്തിയത്.പദ്ധതി വിജയത്തിലെത്തിക്കാന്‍ ഒട്ടേറെപ്പേര്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.