Friday, January 22ESTD 1934
Shadow

റെഡ് ക്രസന്റിന്റെ ശൈത്യകാല കാംപയിനില്‍ പ്രവാസി തൊഴിലാളികളും

ദോഹ: ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ശൈത്യത്തില്‍ ചൂടുപകരാം കാംപയിന്‍ 2019-20 ഖത്തറിലെ പ്രവാസി തൊഴിലാളികളിലേക്കു കൂടി വികസിപ്പിച്ചതായി പ്രഖ്യാപിച്ചു. കഴിഞ്ഞ 14 വര്‍ഷമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി തുടരുന്ന ശൈത്യകാല കാംപയിനിന്റെ ഗുണഭോക്താക്കള്‍ വിദേശ രാജ്യങ്ങളിലുള്ളവരായിരുന്നു. ഫലസ്തീന്‍, ജോര്‍ദാന്‍, യമന്‍, ഇറാഖ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്കെന്ന പോലെ ഖത്തറിലെ പ്രവാസി തൊഴിലാളികളെ ആദ്യമായാണ് കാംപയിനിന്റെ ഗുണഭോക്താക്കളാക്കുന്നത്. പദ്ധതിയെ കുറിച്ച് അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മുഹ്‌സിന്‍ അബ്ദുല്ല അല്‍ മാലികി, റിലീഫ് ആന്റ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് സലാഹ് ഇബ്രാഹിം, ഫിനാന്‍ഷ്യല്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ യൂസുഫ് മുഹമ്മദ് അല്‍ അവാദി എന്നിവര്‍ പങ്കെടുത്തു. ഖത്തറിലെ പ്രവാസി തൊഴിലാളി സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിലും രാജ്യം കെട്ടിപ്പടുക്കുന്നവരുടെ മൂല്യം കാണുന്നതിലും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഡോ. മുഹമ്മദ് സലാഹ് ഇബ്രാഹിം പറഞ്ഞു. നല്ല രീതിയിലുള്ള ജീവിതം നയിക്കുന്നതിന് അവര്‍ക്ക് ആവശ്യമായ സാധ്യമായ തരത്തിലുള്ള എല്ലാ സഹായങ്ങളും ഖത്തര്‍ നല്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലുള്ളവര്‍ക്കു പുറമേ പ്രകൃതി ക്ഷോഭങ്ങള്‍, യുദ്ധം തുടങ്ങിയവയുടെ ഇരകള്‍ക്കാണ് കാംപയിനിലൂടെ സഹായം എത്തിക്കുക.

error: Content is protected !!