Tuesday, April 7

റെസ്‌ലിങ് ഇതിഹാസതാരങ്ങള്‍ മത്സരിക്കുന്നു, 21ന്്

ദോഹ: റെസ്‌ലിങിലെ ഇതിഹാസതാരങ്ങളും സൂപ്പര്‍സ്റ്റാറുകളും മത്സരിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഈ മാസം 21ന്. ലുസൈല്‍ സ്‌പോര്‍ട്‌സ് അറീനയിലാണ് ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റിനായുള്ള രണ്ടാമത് സൂപ്പര്‍സ്ലാം നടക്കുകയെന്ന് ഖത്തര്‍ പ്രൊ റെസ്‌ലിങ്(ക്യുപിഡബ്ല്യു) അറിയിച്ചു. മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഗുസ്തി കായിക ആസ്വാദകരെ ലക്ഷ്യമിട്ടാണ് വിപുലമായ രീതിയില്‍ ഷോയും ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിക്കുന്നത്.
ഫാന്‍സിന് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ നേരിട്ടു കാണുന്നതിനും സംവദിക്കുന്നതിനുമായി പ്രത്യേക മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടി 20ന് നടക്കും. ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ ആംഗ്രി ബേഡ്‌സ് വേള്‍ഡ് ബേര്‍ഡ്‌സ് ഐലന്റില്‍ 20ന് വൈകുന്നേരം ആറിനാണ് മീറ്റ് ആന്റ് ഗ്രീറ്റ്. ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് 500 ഫാന്‍സിനെ ക്ഷണിച്ചിട്ടുണ്ട്. യുഎസ്, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, യുകെ, കാനഡ, ഓസ്ട്രിയ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുസ്തി സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടുന്ന എക്‌സ്‌ക്ലൂസീവ് ഷോയാണ് സൂപ്പര്‍സ്ലാമിന്റെ മുഖ്യ ആകര്‍ഷണം. റെസ്‌ലിങ് ഇതിഹാസതാരങ്ങളായ എറിക് ബിഷോഫ്, ദി ഗ്രേറ്റ് ഖാലി, കെവിന്‍ നാഷ്, മാര്‍ക്ക് ഹെന്റി, ‘റോഡ് വാരിയര്‍’ അനിമല്‍ എന്നറിയപ്പെടുന്ന ജോസഫ് മൈക്കല്‍ ലൗറിനാറ്റിസ്, റെസ്‌ലിങ് എന്റര്‍ടെയിന്‍മെന്റിലെ സൂപ്പര്‍താരങ്ങളായ ആല്‍ബര്‍ട്ടോ ഡെല്‍ റിയോ, റോബ് വാന്‍ ഡാം, പിജെ ബ്ലാക്ക്, ബ്രയാന്‍ കേജ്, എന്‍സോ, മാറ്റ് സിഡല്‍, റിച്ച് സ്വാന്‍, ക്രിസ് റാബെര്‍, അലോഫ, കാപ്രിസ് കോള്‍മാന്‍, ബ്രയാന്‍ പില്‍മാന്‍ ജൂനിയര്‍, അപ്പോളോ, കാര്‍ലിറ്റോ, ക്രിസ് മാസ്റ്റേഴ്‌സ്, മാറ്റ് ക്രോസ്, ജോണി സ്റ്റോം, ജോഡി ഫ്‌ളെയിഷ്, മില്‍ മ്യുയെര്‍ട്ടസ് എന്നിവരുടെ പ്രകടനം തല്‍സമയം ആസ്വദിക്കാന്‍ അവസരമുണ്ടാകും. ക്യുപിഡബ്ല്യു വേള്‍ഡ് ടൈറ്റില്‍ ചാമ്പ്യന്‍ഷിപ്പ് നിലവില്‍ മെക്‌സിക്കന്‍ അമേരിക്കന്‍ പ്രൊഫഷണല്‍ റെസ്‌ലറായ ആല്‍ബര്‍ട്ടോ ഡെല്‍ റിയോയിലാണ്. രണ്ടാമത് സൂപ്പര്‍സ്ലാമില്‍ നാല് ചാമ്പ്യന്‍ഷിപ്പ് ടൈറ്റില്‍ മത്സരങ്ങളുണ്ടാകും.
ക്യുപിഡബ്ല്യു ടാഗ് ടീം, ക്യുപിഡബ്ല്യു കിംഗ് ഓഫ് ലാഡര്‍, ക്യുപിഡബ്ല്യു മിഡില്‍ ഈസ്റ്റ്, ക്യുപിഡബ്ല്യു വേള്‍ഡ് ടൈറ്റില്‍ എന്നിവ. കിരീടത്തിനായുള്ള മത്സരങ്ങള്‍ക്കിടെ നിരവധി സിംഗിള്‍ മത്സരങ്ങള്‍ ആസ്വദിക്കാനും പ്രേക്ഷകര്‍ക്ക് അവസരമുണ്ടായിരിക്കും. 2017ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് ഹൗസ്ഫുള്ളായിരുന്നു. 2020 എഡീഷന്‍ അതിനേക്കാള്‍ വിപുലമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്. അപ്പോളോ ജൂനിയര്‍, ഡോഗ് കരാസ്, വൈറ്റ് ഈഗിള്‍, ട്രിസ്റ്റന്‍ ആര്‍ച്ചര്‍ എന്നിവരും സൂപ്പര്‍സ്ലാമില്‍ സാന്നിധ്യമറിയിക്കും. മത്സര വൈവിധ്യവും സൂപ്പസ്റ്റാറുകളുടെ സാന്നിധ്യവും ആസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഈവന്റുകളിലൊന്നാണിത്. കായികാസ്വാദകര്‍ക്ക് അവിസരണീയമായ അനുഭവം പകരുന്നതായിരിക്കും ലോകോത്തര സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യമെന്ന് ക്യുപിഡബ്ല്യു ചെയര്‍മാന്‍ അലി അഹമ്മദ് അല്‍മറാഫി പറഞ്ഞു. വീടുകളുടെ സുഖസൗകര്യങ്ങളില്‍ നിന്ന് ഗെയിം തത്സമയം കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കി ഫൈറ്റ് ടിവി മുഖേന ആസ്വദിക്കാനാകും. മത്സരദിവസം വൈകുന്നേരം ആറിന് ഗേറ്റുകള്‍ തുറക്കും. രാത്രി എട്ടിന് ഷോ തുടങ്ങും. നാലു വിഭാഗങ്ങളിലായാണ് ടിക്കറ്റ്. ബ്രോണ്‍സ് വിഭാഗത്തില്‍ 70 റിയാലും സില്‍വറിന് 250 റിയാലും ഗോള്‍ഡിന് 500 റിയാലും വിഐപി ടിക്കറ്റിന് 1000 റിയാലുമാണ് വില. മിഡില്‍ഈസ്റ്റിലെ ആദ്യത്തെയും ഏകവുമായ പ്രൊഫഷണല്‍ റെസ്‌ലിങ് അസോസിയേഷനാണ് ഖത്തര്‍ പ്രൊ റെസ്‌ലിങ്. ദോഹയില്‍ 2013ലാണ് സ്ഥാപിതമായത്.

error: Content is protected !!