
ദോഹ: അക്ബര്‍ ട്രാവല്‍സ് ഖത്തറും റേഡിയോ സുനോ 91.7 എഫ് എമ്മും ചേര്‍ന്നൊരുക്കിയ അമ്മമാരോടൊപ്പം യാത്രാ പരിപാടി ശ്രദ്ധേയമായി. ഖത്തറില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരാശയം റേഡിയോ സ്റ്റേഷന് മുന്നോട്ട് വെക്കുന്നത്. ഖത്തറില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അജീഷിന്റെ അമ്മ രമ, പ്രിയേഷിന്റെ അമ്മ രോഹിണി, യഹിയയുടെ ഉമ്മ മറിയം, രാജു നായരുടെ അമ്മ നളിനി, തൗഫീഖിന്റെ ഉമ്മ താജുന്നിസ എന്നിവര്‍ക്കാണ് ഖത്തര്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്. ഖത്തറിലെ എല്ലാ പ്രധാനയിടങ്ങളും അമ്മമാര്‍ സന്ദര്‍ശിച്ചു.
ഖത്തറിലെ കൃഷി പ്രേമികളുടെ കൂട്ടായ്മയായ കൃഷിയിടം ഖത്തറൊരുക്കിയ ചായസല്‍ക്കാരം സൊറ പറച്ചിലിന്റെയും സ്നേഹ സംഭാഷണങ്ങളുടെ നല്ല നിമിഷങ്ങളായി. മക്കളൊടൊപ്പം ഷോപ്പിങ്ങിന് അവസരമൊരുക്കിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും അമ്മയോടോപ്പത്തിന്റെ ഭാഗമായി. ആര് ജെ സിനൊപ്പം പാട്ടു പാടിയും കൂട്ട് കൂടിയും അഞ്ചു ദിനങ്ങള്‍ അമ്മമാര്‍ ആഘോഷിച്ചു. അമ്മയോടൊപ്പം എന്ന പ്രോഗ്രാമിലുടെ ഓര്‍മ്മപ്പെടുത്തുന്നത് ഒരിക്കലെങ്കിലും ഓരോ പ്രവാസിയും സ്വന്തം അമ്മമാരെ ഖത്തറിലേയ്ക്ക് കൊണ്ടുവരണമെന്ന ആശയമാണെന്ന് റേഡിയോ സുനോ മാനേജിങ് ഡയറക്ടര്‍ കൃഷ്ണകുമാറും അമീര്‍ അലിയും പറഞ്ഞു.