in

റോഡപകടങ്ങളില്‍ ഗണ്യമായ കുറവ്; മരണങ്ങളും കുറഞ്ഞു

ദോഹ: ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഗതാഗത അപകടങ്ങളില്‍ ഗണ്യമായ കുറവ്. 2019ലെ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ വിശദീകരിക്കുന്നതിനായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സഅദ് അല്‍ഖറജിയും ഉന്നത ഉദ്യോഗസ്ഥരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
2018നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ഖത്തറില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ 4.3ശതമാനത്തിന്റെയും ഡ്രൈവിങ് ലൈസന്‍സുകളുടെ എണ്ണത്തില്‍ 5.5 ശതമാനത്തിന്റെയും വര്‍ധനവുണ്ടായെങ്കിലും ഗതാഗത സാഹചര്യങ്ങള്‍ 2018നേക്കാള്‍ മെച്ചപ്പട്ടതായി ആഭ്യന്തരമന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് ഓഫീസ് മേധാവി ബ്രിഗേഡിയര്‍ ഇബ്രാഹിം സഅദ് അല്‍സുലൈത്തി പറഞ്ഞു.
2018നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ആകെ ട്രാഫിക് അപകടങ്ങളുടെ എണ്ണത്തില്‍ 2.8ശതമാനം കുറവുണ്ടായതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി 97ശതമാനം അപകടങ്ങളും പരിക്കില്ലാത്ത ചെറിയ അപകടങ്ങളാണ്.
കേവലം മൂന്നു ശതമാനം മാത്രമാണ് ഗുരുതരമായ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത അപകടങ്ങള്‍. ആകെ ഗതാഗത അപകടങ്ങളില്‍ 0.1ശതമാനം മാത്രമാണ് മരണത്തിനിടയാക്കിയ അപകടങ്ങള്‍. മരണത്തിനിടയാക്കിയ അപകടങ്ങള്‍ കഴിഞ്ഞവര്‍ഷം 13ശതമാനം കുറഞ്ഞു. ഗതാഗത അപകടങ്ങളില്‍ മരണമടഞ്ഞവരുടെ എണ്ണത്തില്‍ 8.3ശതമാനത്തിന്റെ കുറവുണ്ടായി.
കഴിഞ്ഞവര്‍ഷം ആകെ 154 ഗതാഗത അപകടമരണങ്ങളാണുണ്ടായത്. 2018ല്‍ 168 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഗതാഗത അപകടങ്ങളില്‍ 154പേര്‍ മരിച്ചതില്‍ 42 പേര്‍ ഖത്തരി സ്വദേശികളാണ്. ആകെ മരണത്തിന്റെ 27.3ശതമാനം. സ്വദേശികളുടെ മരണനിരക്കില്‍ 2018നെ അപേക്ഷിച്ച് 6.7ശതമാനത്തിന്റെ കുറവുണ്ട്.
31 അറബ് സ്വദേശികളാണ് അപകടങ്ങളില്‍ മരണപ്പെട്ടത്, 20.1ശതമാനം. 81 വിദേശികളായ പ്രവാസികളും അപകടങ്ങളില്‍ മരണപ്പെട്ടു. 52.6ശതമാനം വരുമിത്. തൊട്ടുമുന്‍പത്തെ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 2019ല്‍ ഒരുലക്ഷം പേരില്‍ ഗതാഗത അപകടമരണത്തിന്റെ നിരക്ക് 10.2ശതമാനമായി കുറഞ്ഞു.
ഗതാഗത അപകടങ്ങളുടെ തീവ്രത കഴിഞ്ഞവര്‍ഷം 16.2ശതമാനം കുറഞ്ഞു. കാല്‍നടയാത്രികര്‍ അപകടങ്ങളില്‍പ്പെടുന്നത് പ്രതിരോധിക്കുന്നതിനായി അശ്ഗാല്‍ കാല്‍നട ക്രോസിങുകള്‍, തുരങ്കങ്ങള്‍, പാലങ്ങള്‍ എന്നിവയെല്ലാം നിര്‍മിച്ചിട്ടുണ്ട്. 2019ലെ ആകെ ഗതാഗത അപകട മരണങ്ങളില്‍ 28.6ശതമാനമാണ് കാല്‍നടയാത്രികരുള്‍പ്പെട്ട മരണങ്ങള്‍. ഖത്തറിലെ ഗതാഗത അപകട സൂചകങ്ങള്‍ ആഗോളതലത്തിലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ ആഗോളശരാശരിയേക്കാള്‍ കുറവാണെന്ന് ബ്രിഗേഡിയര്‍ ഇബ്രാഹിം സഅദ് അല്‍സുലൈത്തി പറഞ്ഞു.
ഓരോ ഒരുലക്ഷം പേരിലും ഖത്തറിലെ അപകടമരണനിരക്ക് 4.4 ആണ്. ഇത് ആഗോളശരാശരിയായ 18.2നെക്കാള്‍ 5.8ശതമാനം കുറവാണ്. ഖത്തറില്‍ ഗതാഗത അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 91.6ശതമാനം പേരും പുരുഷന്‍മാരാണ്, 8.4ശതമാനം പേരാണ് വനിതകള്‍.
ഗതാഗത അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ പകുതിയോളം അതായത് 48.1ശതമാനം പേരും 20നും 39 വയസിനുമിടയില്‍ പ്രായമുള്ളവരാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ചില സര്‍ക്കാരുകള്‍ ചാരപ്പണി നടത്തുന്നു: എന്‍എച്ച്ആര്‍സി ചെയര്‍മാന്‍

കൂടിക്കാഴ്ച