
ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ(പിഎച്ച്‌സിസി) കീഴിലുള്ള റൗദത്ത് അല്‍ഖയ്ല്‍ ഹെല്‍ത്ത് സെന്ററിലെ ക്യാന്‍സര്‍ പരിശോധനാ സ്യൂട്ടിന്റെ ശേഷി വര്‍ധിപ്പിച്ചു.രാജ്യത്തിന്റെ മധ്യമേഖലയിലെ ഏറ്റവും സുപ്രധാനമായ ഹെല്‍ത്ത് സെന്ററുകളിലൊന്നാണ് റൗദത്ത് അല്‍ഖയ്ല്‍. ഖത്തരികളും പ്രവാസികളും തിങ്ങിപ്പാര്‍ക്കുന്ന അതീവ ജനസാന്ദ്രതയുള്ള മേഖലകളിലൊന്നാണിത്.
ഈ മേഖലയുടെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്താണ് ഹെല്‍ത്ത് സെന്ററിലെ പരിശോധനാ സ്യൂട്ട് നവീകരിച്ചിരിക്കുന്നത്. കൂടുതല്‍ നഴ്‌സസ് റൂമുകള്‍, സ്‌ക്രീനിങ് റൂമുകള്‍, ഫോളോഅപ്പ് റൂമുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ പ്രവേശനകവാടങ്ങള്‍, കാത്തിരിപ്പ് സ്ഥലങ്ങള്‍ എന്നിവയുമുണ്ട്. പ്രതിദിനം 180 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലേക്കാണ് സ്യൂട്ടിന്റെ ശേഷി ഉയര്‍ത്തിയത്.
അര്‍ബുദം നേരത്തെ തിരിച്ചറിയുന്നതിനുള്ള ദേശീയ ബോധവത്കരണ പരിപാടിയായ സ്‌ക്രീന്‍ ഫോര്‍ ലൈഫിന്റെ ഭാഗമായാണ് റൗദത്ത് അല്‍ഖയ്‌ലിലെ പരിശോധനാ സ്യൂട്ട്. വഖ്‌റ, ലബൈബ് ഹെല്‍ത്ത് സെന്ററുകളിലും സമാനമായ സ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ലബൈബിലും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു.
ക്യാന്‍സര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ പ്രതിവാരം കൈകാര്യംചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം 2,000 ആയി ഉയരും. ഉദര, സ്തനാര്‍ബുദം തിരിച്ചറിയുന്നതിനായി സമയബന്ധിതമായി പരിശോധനയ്ക്ക് വിധേയരാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ചെലുത്താന്‍ സ്‌ക്രീന്‍ ഫോര്‍ ലൈഫിലൂടെ സാധിച്ചതായി പിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍ ഡോ.മറിയം അബ്ദുല്‍മാലിക്ക് പറഞ്ഞു.
ലബൈബ്, റൗദത്ത് ഖയ്ല്‍ പരിശോധനാ സ്യൂട്ടുകളുടെ വികസനത്തിലൂടെ പ്രതിദിനം കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനാകുമെന്നും അവര്‍ പറഞ്ഞു. അര്‍ബുദത്തിന്റെ പ്രകടമായ ലക്ഷണം ഇല്ലാത്തവരെയാണ് പരിശോധനക്കായി പ്രോത്സാഹിപ്പിക്കുന്നത്. സ്വകാര്യത കാത്തുസൂക്ഷിച്ചു കൊണ്ട് നടത്തുന്ന പരിശോധനയിലൂടെ രോഗം നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ സാധ്യമാക്കി രോഗത്തിന്റെ അപകട സാധ്യത കുറക്കാനാണ് ലക്ഷ്യമിടുന്നത്.
45നും 69നും ഇടയില്‍ പ്രായമുള്ള സ്താനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്ലാത്ത വനിതകളെയാണ് ക്യാമ്പയിന്‍ ലക്ഷ്യംവയ്ക്കുന്നത്. അര്‍ബുദത്തിന്റെ ലക്ഷണമില്ലാത്ത 50നും 74നും ഇടയില്‍ പ്രായമുള്ള എല്ലാ വനിതകളെയും പുരുഷന്‍മാരേയുമാണ് ഉദരാര്‍ബുദ പരിശോധനക്കായി പ്രോത്സാഹിപ്പിക്കുന്നത്.
റൗദത്ത് ഖയ്‌ലിലെ വികസനത്തിലൂടെ സ്തനാര്‍ബുദ പരിശോധനയ്ക്ക് ഒരു അപ്പോയിന്‍മെന്റിന് 20 മിനുട്ടില്‍ താഴെമാത്രം സമയമാണ് ആവശ്യമായിവരിക. രണ്ടാമതൊരു മാമ്മോഗ്രാം റൂമും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രതിദിനം 90 പേരെയും പ്രതിവാരം 450പേരെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.
ഉദരാര്‍ബുദ പരിശോധനാ സൗകര്യത്തില്‍ പ്രതിദിനം 96 പേരെയും പ്രതിവാരം 480 പേരെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളുണ്ട്. ഫരീജ് അബ്ദുല്‍ അസീസ്, ഫരീജ് ബിന്‍ മഹ്മൂദ്, നജ്മ, അല്‍മന്‍സൂറ, അല്‍മുന്‍തസ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് റൗദത്ത് ഖയ്‌ലിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. അപ്പോയിന്‍മെന്റുകള്‍ക്കായി 8001112 എന്ന നമ്പരില്‍ ബന്ധപ്പെടണം. അപ്പോയിന്‍മെന്റ് സമയത്തിനു അരമണിക്കൂര്‍ മുമ്പ് എത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.