
ദോഹ: ഡയമണ്ട്ലീഗ് ലണ്ടന്‍ ടൂറില്‍ ശക്തമായ തിരിച്ചുവരവുമായി ഖത്തരി ചാമ്പ്യന്‍ മുതാസ് ഇസ ബര്‍ഷിം. ഡയമണ്ട്ലീഗ് സീരിസിലെ പത്താം റൗണ്ടായ ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പില്‍ ബര്‍ഷിമിന് രണ്ടാം സ്ഥാനം. പരിക്കിനെത്തുടര്‍ന്ന് 13 മാസത്തെ ഇടവേളയ്ക്കുശേഷം അടുത്തിടെയാണ് ബര്‍ഷിം മത്സരവേദിയിലേക്ക് തിരിച്ചെത്തിയത്.
ലണ്ടനില്‍ 2.30 മീറ്റര്‍ ഉയരം മറികടന്ന സിറിയയുടെ മാജിദുദ്ദീന് ഗസാലാണ് ഒന്നാമതെത്തിയത്. മുതാസ് ബര്‍ഷിമിന് 2.27 മീറ്റര്‍ ഉയരം മറികടക്കാനെ സാധിച്ചുള്ളു. 2.24 മീറ്റര്‍ ഉയരം മറികടന്ന ബള്‍ഗേറിയയുടെ തിഹോമിര്‍ ഇവാനോവ് മൂന്നാമതെത്തി. ഒരുവര്‍ഷത്തിലധികം ഇടവേളയ്ക്കുശേഷം ബര്‍ഷിം പങ്കെടുത്ത ആദ്യ ഡയമണ്ട് ലീഗ് മത്സരമായിരുന്നു ലണ്ടനിലേത്.
സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെ ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി വിപുലമായ പരിശീലനത്തിലും തയാറെടുപ്പുകളിലുമാണ് ബര്‍ഷിം. ഹൈജമ്പില്‍ ബര്‍ഷിമിന്റെ മികച്ച വ്യക്തിഗത പ്രകടനം 2.43 മീറ്ററാണ്. ലണ്ടന്‍ ഡയമണ്ട്ലീഗിലെ ബര്‍ഷിമിന്റെ പ്രകടനത്തെ ഖത്തര്‍ അത്ലറ്റിക്സ് ഫെഡറേഷന് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ തലാല്‍ മന്‍സൂര്‍ പ്രശംസിച്ചു.