
ദോഹ: ലാറ്റിനമേരിക്കയിലെ പ്രമുഖ എയര്‍ലൈന്‍ ഗ്രൂപ്പായ ലതാം എയര്‍ലൈന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഖത്തറില്‍ ചേര്‍ന്നു. ഖത്തര്‍ എയര്‍വേയ്‌സാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്. ലതാമിന്റെ സീനിയര്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരും ഖത്തറിലെത്തിയിരുന്നു. ഒക്ടോബര്‍ 13 മുതല്‍ 15വരെയായിരുന്നു ലതാം ഡയറക്ടര്‍മാരുടെ സന്ദര്‍ശനവും ബോര്‍ഡ് യോഗവും. ഖത്തര്‍ എയര്‍വേയ്‌സിന്റെ അത്യാധുനിക സൗകര്യങ്ങളിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ലോഞ്ചുകളിലും സംഘം സന്ദര്‍ശനം നടത്തി. ലതാമും ഖത്തര്‍ എയര്‍വേയ്‌സും തമ്മിലുള്ള കോഡ് ഷെയര്‍ പങ്കാളിത്തത്തിന്റെ വിപുലീകരണവും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചു. ബ്രസീലിലെ വിവിധ നഗരങ്ങളിലേക്കും ദക്ഷിണ അമേരിക്കയിലേക്കും ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാസാധ്യതകള്‍ തുറന്നുനല്‍കുന്നതാണ് പുതിയ കരാര്‍. ബ്രസീലിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് വിവിധ ബ്രസീല്‍ നഗരങ്ങളിലേക്ക് കണക്ടിറ്റിവിറ്റി ലഭിക്കും.
സാവോപോളയുടെ ഗ്വറള്‍ഹോസ് വിമാനത്താവളവും ബ്രസീലിലെ 25 ആഭ്യന്തരനഗരങ്ങള്‍ക്കുമിടയിലുള്ള ലതാമിന്റെ റൂട്ടുകളില്‍ ഖത്തര്‍എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് യാത്രസൗകര്യം ലഭിക്കും.
ലതാം ബോര്‍ഡിനെയും സീനിയര്‍ മാനേജ്‌മെന്റിനെയും ദോഹയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ദോഹയിലേക്കുള്ള ക്ഷണത്തിന് നന്ദി അറിയിക്കുന്നതായി ലതാം എയര്‍ലൈന്‍സ് ഗ്രൂപ്പ് സിഇഒ എന്റിക്വ് ക്യൂട്ടോ പറഞ്ഞു.