in , ,

ലിബിയ: അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ പ്രസ്താവനക്കെതിരെ ഖത്തര്‍

അടിയന്തര യോഗ തീരുമാനത്തിന് വിരുദ്ധമാണ് പ്രസ്താവന

ദോഹ: ലിബിയ സംബന്ധിച്ച് അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ പ്രസ്താവനയില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ഖത്തര്‍. സെക്രട്ടറി ജനറല്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം ലിബിയയിലെ അറബ് ഇതര സൈനിക ഇടപെടല്‍ മാത്രമാണ് തള്ളിക്കളഞ്ഞത്.
ലിബിയ സംബന്ധിച്ച അടിയന്തര യോഗ തീരുമാനത്തിന് വിരുദ്ധമാണ് സെക്രട്ടറി ജനറലിന്റെ പ്രസ്താവനയെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഡിസംബര്‍ 31 ന് നടന്ന അറബ് ലീഗിന്റെ അടിയന്തര യോഗത്തെത്തുടര്‍ന്ന് അംഗരാജ്യങ്ങള്‍ എടുത്ത തീരുമാനത്തെ ലംഘിക്കുന്നതാണ് സെക്രട്ടറി ജനറലിന്റെ പ്രസ്താവന.
ലിബിയയില്‍ പൊതുവായ വിദേശ ഇടപെടലിനെ തള്ളിക്കളയുന്നതാണ് അംഗരാജ്യങ്ങള്‍ കൈക്കൊണ്ട തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനും സമഗ്രമായ ലിബിയന്‍ സംഭാഷണം നടത്തുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വിധത്തില്‍ ലിബിയയിലെ സായുധ മിലിഷിയകളെ പിന്തുണക്കുന്ന ചില അറബ് രാജ്യങ്ങളുടെ ഇടപെടലുകളെ പരാമര്‍ശിക്കുന്നതിലും സെക്രട്ടറി ജനറലിന്റെ പ്രസ്താവന പരാജയപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അറബ് ലീഗിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പരാമര്‍ശങ്ങളുടെ തെരഞ്ഞെടുപ്പ് സ്വഭാവം ആശ്ചര്യകരമാണെന്നും ലീഗ് പ്രതിഫലിപ്പിക്കേണ്ട അറബ് സമവായത്തെ അതില്‍ സൂചിപ്പിക്കുന്നില്ലെന്നും ഖത്തര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ട്രിപ്പോളിക്കെതിരായ ആക്രമണത്തില്‍ അറബ് പാര്‍ട്ടികള്‍ സായുധ മിലിഷിയകളെ പിന്തുണയ്ക്കുമ്പോള്‍ മാസങ്ങളോളം അറബ് ലീഗ് നിശബ്ദത പാലിച്ചിരുന്നുവെന്നും അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരില്‍ നിന്ന് അധികാരം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ലിബിയന്‍ ജനതയെ ഭയപ്പെടുത്തിയെന്നും പ്രസ്താവന ഉയര്‍ത്തിക്കാട്ടി.
എല്ലാ അംഗരാജ്യങ്ങളുടെയും നിലപാട് വ്യക്തമാക്കുമ്പോള്‍ കൂടുതല്‍ കൃത്യമായിരിക്കണമെന്ന് അറബ് ലീഗ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടേറിയറ്റിനോട് ഖത്തര്‍ ആവശ്യപ്പെട്ടു.
ലിബിയയിലെ നിയമാനുസൃത സര്‍ക്കാരിനുള്ള പിന്തുണ ഖത്തര്‍ ആവര്‍ത്തിച്ചുവ്യക്തമാക്കി. കൂലിപ്പടയാളികളെയും സായുധ തീവ്രവാദ സേനയെയും പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ഖത്തര്‍ ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബോട്ടുകള്‍ക്കായി പുതിയ ബെര്‍ത്തുകള്‍: നിര്‍മാണം പുരോഗമിക്കുന്നു

യുകെയിലേക്ക് ഖത്തറിന്റെ ക്ഷീരോത്പന്നങ്ങളുടെ കയറ്റുമതിക്ക് പദ്ധതി