
ദോഹ: ഖത്തര്‍ സുസ്ഥിരതാ പദ്ധതിയുമായി ബന്ധപ്പെട്ട് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സുസ്ഥിരതാ പുരസ്‌കാരം. സെന്റ് റീഗ്‌സ് ഹോട്ടലില്‍ ആരംഭിച്ച വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭ പരിസ്ഥിതി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബെഇയില്‍ നിന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് പുരസ്‌കാരം ഏറ്റുവാങ്ങി.
ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ഡവലപ്‌മെന്റ് (ഗോര്‍ഡ്) സ്ഥാപക ചെയര്‍മാന്‍ ഡോ. യൂസഫ് അല്‍ ഹോറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഗോര്‍ഡിനൊപ്പം ഖത്തര്‍ സുസ്ഥിരതാ സമ്മേളനത്തിന്റെ ഹരിത റിട്ടെയ്ല്‍ പങ്കാളി കൂടിയാണ് ലുലു. ലുലുവിന്റെ പരിസ്ഥിതി സൗഹൃദ നടപടികളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കി 2005 മുതല്‍ ഉപഭോക്താക്കള്‍ക്കായി ജീര്‍ണിക്കുന്ന തരം ബാഗുകള്‍, പുനരുപയോഗ ബാഗുകള്‍ എന്നിവയുടെ വിതരണമടക്കം നിരവധി പദ്ധതികളാണ് ലുലു നടപ്പാക്കുന്നത്.
ഐ ചൂസ് ടു റീയൂസ് എന്ന മുദ്രാവാക്യവുമായി ഡി റിങ് റോഡിലെ ലുലുവില്‍ അവതരിപ്പിച്ച പുനരുപയോഗ ബാഗുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഉപഭോക്താക്കള്‍ക്ക് പ്രകൃതിക്ക് ഇണങ്ങിയ കാരിബാഗുകള്‍ കടമായി നല്‍കുന്ന പദ്ധതിയും നടപ്പാക്കി.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയാണിത്.