
ദോഹ: ലുലുവ ബിന്‍ത് റാഷിദ് അല്‍ഖാതിറിനെ വിദേശകാര്യ സഹ മന്ത്രിയായി നിയമിച്ചുകൊണ്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ വിദേശകാര്യമന്ത്രാലയത്തിലെ ഔദ്യോഗിക വക്താവാണ് അല്‍ഖാതിര്‍. അസിസ്റ്റന്റ് മന്ത്രിയെന്നതിനൊപ്പം വിദേശകാര്യമന്ത്രാലയം വക്താവ് എന്നനിലയിലുള്ള ചുമതലകളും അല്‍ഖാതിറില്‍ നിക്ഷിപ്തമായിരിക്കും.
ഇതുമായി ബന്ധപ്പെട്ട് 2019ലെ 56-ാം നമ്പര്‍ അമീരി ഉത്തരവാണ് അമീര്‍ പുറപ്പെടുവിച്ചത്. ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ പ്രാബല്യത്തിലാകും. വിവിധ വിഷയങ്ങളില്‍ ഖത്തറിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ ലുലുവ അല്‍ഖാതിറിന്റെ മികവ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഉപരോധം, ഫലസ്തീന്‍ വിഷയം ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ ഖത്തറിന്റെ നിലപാടുകളും സമീപനവും ആഗോള മാധ്യമങ്ങളിലുള്‍പ്പടെ സമഗ്രമായി അവതരിപ്പിക്കാനും ഖത്തറിന്റെ നിലപാടുകള്‍ക്ക് സ്വീകാര്യത നേടാനും സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അല്‍ഖാതിറിന്റെ പങ്ക് പ്രശംസനീയമായിരുന്നു.
ലുലുവ അല്‍ഖാതിറിന്റെ നിയമനത്തെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് എന്ന നിലയില്‍ മികവ് തെളിയിച്ചതിനും അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയായി നിയമിച്ചതില്‍ അമീറിന്റെ ആത്മവിശ്വാസം നേടിയതിനും അഭിനന്ദിക്കുന്നു. രാജ്യസേവനത്തില്‍ എല്ലാ വിജയവും നേരുന്നതായും അദ്ദേഹം ആശംസിച്ചു.