
ദോഹ: ലുസൈലിലെ ആഡംബര പദ്ധതിയായ ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ പതിനാറ് ഒഴുകുന്ന ഹോട്ടലുകള്‍(ഫ്‌ളോട്ടിങ് ഹോട്ടലുകള്‍) സജ്ജമാക്കുന്നു. 2022ലെ ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് വിപുലമായ ആഡംബര പദ്ധതി നടപ്പാക്കുന്നത്. കടലിലൂടെ ഒഴുകുന്ന ഹോട്ടലുകള്‍ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ താമസാനുഭവമായിരിക്കും സമ്മാനിക്കുക. ഖതൈഫാന്‍ ദ്വീപില്‍ 16 ഹോട്ടലുകള്‍ നിര്‍മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള കരാറില്‍ കത്താറ ഹോസ്പിറ്റാലിറ്റിയുടെ കീഴിലുള്ള ഖതൈഫാന്‍ പ്രൊജക്ട്‌സും അഡ്‌മേഴ്‌സ് കണ്‍സ്ട്രക്ഷന്‍ ആന്റ് ട്രേഡിങും ഒപ്പുവെച്ചു. ഫിഫ ലോകകപ്പിനെത്തുന്നവര്‍ക്ക് ഫാന്‍ വില്ലേജുകള്‍ക്കുള്ളില്‍തന്നെ താമസസൗകര്യമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സവിശേഷമായ രൂപകല്‍പ്പനയായിരിക്കും ഹോട്ടലുകളുടേത്. 72 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുണ്ടായിരിക്കും. ഓരോ ഹോട്ടലിലും 101 അതിഥിറൂമുകളുണ്ടാകും.ഇതിനുപുറമെ റസ്റ്റോറന്റ്, ലോഞ്ച് ബാര്‍ എന്നിവയും ഉള്‍ക്കൊള്ളും. നാലുനിലകള്‍ വീതമുള്ള പതിനാറ് ഹോട്ടലുകളും സമാനമായ രൂകപല്‍പ്പനയിലുള്ളവയായിരിക്കും. പതിനാറ് ഹോട്ടലുകളിലുമായി 1616 ഒഴുകുന്ന ഹോട്ടല്‍റൂമുകളാകും ഉണ്ടാകുക. കര്‍ശനമായ ഊര്‍ജ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും ഹോട്ടലുകളുടെ നിര്‍മാണം. മുഖ്യമായും സൗരോര്‍ജത്തെ ആശ്രയിച്ചായിരിക്കും പ്രവര്‍ത്തനം. ഫിന്നിഷ് ആര്‍ക്കിടെക്റ്റ് സ്ഥാപനമായ സിഗ് ആര്‍ക്കിടെക്റ്റ്‌സ് ആണ് ഹോട്ടലുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. താമസ ആവശ്യങ്ങള്‍ക്കുള്ള താല്‍ക്കാലിക പരിഹാരമായി ഫ്‌ളോട്ടിങ് റിയല്‍എസ്റ്റേറ്റ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഈ ഹോട്ടലുകള്‍ക്ക് വലിയ തുറമുഖങ്ങളും ആഴത്തിലുള്ള വെള്ളവും ആവശ്യമില്ല. കാരണം അവയുടെ ഡ്രാഫ്റ്റ് വലിയ ക്രൂയിസ് കപ്പലുകളേക്കാള്‍ വളരെ കുറവാണെന്ന് അഡ്‌മേഴ്സ് സിഇഒ മൈക്കല്‍ ഹെഡ്ബര്‍ഗ് ചൂണ്ടിക്കാട്ടി. ലോകകപ്പിന് ശേഷം കുറഞ്ഞത് നാലു മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള ഏത് തീരപ്രദേശത്തും ഹോട്ടലുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയും. ഫിഫ ലോകകപ്പിന് ആവശ്യമായ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാകുന്നതില്‍ വേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ സമീപത്താണ് ഖതൈഫാന്‍ നോര്‍ത്ത് ദ്വീപ്. ലോകകപ്പിനു മുമ്പും ശേഷവും ഖത്തറിലേക്ക് വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളോട്ടിങ് ഹോട്ടലുകള്‍ ഉള്‍പ്പടെ സജ്ജമാക്കുന്നത്.
ലുസൈല്‍ സിറ്റിക്ക് അരികെയാണ് ഖതൈഫാന്‍ ദ്വീപ്. ലുസൈല്‍ സിറ്റി വികസന പദ്ധതിയിലെ പ്രധാന ഘടകമാണ് ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്ത്. ഇതില്‍ ആഡംബര സ്വഭാവമുള്ള വാട്ടര്‍ പാര്‍ക്, ആഡംബര ഹോട്ടലുകള്‍, മികവുറ്റതും മനോഹരവുമായ താമസകേന്ദ്രം, ലോകോത്തര ആഡംബര താമസസൗകര്യങ്ങള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.