in , , , ,

ലോകകപ്പിനായുള്ള തയാറെടുപ്പുകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നു

ഹസന്‍ അല്‍തവാദി.

2020 ആദ്യപകുതിക്കുള്ളില്‍ മൂന്നു സ്റ്റേഡിയങ്ങള്‍ കൂടി സജ്ജമാകും

ദോഹ: ലോകകപ്പിനായുള്ള തയാറെടുപ്പുകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി. 2022 ഫിഫ ലോകകപ്പ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18വരെയാണ്. ലോകകപ്പിന് ഇനി മൂന്നുവര്‍ഷം കൂടി ബാക്കിനില്‍ക്കെ കൗണ്ട്ഡൗണുമായി ബന്ധപ്പെട്ട് സുപ്രീംകമ്മിറ്റിക്കു നല്‍കിയ അഭിമുഖത്തിലാണ് അല്‍തവാദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2022 ലോകകപ്പിനുള്ള സന്നദ്ധത പരീക്ഷിക്കുന്നിനുള്ള സുവര്‍ണാവസരമാണ് അറേബ്യന്‍ ഗള്‍ഫ് കപ്പും ഫിഫ ക്ലബ്ബ് ലോകകപ്പുമെന്നും അല്‍തവാദി പറഞ്ഞു. ഫിഫ ലോകകപ്പിനായി രണ്ടു സ്റ്റേഡിയങ്ങള്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തവര്‍ഷം ആദ്യ പകുതിക്കുള്ളില്‍ മൂന്നു സ്റ്റേഡിയങ്ങള്‍ കൂടി പ്രവര്‍ത്തനസജ്ജമാകും. 2021 അവസാനത്തിനുള്ളില്‍ എട്ടു സ്റ്റേഡിയങ്ങളും ഉദ്ഘാടനം ചെയ്യപ്പെടും.
എല്ലാ ദേശീയ അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങളും നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ച് പൂര്‍ത്തിയാക്കുന്നുണ്ട്. മെട്രോ സംവിധാനം പരീക്ഷിക്കുകയും കമ്മീഷന്‍ ചെയ്യുകയും ചെയ്യുന്നു. അടുത്തവര്‍ഷം ആദ്യപകുതിയോടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. ലോകകപ്പ് ആസ്വദിക്കാനെത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്നവര്‍ക്ക്് ബീച്ച്, വിനോദം, ആതിഥ്യാനുഭവം എന്നിവ പ്രതീക്ഷിക്കാം.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മികച്ച കാലാവസ്ഥയായിരിക്കും. ആസ്വാദകര്‍ക്ക് സാംസ്‌കാരിക പരിപാടികള്‍, സംഗീതകച്ചേരികള്‍, മരുഭൂമിയിലേക്കുള്ള യാത്രകള്‍, കടല്‍ത്തീരത്തേക്കുള്ള യാത്രകള്‍ എന്നിവ അനുഭവിക്കാന്‍ കഴിയും. മിഡില്‍ ഈസ്റ്റിലെയും ഇസ്ലാമിക ലോകത്തിലെയും ആദ്യത്തെ ലോകകപ്പിനെ സംബന്ധിച്ചിടത്തോളം, ഈ ലോകകപ്പിന്റെ പാരമ്പര്യം വളരെ വലുതാണെന്ന് വിശ്വസിക്കുന്നതായി അല്‍തവാദി പറഞ്ഞു.ഈ ടൂര്‍ണമെന്റ് ഖത്തറിലും മേഖലയിലും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ക്ക് കാരണമാകുമെന്ന് ഉറപ്പാക്കാന്‍ ഖത്തര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ലോകകപ്പ് ഖത്തറില്‍ ധാരാളം വ്യവസായങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. അവയില്‍ ചിലത് പരിസ്ഥിതി സുസ്ഥിരതയും ആതിഥ്യമര്യാദയുമായി ബന്ധപ്പെട്ടതാണ്. ലോകകപ്പ് മുന്‍നിര്‍ത്തി സോളാര്‍ ഫാമും ഖത്തര്‍ സജ്ജമാക്കുന്നുണ്ട്. തൊഴിലാളികളുടെ ക്ഷേമ പരിഷ്‌കരണങ്ങളില്‍ വലിയ മുന്നേറ്റവും പുരോഗതിയും കൈവരിക്കാനായതായും അല്‍തവാദി ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

പ്രഥമ പെര്‍ഫ്യൂംസ് കോസ്‌മെറ്റിക് പ്രദര്‍ശനത്തിന് തുടക്കമായി