
ദോഹ: ഫിഫ ലോകകപ്പിന്റെ അവിസ്മരണീയമായ പതിപ്പിനായിരിക്കും ഖത്തര്‍ 2022ല്‍ ആതിഥ്യം വഹിക്കുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടത്തുന്നത് ടൂര്‍ണമെന്റിനും കളിക്കാര്‍ക്കും ഏറെ അനുയോജ്യമായിരിക്കുമെന്നും അദ്ദേഹം റോമില്‍ പറഞ്ഞു. സാങ്കേതികമായി ഖത്തര്‍ ലോകകപ്പ് അത്ഭുതകരമായ ചാമ്പ്യന്‍ഷിപ്പായിരിക്കും. കളിക്കാര്‍ അവരുടെ മികച്ച ശാരീരിക സാങ്കേതികതലങ്ങളിലായിരിക്കുമ്പോഴാണ് ലോകകപ്പിനായി ഖത്തറിലെത്തുന്നത്. അത്തരത്തിലാണ് ടൂര്‍ണമെന്റിന്റെ സമയക്രമം. ല ഗസെറ്റ ഡെല്ലോ സ്‌പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തില്‍ ഇന്‍ഫന്റിനോ പറഞ്ഞു.
കഠിനമായ സീസണിനുശേഷം ടൂര്‍ണമെന്റിലേക്കു പോകുന്നതിനേക്കാള്‍ മികച്ചതായിരിക്കും ഈ സമയക്രമം. വേനലിലാണെങ്കില്‍ കഠിനമായ സീസണിനുശേഷം ലോകകപ്പിനായി പോകേണ്ടതായിവരും. ഖത്തറില്‍ അത്തരമൊരു സാഹചര്യമില്ല. ലോകകപ്പിലെ എല്ലാ മത്സരങ്ങളും 70 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് നടക്കുന്നതെന്നതും പോസിറ്റീവ് ആണ്- ഇന്‍ഫന്റിനോ പറഞ്ഞു. ടൂര്‍ണമെന്റ് അസാധാരണമായിരിക്കും. തങ്ങള്‍ അറിയാത്ത ലോകത്തിന്റെ ഒരു ഭാഗം ഈ ലോകകപ്പിലൂടെ കണ്ടെത്തും. സ്റ്റേഡിയങ്ങളില്‍ ആസ്വാദകര്‍ നിറഞ്ഞിരിക്കുമെന്ന് തനിക്ക് പൂര്‍ണബോധ്യമുണ്ട്. യൂറോപ്പില്‍ നിന്നും ഖത്തറിലേക്കുള്ള യാത്രക്ക് അഞ്ചു മുതല്‍ ആറു മണിക്കൂര്‍ മാത്രമാണ് സമയം ആവശ്യമായിവരിക.
ഇറ്റാലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ 48 ടീമുകളുമായി 2026 ലോകകപ്പ് നടത്താനുള്ള തന്റെ ആശയത്തെക്കുറിച്ചും ഇന്‍ഫന്റിനോ സംസാരിച്ചു. ലോകകപ്പ് ജനങ്ങളുടെ ചാമ്പ്യന്‍ഷിപ്പാണ്. റഷ്യയില്‍ ഇറ്റലി, നെതര്‍ലന്റ്, യുഎസ്, ചിലി, കാമറൂണ്‍ രാജ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ലോകകപ്പ് കൂടുതല്‍ തുറക്കുകയും കൂടുതല്‍ ഇടപെഴകല്‍ സാധ്യമാക്കുകയും ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ഇന്‍ഫന്റിനോ പറഞ്ഞു. സ്റ്റേഡിയങ്ങളിലെ വംശീയതയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പ്രശ്‌നങ്ങളെ തീര്‍ച്ചയായും ഒളിപ്പിക്കരുത്. താം അതിനെ അതിന്റെ എല്ലാ രൂപത്തിലും അപലപിക്കുകയും ദൃഢമായി പ്രവര്‍ത്തിക്കുകയും വേണം. പുതിയ നിയമങ്ങളും ഉപരോധങ്ങളുമായി മുന്നോട്ടുപോയതിന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവിനയോടു നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.