in ,

ലോകകപ്പ് ഔദ്യോഗിക ചിഹ്നം: ആഘോഷ രാവില്‍ പങ്കാളികളായി ആയിരങ്ങള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖത്തര്‍ 2022 ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പ്രദര്‍ശിപ്പിച്ചപ്പോള്‍

ദോഹ; 2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ അനാവരണം തല്‍സമയം വീക്ഷിക്കാന്‍ ദോഹയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍. സെപ്തംബര്‍ മൂന്ന് ചൊവ്വാഴ്ച രാത്രി 8.22നായിരുന്നു ചിഹ്നം കായികലോകത്തിനായി സമര്‍പ്പിച്ചത്.

ബുര്‍ജ് ദോഹ, കത്താറ കള്‍ച്ചറല്‍ വില്ലേജ് ആംഫിതീയെറ്റര്‍, ആഭ്യന്തരമന്ത്രാലയം ആസ്ഥാനം, സൂഖ് വാഖിഫ്, മുഷൈരിബ്, അല്‍സുബാറ കോട്ട എന്നിവിടങ്ങളിലെല്ലാം ചിഹ്നത്തിന്റെ തല്‍സമയ അവതരണം വീക്ഷിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.പൗരന്‍മാരും പ്രവാസികളുമെല്ലാം ഖത്തറിന്റെ ഈ അഭിമാനമുഹൂര്‍ത്തത്തില്‍ പങ്കാളികളായി.

ഖത്തറിനു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഡിജിറ്റല്‍ കാമ്പയിന്‍ മുഖേന ചിഹ്നം അനാവരണം ചെയ്തിരുന്നു. അഭിമാനമുഹൂര്‍ത്തത്തില്‍ പങ്കുചേരാനായതില്‍ സന്തോഷവും ആഹ്ലാദവുമുണ്ടെന്ന് ഖത്തരികളും പ്രവാസികളും പ്രതികരിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം മികച്ച രൂപകല്‍പ്പനയുടെ ഉദാത്തമായ ദൃഷ്ടാന്തമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനായ യൂസുഫ് മുഹമ്മദ് അല്‍യഫീ പ്രതികരിച്ചു.

ചിഹ്നം വളരെ വ്യതിരിക്തവും പുതുമയുള്ളതുമാണ്. ഖത്തരി സംസ്‌കാരത്തില്‍നിന്നും പൈതൃകത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിഹ്നമെന്നും അല്‍യാഫി ചൂണ്ടിക്കാട്ടി. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നടത്തിയ ശ്രമങ്ങളുടെ അഭിമാനകരമായ പ്രതിഫലനമാണ് ചിഹ്നമെന്നും അദ്ദേഹം പറഞ്ഞു. നിരവധി കായിക മത്സരങ്ങളും ലോകചാമ്പ്യന്‍ഷിപ്പുകളും സംഘടിപ്പിക്കുന്നതില്‍ വിജയിച്ച,

ലോകത്തെ കായികതലസ്ഥാനമായ ഖത്തറിന് ഇതൊരു പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ആകര്‍ഷിക്കുന്നതും വിസ്മയിപ്പിക്കുന്നതുമാണ് ലോകകപ്പ് ചിഹ്നമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഓപ്പറേഷന്‍സ് മാനേജര്‍ ജാബര്‍ അല്‍ഷാവി പറഞ്ഞു.

ഈ ചിഹ്നം ഖത്തറിനെ മാത്രമല്ല ലോകത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നതാണ്. ലോകകപ്പ് ചിഹ്നം ട്രോഫിയുടെ മാതൃകയിലായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും മികച്ച രൂപകല്‍പ്പന എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ടൂര്‍ണമെന്റിന്റെ ചുമതലയുള്ളവര്‍ ഇക്കാര്യത്തില്‍ മികച്ച ദൗത്യനിര്‍വഹണമാണ് നടത്തിയതെന്നും ക്യാപ്റ്റന്‍ പൈലറ്റ് ആദെല്‍ അല്‍ശമ്മാരി പ്രതികരിച്ചു.

ദോഹ കോര്‍ണീഷ് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ഖത്തരികളും പ്രവാസികളുമാണ് ചിഹ്നം അനാച്ഛാദനത്തിന് സാക്ഷികളായത്. ഖത്തരി പതാകകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദോഹ ടവറിനുമുന്നില്‍ അണിനിരന്ന ജനക്കൂട്ടം ചിഹ്നം അവതരിപ്പിച്ചപ്പോള്‍ ഹര്‍ഷാരവങ്ങള്‍ മുഴക്കി.

മിക്കവരും കുട്ടികളും കുടുംബങ്ങളുമായാണ് ഈ അവിസ്മരണീയ നിമിഷത്തിന് സാക്ഷിയാകാന്‍ കോര്‍ണീഷിലും കത്താറയിലും സൂഖിലുമെല്ലാം എത്തിയത്. അസാധാരണമായ ലോകകപ്പ് പതിപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തര്‍ ശരിയായ പാതയിലാണെന്ന് വ്യക്തമാകുന്നതാണ് ചിഹ്നത്തിന്റെ അനാച്ഛാദനമെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഹമ്മൗദ് അല്‍ശമ്മാരി പ്രതികരിച്ചു.

പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അനുഭൂതിയും സന്തോഷവും പകരുന്നതാണ് ഈ നിമിഷമെന്ന് അല്‍റയ്യാന്‍ ടിവിയിലെ അവതാരകന്‍ അബ്ദുല്‍റഹ്മാന്‍ നാസര്‍ അല്‍മാദീദ് പറഞ്ഞു. ഖത്തറിന്റെ ഐക്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഷൈരിബ് ഡൗണ്‍ടൗണിലും ലോകകപ്പ് ചിഹ്നത്തിന്റെ അനാവരണം വീക്ഷിക്കാന്‍ ഒട്ടേറെപ്പേരെത്തി. ഇവിടെ പ്രദര്‍ശനത്തിന്റെ ഭാഗമായി പ്രത്യേക വര്‍ണവിന്യാസങ്ങളും ഒരുക്കിയിരുന്നു. ചരിത്രപ്രധാനമായ നിമിഷമാണ് 2022 ലോകകപ്പ് ചിഹ്നത്തിന്റെ ഉദ്ഘാടനമെന്ന് മുഷൈരിബ് പ്രോപ്പര്‍ട്ടീസ് കോണ്‍ട്രാക്റ്റ്‌സ് ആന്റ് പ്രൊജക്റ്റ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുബാറക്ക് മുഹമ്മദ് അല്‍ബുഐനൈന്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2019’ന് ഉജ്വല തുടക്കം

എയര്‍ഇന്ത്യ ഡല്‍ഹി-ദോഹ റൂട്ടില്‍ പുതിയ സര്‍വീസ് പ്രഖ്യാപിച്ചു