
ദോഹ: ആഗസ്ത് 26 മുതല്‍ സെപ്തംബര്‍ മൂന്നു വരെ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിന്റെ അന്തിമഘട്ട തയാറെടുപ്പുകളുടെ ഭാഗമായി ഖത്തരി ഷൂട്ടിങ് ടീം ബ്രസീലില്‍. റിയോ ഡി ജനീറോയില്‍ അഞ്ചുദിവസത്തെ പരിശീലനത്തില്‍ ഖത്തര്‍ ടീം പങ്കെടുക്കും. ടോക്കിയോ ഒളിമ്പിക്സിലേക്കുള്ള യോഗ്യതാ ടൂര്‍ണമെന്റു കൂടിയാണ് ഈ ലോകകപ്പ്.
66 ടീമുകളെ പ്രതിനിധീകരിച്ച് 500ലധികം താരങ്ങള്‍ മത്സരരംഗത്തുണ്ടാകും. ഖത്തര്‍ ഷൂട്ടിങ് ടീമിന്റെ ദോഹയിലെ പരിശീലനം ലുസൈല്‍ ഷൂട്ടിങ് ക്ലബ്ബില്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് അന്തിമപരിശീലനത്തിനായി ടീം റിയോ ഡി ജനീറോയിലേക്ക് തിരിച്ചത്. ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്നതിന് ഖത്തറിന്റെ അമ്പെയ്ത്ത് താരങ്ങള്‍ക്ക് ഖത്തര്‍ ഷൂട്ടിങ് ആന്റ് ആര്‍ച്ചറി അസോസിയേഷന് പിന്തുണ നല്‍കുന്നുണ്ട്.
ഇതിനിടെ ഫിന്‍ലന്‍ഡില്‍ ഇന്നലെ തുടങ്ങിയ ഐഎസ്എസ്എഫ് ലോകകപ്പ് ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തരി ഷൂട്ടര്‍മാര്‍ ഇന്ന് മത്സരത്തിനിറങ്ങും. ആഗസ്ത് 23വരെയാണ് ചാമ്പ്യന്‍ഷിപ്പ്. സ്കീറ്റിലാണ് ഇന്നത്തെ മത്സരം. ഖത്തര്‍ ടീം- നാസര്‍ അല്‍അത്തിയ്യ, റാഷിദ് സാലേഹ്, മസൂദ് സാലേഹ്, സഈദ് അബുഷാരെബ്, രീം അല്ഷര്ഷാനി.