ആര്‍.റിന്‍സ്
ദോഹ

ഫോട്ടോ റൂബിനാസ് കോട്ടേടത്ത്
2022 ഫിഫ ലോകകപ്പ്, 2023 ഏഷ്യന്‍കപ്പ് യോഗ്യത രണ്ടാംറൗണ്ടില്‍ ഖത്തറിനെതിരെ ഇന്ത്യക്ക് വിജയത്തിനു തുല്യമായ സമനില. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ ഇന്ത്യ ഗോള്‍രഹിത സമിനലയില്‍ തളച്ചു. ഖത്തരി മുന്നേറ്റത്തിനു മുന്നില്‍ വന്‍മതില്‍പോലെ ഉറച്ചുനിന്ന ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധുവാണ് ഈ അഭിമാനകരമായ നേട്ടത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്. സമീപകാലത്തൊന്നും ഇത്ര ഒത്തിണക്കത്തോടെ ഇന്ത്യന്‍ പ്രതിരോധം കളിച്ചിട്ടില്ല.
ലോകറാങ്കിങില്‍ തങ്ങളെക്കാള്‍ നാല്‍പ്പത് സ്ഥാനം മുന്നില്‍ നില്‍ക്കുന്ന അന്നാബികള്‍ക്കെതിരെ മികവുറ്റ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. റഫറി ഫൈനല്‍ വിസിലൂതിയയുടന്‍ ഇന്ത്യന്‍ താരങ്ങളുടെ മുഖത്ത് കണ്ട ആഹ്ലാദവും ആവേശവും ഈ സമനില ഇന്ത്യയെ സംബന്ധിച്ചിടത്തോളം എ്ത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വ്യക്തമാകുന്നതായിരുന്നു.
മത്സരത്തിന്റ ഏറിയസമയത്തും ഖത്തറിന്റെ ആധിപത്യമായിരുന്നു. പക്ഷെ ഗുര്‍പ്രീത് സന്ധുവിന്റെ തകര്‍പ്പന്‍ സേവുകളും പ്രതിരോധത്തില്‍ ആദില്‍ഖാന്റെയും സന്ദേശ് ജിങ്കാന്റെയും മികച്ച പ്രകടനവും ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളക്കുന്നതില്‍ നിര്‍ണായകമായി. അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ഖത്തറിനെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്.
മത്സരത്തില്‍ കേവലം 38ശതമാനം സമയത്തുമാത്രമായിരുന്നു ഇന്ത്യയുടെ കാലില്‍ പന്തുണ്ടായിരുന്നത്. മത്സരത്തില്‍ കേവലം ഒരു കോര്‍ണര്‍ മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. മറുവശത്ത് ഖത്തറിന് പതിനഞ്ചിലധികം തവണയും. മത്സരത്തിന്റെ ഭൂരിഭാഗവും ഇന്ത്യന്‍ ബോക്‌സിലായിരുന്നു കളി. പക്ഷെ പിഴവുകളില്ലാതെയുള്ള പ്രതിരോധനിരയുടെ പ്രകടനം ഇന്ത്യക്ക് കരുത്തായി. എന്നാല്‍ ഖത്തറിന്റെ ഓരോ മുന്നേറ്റങ്ങളും ഇന്ത്യന്‍ പ്രതിരോധത്തിലും ഗുര്‍പ്രീതിനു മുന്നിലും തട്ടിത്തടഞ്ഞു.
ഇരച്ചുകയറിയ ഖത്തരി മുന്നേറ്റത്തിനു മുന്നില്‍ വന്‍മതിലായി ഗുര്‍പ്രീത് സന്ധു. ആദ്യപകുതിയില്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിനുള്ള ആറിലധികം തുറന്ന അവസരങ്ങളാണ് ഖത്തറിന് ലഭിച്ചത്. ഗുര്‍പ്രീതിന്റെ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യക്ക് തുണയായത്. അതേസമയം ആദ്യപകുതിയില്‍ സമയം പാഴാക്കിയതിന് ഗുര്‍പ്രീതിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ ഇന്നലെ കളിക്കാനിറങ്ങിയത്. മന്‍വീര്‍ സിങായിരുന്നു പകരക്കാരന്‍.
മലയാളി താരം സഹല്‍ അബ്ദുല്‍ സമദും മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരത്തിന്റെ തുടക്കംമുതല്‍ ഖത്തറിന്റെ മുന്നേറ്റം പ്രകടമായിരുന്നു. ആദ്യ പത്തു മിനുട്ടുകളില്‍ തന്നെ ഗോളെന്നുറപ്പിച്ച രണ്ടു അവസരങ്ങളാണ് ഖത്തറില്‍ നിന്നും വഴുതിപ്പോയത്.
11-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ഹെയ്‌ദോസിന്റെ തകര്‍പ്പന്‍ ഷോട്ട് ഗുര്‍പ്രീത് സിങ് സന്ധു രക്ഷപ്പെടുത്തുകയായിരുന്നു. പിന്നെ ഓരോതവണയും ഖത്തറിന്റെ മുന്നേറ്റം ഗുര്‍പ്രിതീന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ ഇന്ത്യയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഖത്തര്‍ പ്രതിരോധത്തെ വെല്ലവിളിക്കാന്‍ മാത്രം പര്യാപ്തമായിരുന്നില്ല.
രണ്ടാംപകുതിയില്‍ ഒന്നിലധികം തവണ ഇന്ത്യയക്ക് അവസരങ്ങള്‍ തുറന്നുലഭിച്ചെങ്കിലും ലക്ഷ്യത്തിലേക്കെത്താനായില്ല. മത്സരം കാണാന്‍ ഗ്യാലറി നിറഞ്ഞ് കാണികളുണ്ടായിരുന്നു. ഇന്ത്യക്ക് കാണികളില്‍നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്.
അതേസമയം നിരവധി ഇന്ത്യന്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനായില്ല. അവര്‍ക്കായി സ്റ്റേഡിയത്തിനു പുറത്ത് പ്രത്യേക സ്‌ക്രീനില്‍ മത്സരം പ്രദര്‍ശിപ്പിച്ചു.