
ദോഹ: 2022 ഫിഫ ലോകകപ്പിനായി ഖത്തര്‍ നിര്‍മിക്കുന്ന സ്റ്റേഡിയങ്ങള്‍ക്കും മറ്റു സൗകര്യങ്ങള്‍ക്കുമായുള്ള ബജറ്റായി കണക്കാക്കിയിരിക്കുന്നത് ഏകദേശം ആറു ബില്യണ്‍ ഡോളര്‍. ലോകകപ്പ് സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌റ്റേഡിയങ്ങള്‍ക്കു പുറമെ പരിശീലന ഗ്രൗണ്ടുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പടെയുള്ളവയുടെ നിര്‍മാണത്തിനായാണ് ഇത്രയധികം തുക നീക്കിവെച്ചിരിക്കുന്നത്.
റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കിനു നല്‍കിയ അഭിമുഖത്തിലാണ് അല്‍തവാദി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ലോകകപ്പിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഗുണപരമായ സാമ്പത്തിക മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകരുന്നുണ്ട്. ഉദാഹരണത്തിന് ദോഹ മെട്രോ രാജ്യത്തിന് ഗുണപരമായ പ്രതിഫലനങ്ങളാണുളവാക്കിയത്.
ഗതാഗത മേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തിലായാലും തൊഴിലുകള്‍ ലഭ്യമാക്കുന്ന കാര്യത്തിലായാലും ദോഹ മെട്രോ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഗതാഗത മേഖലയിലെ വലിയ ചുവടുവയ്പ്പാണ് ദോഹ മെട്രോ.
രാജ്യത്തിന്റെ സമ്പദ്ഘടനയിലും ഗുണപരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ ദോഹ മെട്രോക്ക് സാധിക്കുന്നുണ്ട്. 2018 ഫിഫ ലോകകപ്പ് സംഘാടനത്തിന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിനായി റഷ്യയുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിവരുന്നതായും അല്‍തവാദി പറഞ്ഞു.
റഷ്യയുമായി ആശയവിനിമയത്തിന് ഖത്തര്‍ വലിയ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത്.
റഷ്യയുടെ അനുഭവങ്ങളില്‍നിന്നും പ്രയോജനം ഉള്‍ക്കൊള്ളുന്നതിന് സന്നദ്ധമാണ്. സുരക്ഷയുടെ കാര്യത്തില്‍ റഷ്യയുമായി സഹകരണമുണ്ട്. വഖ്‌റയിലെ അല്‍ജനൂബ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയില്‍ റഷ്യയില്‍നിന്നുള്ള ടീമുണ്ടായിരുന്ന കാര്യം അല്‍തവാദി ചൂണ്ടിക്കാട്ടി.