
ദോഹ: കുട്ടികള്‍ക്കായുള്ള ലോകത്തെ പ്രഥമ ബഹിരാകാശ നഗരം തീം പാര്‍ക്ക് ദോഹയില്‍ ആരംഭിക്കുന്നു. മുശൈരിബ് പ്രോപ്പര്‍ട്ടീസിന് കീഴിലുള്ള മുശൈരിബ് ഡൗണ്ടൗണാണ് ജൂനിവേഴ്സ് ഹോം ആയി മാറുന്നത്. മുശൈരിബ് പ്രോപ്പര്‍ട്ടീസും തലാല്‍ ബിന്‍ മുഹമ്മദ് ട്രേഡിംഗും തമ്മിലുള്ള കരാറിലാണ് സിറ്റി ഇന്‍ സ്പേസ് തീം പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്.
4മുതല്‍17 വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് തീം പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. 50ലധികം വൈവിധ്യമാര്‍ന്നതും സാഹസികവുമായ റൈഡുകളാണ് പാര്‍ക്കില്‍ സജ്ജീകരിക്കുക. ഇവ കൂടാതെ റീട്ടെയില്‍ സ്റ്റോറുകള്‍, ഭക്ഷ്യ പാനീയ ഔട്ട്ലെറ്റുകള് തുടങ്ങിയവയും പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കും.
മുശൈരിബ് പ്രോപ്പര്‍ട്ടീസ് ആക്ടിംഗ് സി ഇ ഒ അലി അല്‍ കുവാരി, തലാല്‍ ബിന്‍ മുഹമ്മദ് േട്രഡിംഗ് ഡെപ്യൂട്ടി സി ഇ ഒ അലി ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. നേരത്തെ, മോണോപ്രിക്സിന്റെ പ്രഥമ സ്മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ്, എച്ച് എസ് ബി സിയുടെ പ്രഥമ ഡിജിറ്റല്‍ ബ്രാഞ്ച് എന്നിവയും മുശൈരിബില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ പ്രഖ്യാപനം നടത്തിയിരുന്നു.