
ദോഹ: ഏറ്റവും അവിസ്മരണീയമായ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ദോഹ സജ്ജമായെന്ന് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്(ഐഎഎഎഫ്) വൈസ്പ്രസിഡന്റും സംഘാടകസമിതി തലവനുമായ ദഹ്ലന് അല്‍ഹമദ്. സെപ്തംബര്‍ 27നാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. മിഡില്‍ഈസ്റ്റ് ആദ്യമായാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നുവെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.
ചാമ്പ്യന്‍ഷിപ്പിനായുള്ള വൊളന്റിയര്‍മാരുടെ ടെന്റ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. മത്സരങ്ങള്‍ നടക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ടെന്റ് സജ്ജമാക്കിയിരിക്കുന്നത്. ലൈറ്റിങിന്റെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ ഏറ്റവും അത്യാധുനിക മികവോടെയാണ് സ്റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്.
മത്സരങ്ങള്‍ക്കായുള്ള വൊളന്റിയര്‍മാരുടെ എണ്ണം 5,000ലേക്കെത്തിയിട്ടുണ്ട്. ഈ സുപ്രധാന ചാമ്പ്യന്‍ഷിപ്പ് മികച്ച വിജയമാക്കുന്നതില്‍ വൊളന്റിയര്‍മാര്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് ഉറപ്പുണ്ടെന്നും ദഹ്ലന് അല്‍ഹമദ് പറഞ്ഞു. സന്നദ്ധപ്രവര്‍ത്തനത്തിന്റെ അനുഭവം യുവ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വിലയേറിയ അനുഭവം നല്‍കും.
ഇത് സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കിടയിലും ദേശീയ ഐക്യത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണെന്നും ഇത്തരം യുവജനങ്ങളുടെ കേന്ദ്രമാകാന്‍ ഖത്തറിന് എല്ലായിപ്പോഴും ഭാഗ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയുടെ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഖത്തറിലെയും ലോകമെമ്പാടുമുള്ള ആസ്വാദകരെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കാളികളാകാനും ആസ്വദിക്കാനും ദഹ്ലന് അല്‍ഹമദ് ക്ഷണിച്ചു. വൊളന്റിയര്‍ ടെന്റിന്റെ പ്രവര്‍ത്തനം തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് ലോക ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട് കമ്മിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഖല്താം അല്‍റുമൈഹി പറഞ്ഞു.
ലോകത്തിലെ എല്ലാ കായികപ്രേമികളും കാത്തിരിക്കുന്ന മഹത്തായ കായിക മത്സരം കായികലോകത്തിന്റെ ശ്രദ്ധ ഖത്തറിലേക്ക് തിരിക്കുമെന്നും ലോകത്തെ മികച്ച അത്ലറ്റുകള്ക്കാണ് രാജ്യം ആതിഥേയത്വം വഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകര്‍ക്കായി(വൊളന്റിയര്‍മാര്‍) പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ചാമ്പ്യന്‍ഷിപ്പുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി മികവും ക്ഷമവും ഉത്തരവാദിത്വവും ഏറ്റെടുക്കാനുള്ള സന്നദ്ധതയുണ്ടെന്ന് പരിശീലനപരിപാടികളില്‍ വൊളന്റിയര്‍മാര്‍ തെളിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്രിയരാജ്യമായ ഖത്തറിനെ സേവിക്കാനുള്ള അഭിനിവേശത്തിന്റെ പ്രതിഫലനമാണ് സന്നദ്ധപ്രവര്‍ത്തനത്തിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഐഎഎഎഫ് ദോഹ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനായി പ്രവര്‍ത്തിക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്ന് വൊളന്റിയറായി തെരഞ്ഞെടുക്കപ്പെട്ട അലി ദാരി പ്രതികരിച്ചു. ഈ അഭിമാനകരമായ ടൂര്‍ണമെന്റിനായി ലോകം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
210 രാജ്യങ്ങളില്‍നിന്നായി 3300 അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. 3000ലധികം മാധ്യമ വ്യക്തിത്വങ്ങള്‍, 90 രാജ്യങ്ങളില്‍നിന്നായി 4000ലധികം വൊളന്റിയര്‍മാര്‍ പങ്കെടുക്കും.