in ,

ലോക അത്‌ലറ്റിക്‌സ് അഭിമാനപോരാട്ടത്തില്‍ പ്രതീക്ഷയോടെ ഖത്തര്‍

ആര്‍.റിന്‍സ്

ദോഹ

മുതാസ് ബര്‍ഷിം

ഇന്നു തുടങ്ങുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി ഖത്തറിന്റെ ദേശീയ ടീമും സജ്ജമായി. ഹൈജമ്പ് താരം മുതാസ് ബര്‍ഷിമാണ് ഖത്തര്‍ ടീമിനെ നയിക്കുന്നത്. അഭിമാനപോരാട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. ഹൈജമ്പില്‍ ബര്‍ഷിം, 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും അബ്ദുല്‍റഹ്മാന്‍ സാംബയും ഖത്തറിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍. 400 മീറ്ററില്‍ അബ്ദുല്‍ഇലാഹ് ഹാറൂണും മികച്ച മത്സരം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

അബ്ദുല്‍റഹ്മാന്‍ സാംബ

2017ലെ ഐഎഎഎഫ് അത്‌ലറ്റ് ഓഫ് ദി ഇയറായ മുതാസ് ബര്‍ഷിം സ്വന്തം കാണികളുടെ മുന്നില്‍ മികച്ച പ്രകടനത്തിനായി ഒരുങ്ങുകയാണ്. 16 പുരുഷന്‍മാരും രണ്ടു വനിതകളും ഉള്‍പ്പടെ 18 അംഗ ടീമായിരിക്കും ഖത്തറിനെ പ്രതിനിധീകരിക്കുക. ഹൈജമ്പില്‍ ഏഷ്യന്‍ റെക്കോര്‍ഡ് ജോതാവാണ് ബര്‍ഷിം. ഈ സീസണില്‍ രണ്ടു തവണയും 2.27 മീറ്റര്‍ ഉയരം മറികടക്കാനെ ബര്‍ഷിമിനായുള്ളു.

അബ്ദുല്‍ഇലാഹ് ഹാറൂണ്‍

ഹൈജമ്പിലെ രണ്ടാമത്തെ മികച്ച ഉയരം പിന്നിട്ടിട്ടുള്ള ബര്‍ഷിമിന്റെ ഫിറ്റ്‌നസും അദ്ദേഹം ദോഹയിലെ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും ലോകചാമ്പ്യന്‍ഷിപ്പിലെ ഖത്തര്‍ പങ്കാളിത്തത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ട്രാക്കില്‍ ഇടിമുഴക്കം സൃഷ്ടിച്ച സാംബ അമേരിക്കയുടെ റായ് ബെഞ്ചമിനൊപ്പം ഏറ്റവും വേഗമേറിയ രണ്ടാമത്തെ വണ്‍-ലാപ്പ് ഹര്‍ഡ്ലറായി മാറിയിരുന്നു.

അദ്ദേഹത്തിന്റെ കാഴ്ചയിലെ എല്ലാം തൂത്തുവാരി. ഈ സീസണില്‍ 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 4-400 മീറ്റര്‍ റിലേ എന്നിവയില്‍ അദ്ദേഹം ഓടി. ഏഷ്യന്‍ മീറ്റിലും ഷാങ്ഹായ് ഡയമണ്ട് ലീഗിലുമുള്ള വിജയങ്ങള്‍ ഉള്‍പ്പെടെ സാംബക്ക് കരുത്തേകിയിട്ടുണ്ട്. എന്നാല്‍ ദോഹ 2019ല്‍ തന്റെ പ്രധാന എതിരാളികളായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോക ചാമ്പ്യന്‍ നോര്‍വെയുടെ കാര്‍സ്റ്റണ്‍ വാര്‍ഹോം, അമേരിക്കയുടെ ബഞ്ചമിന്‍ എന്നിവര്‍ക്കെതിരെ സാംബ മത്സരിച്ചിട്ടില്ല.

മറിയം ഫരീദ്

വാര്‍ഹോം തന്റെ തയ്യാറെടുപ്പുകള്‍ പ്രദര്‍ശിപ്പിക്കുകയും ലോക റെക്കോര്‍ഡ് ഉടമ കെവിന്‍ യങ്ങിന് ശേഷം ഏറ്റവും വേഗമേറിയ രണ്ടാമത്തെ സമയം ഓഗസ്റ്റിലെ സൂറിച്ച് ഡയമണ്ട്‌ലീഗില്‍ നേടുകയും ചെയ്തിട്ടുണ്ട്. പുരുഷവിഭാഗത്തില്‍ 4-100 മീറ്റര്‍, 4-400 മീറ്റര്‍ റിലേകളിലും മികച്ച പ്രകടനം നടത്താനാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ.

400മീറ്ററില്‍ അബ്ദുല്‍ഇലാഹ് ഹാറൂണും മികച്ച ഫോമിലാണ്. ഏഷ്യന്‍ ചാമ്പ്യനും റെക്കോര്‍ഡ് ജേതാവുമാണ്്. ബാസെം മുഹമ്മദ് ഹാമിദ, മുഹമ്മദ് നാസിര്‍ അബ്ബാസ്, ഫെമി ഒഗുനോഡെ, അഷ്‌റഫ് ഹുസൈന്‍ ഉസ്മാന്‍ എന്നിവരും സാംബയും ഹാറൂണും 400 മീറ്റര്‍ റിലേ ടീമിലെ അംഗങ്ങളാണ്. 100 മീറ്ററില്‍ ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവാണ് ഫെമി ഒഗുനോഡെ.

ഫെമിയുടെ പരിചയ അനുഭവ സമ്പത്ത് റിലേ മത്സരങ്ങളില്‍ ഖത്തറിന് ഗുണകരമാകും. ഈ വര്‍ഷം ഏപ്രിലില്‍ 400മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ കിരീടം നേടിയ മൂന്നുപേരെ മാത്രമെ ഖത്തര്‍ നിലനിര്‍ത്തിയിട്ടുള്ളു. സാംബ, ബാസെം ഹാമിദ, അഷ്‌റഫ് ഉസ്മാന്‍ എന്നിവരെ. ഇവര്‍ക്കൊപ്പം ഹാറൂം ഒഗുനോഡെയും ചേരുന്നതോടെ ഖത്തര്‍ ടീം മുന്‍പത്തെക്കാളും ശക്തമാകും.

100 മീറ്ററില്‍ ഉവാബ് ബാരോ, 200 മീറ്ററില്‍ അബ്ദുല്‍അസീസ് മുഹമ്മദ്, 800 മീറ്ററില്‍ അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ല, 1500 മീറ്ററില്‍ അബ്ദുല്‍റഹ്മാന്‍ സഈദ് ഹസന്‍, 3000മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ യാസിര്‍ സലേം ബഗ്‌രബ്, ഹാമര്‍ത്രോയില്‍ അഷ്‌റഫ് അംഗദ് അല്‍സീഫി, 4-100 മീറ്റര്‍ റിലേയില്‍ യാക്കൂബ് സഈദ് അല്‍ഹസനി, ഉവാബ് ബാരോ, മുഹമ്മദ് സക്കരിയ ഖാലിദ്, അബ്ദുല്‍അസീസ് മുഹമ്മദ് സലേം, ഫെമി ഒഗുനോഡെ, ടോസിന്‍ ഒഗുനോഡെ എന്നിവര്‍ കൂടി ഉള്‍പ്പെട്ടതാണ് ഖത്തറിന്റെ പുരുഷ ടീം.

400 മീറ്ററില്‍ കെന്‍സ സോസ്സെ, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മറിയം മംദൗഹ് ഫരീദ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിലെ ഖത്തറിന്റെ വനിതാസാന്നിധ്യങ്ങള്‍. ചാമ്പ്യന്‍ഷിപ്പിനായി ഏറ്റവും മികച്ചതും അത്യാധുനികമായ സൗകര്യങ്ങളുമാണ് ദോഹയില്‍ സജ്ജമാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രഥമ രാത്രി മാരത്തോണിനായി ദോഹ സജ്ജം

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ണം