
ദോഹ: രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് മികച്ച രീതിയില്‍ ആതിഥ്യമൊരുക്കിയ ഖത്തറിന്റെ സംഘാടനമികവിനെ പ്രശംസിച്ച് വിദേശമാധ്യമങ്ങള്‍. ലോക അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി നിരവധി വിദേശമാധ്യമപ്രവര്‍ത്തകരാണ് ദോഹയിലുള്ളത്.
ഖത്തറിന്റെ സംഘാടനമികവിനെ മുക്തകണ്ഠം പ്രശംസിച്ച മാധ്യമപ്രവര്‍ത്തകര്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളും ക്രമീകരണങ്ങളും സവിശേഷമായി പരാമര്‍ശിച്ചു. ഖലീഫ സ്റ്റേഡിയത്തെയും അതിന്റെ കൂളിംഗ് സാങ്കേതികവിദ്യയെയും അഭിനന്ദിക്കുന്നതായും മത്സരങ്ങള്‍ വിജയകരമാക്കുന്നതില്‍ സംഘാടക സമിതി നടത്തിയ ശ്രമം വ്യക്തമാണെന്നും എല്‍ എക്വിപ്പില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഖത്തര്‍ ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചു.
പ്രമുഖ യൂറോപ്യന്‍ കമ്പനികള്‍ ലോകചാമ്പ്യന്‍ഷിപ്പ് കുത്തകയാക്കരുതെന്നതിനാല്‍ ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് മത്സരം ആതിഥേയത്വം വഹിക്കാനാകുന്നത് ആരോഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കെനിയയുടെ ഡെയ്ലി നാഷണലിന്റെ റിപ്പോര്‍ട്ടര്‍ ഖത്തറിന്റെ ക്രമീകരണങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ വശങ്ങളും ഇതുവരെ നന്നായി നടക്കുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലികള്‍ ചെയ്യാന്‍ പ്രത്യേകമായ സജ്ജീകരണങ്ങളുണ്ട്. ഇതുവരെയുള്ള മത്സരത്തിന്റെ നിലവാരത്തെയും അദ്ദേഹം പ്രശംസിച്ചു. 2022 ലെ ലോകകപ്പില്‍ ഖത്തര്‍ അതിശയകരമായ ഒരു പതിപ്പ് നല്‍കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. അത്ലറ്റിക്സില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ലോകകപ്പ് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഖത്തറിന്റെ ആധുനികസൗകര്യങ്ങളെയും അടിസ്ഥാനസൗകര്യവികസനത്തെയും പ്രശംസിച്ചു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകകപ്പ് കവര്‍ ചെയ്യാന്‍ സന്തോഷത്തോടെ മടങ്ങിവരുമെന്നും ചൂണ്ടിക്കാട്ടി. ചൂടും ഈര്‍പ്പവും ഉണ്ടായിരുന്നിട്ടും, സ്റ്റേഡിയത്തിനുള്ളിലെ കാലാവസ്ഥ മികച്ചതാണെന്നും സാങ്കേതികവിദ്യയ്ക്ക് നന്ദിയെന്നും എസ്ഒജെസി ട്രാക്ക്‌സിന്റെ അലക്‌സ് കാസ്റ്റെല്‍ പറഞ്ഞു.
അത്ലറ്റിക്സ് കേന്ദ്രീകരിച്ചുള്ള കായികമാധ്യമ സംരംഭമായ ലിച്ചാത്ലെറ്റിക്കിന് വേണ്ടി എഴുതുന്ന മുതിര്‍ന്ന ജര്‍മ്മന്‍ പത്രപ്രവര്‍ത്തകന്‍ ഇവാള്‍ഡ് വാക്കര്‍ ഈ പരിപാടി കവര്‍ ചെയ്യുന്നതിനായി ദോഹയില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചു.നാല് വ്യത്യസ്ത ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകള്‍ താന്‍ കവര്‍ ചെയ്തിട്ടുണ്ട്. മിഡില്‍-ഈസ്റ്റില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഇത് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
കായികതാരങ്ങള്‍ക്കിടയിലെ മത്സരത്തിന്റെ നിലവാരം ഇതുവരെ ഉയര്‍ന്നതാണെന്നും ഇത് തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4-400 മീറ്റര്‍ മിക്‌സഡ് റിലേ പോലെ നിരവധി സവിശേഷമായ തുടക്കങ്ങള്‍ ദോഹയിലുണ്ടായിട്ടുണ്ട്. താരങ്ങളെ വേദിയിലേക്ക് പരിചയപ്പെടുത്തുന്ന ആമുഖ പരിപാടി മികച്ചതാണ്.
സ്റ്റേഡിയത്തിനു പുറത്തെ മാരത്തോണ്‍ പോലെയുള്ളവക്ക് കാലാവസ്ഥാ വെല്ലുവിളിയുയര്‍ത്തിയെങ്കിലും ഖത്തറിന്റെ സംഘാടനമികവും ക്രമീകരണങ്ങളും വളരെ മികച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.