
ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2019ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക അംബാസഡര്‍മാരായി ആഷ്ടണ്‍ ഈറ്റണിനെയും പത്നി ബ്രിയാനി തെയ്സണ്‍ ഈറ്റണിനെയും നിയോഗിച്ചു. ഒന്നിലധിരം തവണ ഡെക്കാത്ത്ലണില് ലോക, ഒളിമ്പിക് ചാമ്പ്യനായിരുന്നു ആഷ്ടണ്‍.
2016ലെ ലോക ഇന്‍ഡോര്‍ പെന്റാത്ലണ് ചാമ്പ്യനാണ് ബ്രിയാനി തെയ്സന്. ഈറ്റണ്‍ ദമ്പതികള്‍ കാഴ്ചക്കാരായി പങ്കെടുക്കുന്ന ആദ്യത്തെ ലോക ചാമ്പ്യന്‍ഷിപ്പാണ് ദോഹയിലേത്. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന ഡെക്കാത്ലണ്‍, ഹെപ്റ്റാത്ലണ് മത്സരങ്ങളില്‍ ഇരുവരുടെയും സാന്നിധ്യമുണ്ടാകും.
2016 ഒളിമ്പിക്സിനുശേഷമാണ് ഇരുവരും മത്സരങ്ങളില്‍നിന്നും വിരമിച്ചത്. ആ ഒളിമ്പിക്സില്‍ ആഷ്ടണ്‍ ഈറ്റണ്‍ ഡെക്കാത്ലണില് സ്വര്‍ണവും ബ്രിയാനി തെയ്സന് ഈറ്റണ്‍ ഹെപ്റ്റാതലണില്‍ വെങ്കലവും നേടിയിരുന്നു. ദോഹ ചാമ്പ്യന്‍ഷിപ്പില്‍ അംബാസഡറായി പങ്കെടുക്കാനാകുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.
തയാറെടുപ്പുകളും ക്രമീകരണങ്ങളുമെല്ലാം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഖത്തറിന്റെ ഒരുക്കങ്ങളില്‍ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്(ഐഎഎഎഫ്) സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്.
മിഡ്നൈറ്റ് മാരത്തോണും 4-400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്ലറ്റിക്സിന്റെ ഏറ്റവും പ്രധാന സവിശേഷത. ലോക അത്ലറ്റിക്സ് ചരിത്രത്തില്‍ ആദ്യമായാണ് 4-400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നായി 3000ലധികം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പിലെ പ്രധാന മത്സരങ്ങള്‍. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ലോക അത്ലറ്റിക്സ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. 213 രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകളാണ് മത്സരിക്കുന്നത്. പത്തു ദിവസങ്ങൡലായി 128 മത്സരഇനങ്ങളാണ് നടക്കുന്നത്.