in ,

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി മെഡലുകള്‍ അനാവരണം ചെയ്തു

സെപ്തംബറില്‍ ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മെഡലുകള്‍ അനാവരണം ചെയ്തപ്പോള്‍

ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2019ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മെഡലുകള്‍ സജ്ജമായി. ഖത്തറിന്റെ നാഗരികതയും പൈതൃകവും പ്രതിഫലിക്കുന്ന സ്വര്‍ണ, വെള്ളി, വെങ്കല മെഡലുകളാണ് തയാറാക്കിയിരിക്കുന്നത്. രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍(ഐഎഎഎഫ്) മെഡലുകള്‍ ഔദ്യോഗികമായി അനാവരണം ചെയ്തിട്ടുണ്ട്.

പാരമ്പര്യവും നൂതനതയും സമന്വയിക്കുന്നതാണ് ഡിസൈന്‍. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കൗണ്ട്ഡൗണ്‍ പുരോഗമിക്കുന്നു. 49 ഫൈനലുകളിലായി 192 മെഡലുകളാണ് വിജയികള്‍ക്കായി കാത്തിരിക്കുന്നത്.

ഓള്‍- ഫീമെയില്‍ ബ്രാന്‍ഡിങ് ടീമാണ് മെഡലുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദോഹ സ്‌കൈലൈന്‍, പത്തുദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവയെല്ലാം മെഡലുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അത്‌ലറ്റിക്‌സ് ഇനങ്ങളുടെ പതിമൂന്ന് വിവിധ ഘടകങ്ങളും ഡിസൈന്റെ ഭാഗമാണ്.

ചാമ്പ്യന്‍ഷിപ്പിലെ മാരത്തണിന്റെയും റേസ് വാക്ക് മത്സരങ്ങളുടെയും പശ്ചാത്തലമായ ദോഹ സ്‌കൈലൈനാണ് മെഡലിന്റെ ഒരു ഭാഗത്ത്. പ്രാദേശിക ദോഹ കമ്പനിയും ഡിസൈന്‍ തയാറാക്കുന്നതില്‍ ഭാഗമായിട്ടുണ്ട്. കായികരംഗത്തെ മികവിന്റെ പ്രതീകമാണ് മെഡലെന്ന് ഐഎഎഎഫ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു.

അത്‌ലറ്റിക്‌സില്‍ ഉയര്‍ന്നതലത്തില്‍ വിജയിക്കാന്‍ ആവശ്യമായ വിയര്‍പ്പ്, പരിശ്രമം, സ്ഥിരോത്സാഹം എന്നിവയെല്ലാം പ്രതിനിധീകരിക്കുന്നതാണ് മെഡല്‍. കായികതാരങ്ങള്‍ക്ക് അവരുടെ മഹത്വത്തിന്റെ സ്ഥിരമായ സൂക്ഷിപ്പായി സ്വീകരിക്കേണ്ട അഭിമാനകരമായ മെഡലുകള്‍ തയറാക്കുന്നതില്‍ ദോഹയിലെ പ്രാദേശിക സംഘാടകസമിതി മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് സെബാസറ്റിയന്‍ കോ പറഞ്ഞു.

ഖത്തറിനെ സംബന്ധിച്ചിടത്തോളം സവിശേഷകരമായ അവസരമാണിതെന്ന് പ്രാദേശിക സംഘാടകസമിതിയിലെ മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശൈഖ അസ്മ അല്‍താനി പറഞ്ഞു. ലോകത്തിലെ മികച്ച അത്‌ലറ്റുകളെ സ്വാഗതം ചെയ്യുന്നതില്‍ ഖത്തര്‍ മുഴുവന്‍ ആവേശത്തിലാണെന്നും അവര്‍ പറഞ്ഞു.

മിഡ്‌നൈറ്റ് മാരത്തോണും 4-400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്‌ലറ്റിക്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത. ലോക അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് 4-400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 21വര്‍ഷമായി ഖത്തര്‍ ഐഎഎഫ് ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിച്ചുവരികയാണ്. 2019 ദോഹ അത്‌ലറ്റിക്‌സ് അവിസ്മരണീയമായ അനുഭവമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഖത്തറിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ടൂര്‍ണമെന്റായിരിക്കുമിത്. വിവിധ രാജ്യങ്ങളില്‍നിന്നായി 3000ലധികം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ലോക അത്‌ലറ്റിക്‌സ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്.

വൊളന്റിയര്‍മാര്‍, കായികവിദഗ്ദ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവരെല്ലാം പത്തുദിവസം നീളുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കാളിയാകാന്‍ കാത്തിരിക്കുകയാണ്. ഫലാഹ് എന്ന പേരിലുള്ള ഫാല്‍ക്കണാണ് ദോഹ 2019ന്റെ ഭാഗ്യചിഹ്നം. 213 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളെ വരവേല്‍ക്കുന്ന ഫലാഹ് ഫാല്‍ക്കണ്‍ എന്ന ഭാഗ്യരൂപമാണ്. പത്തു ദിവസങ്ങൡലായി 128 മത്സരഇനങ്ങളാണ് നടക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പത്താം വാര്‍ഷികത്തില്‍ മികവുറ്റ നേട്ടങ്ങളുമായി ക്യുഎസ്ടിപി

നവജാത ശിശുക്കളിലെ ശസ്ത്രക്രിയാ പരിചരണം: ലോകോത്തര കേന്ദ്രമായി സിദ്ര മെഡിസിന്‍