
ദോഹ: സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെ നടക്കുന്ന ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ടീമുകള്‍ ഖത്തറിലെത്തിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കായികതാരങ്ങളെ വരവേല്‍ക്കാന്‍ ഖത്തര്‍ സജ്ജമായിട്ടുണ്ട്. തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി.
209 ടീമുകളെ പ്രതിനിധീകരിച്ച് 1900ലധികം അത്‌ലറ്റുകളാണ് മത്സരിക്കാനെത്തുന്നത്. 1928 താരങ്ങള്‍ മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്. ഇതില്‍ 1039പേര്‍ പുരുഷന്‍മാരും 889 പേര്‍ വനിതകളുമാണ്. രണ്ടുവര്‍ഷം മുന്‍പ് നടന്ന ലണ്ടന്‍ ലോക അത്‌ലറ്റിക്‌സില്‍ വ്യക്തിഗത ഇനങ്ങളില്‍ വിജയികളായ 44പേരില്‍ 38പേരും കിരീടം നിലനിര്‍ത്താന്‍ ദോഹയിലെത്തുന്നുണ്ട്. 30 പുതിയ ഡയമണ്ട് ലീഗ് ചാമ്പ്യന്‍മാരും മത്സരരംഗത്തുണ്ട്. കഴിഞ്ഞദിവസം ഖത്തറിലെത്തിയ ബ്രസീല്‍ ടീമിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.
മിഡ്‌നൈറ്റ് മാരത്തോണും 4-400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്‌ലറ്റിക്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത. ലോക അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് 4-400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്. 2019 ദോഹ അത്‌ലറ്റിക്‌സ് അവിസ്മരണീയമായ അനുഭവമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഖത്തറിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന അത്‌ലറ്റിക്‌സ് വില്ലേജാണ് മുഖ്യ സവിശേഷത.
ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പിലെ പ്രധാന മത്സരങ്ങള്‍. ഇവിടെ സവിശേഷമായ ഫാന്‍സോണും ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്‌കാരങ്ങളില്‍ന്നെത്തുന്ന അത്‌ലറ്റുകളെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് ഇവിടെ. ഖലീഫ സ്റ്റേഡിയം ആഗോള സമൂഹമായി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കമ്യൂണിറ്റികള്‍ക്ക് അത്‌ലറ്റിക്‌സ് വില്ലേജിലെ ആഘോഷങ്ങളില്‍ പങ്കാളികളാകാം. നൃത്ത, സംഗീത പ്രകടനങ്ങളെല്ലാം നടക്കും. വില്ലേജില്‍ വിവിധ മേഖലകളായി തിരിച്ചായിരിക്കും സംസ്‌കാരിക ആഘോഷം അരങ്ങേറുക. ആഫ്രിക്ക, നോര്‍ത്ത്- സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവയെ പ്രതിനിധിനാം ചെയ്യുന്നതായിരിക്കും മേഖലകള്‍. ഓരോ രാജ്യത്തിന്റെയും പ്രമേയത്തിനനുസരിച്ചാണ് അലങ്കരിച്ചിരിക്കുന്നത്.
വിവിധ ഭക്ഷണരുചികള്‍, വിനോദപരിപാടികള്‍, സമ്മാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമുതലാണ് പ്രവേശനം. മത്സരടിക്കറ്റുള്ളവര്‍ക്ക് വില്ലേജില്‍ സൗജന്യപ്രവേശനമായിരിക്കും. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ലോക അത്‌ലറ്റിക്‌സ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. കായികലോകത്തെയൊന്നാകെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്.
പത്തു ദിവസങ്ങൡലായി 128 മത്സരഇനങ്ങളാണ് നടക്കുന്നത്. സ്റ്റേഡിയങ്ങളും ഹോട്ടലുകളും മറ്റു സൗകര്യങ്ങളുമെല്ലാം സജ്ജമാണ്. ഖലീഫ സ്റ്റേഡിയത്തിലെ ശീതീകരണസംവിധാനം മികച്ചതാണ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ഖത്തറിലെത്തുന്നത് 700 മാധ്യമപ്രവര്‍ത്തകര്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ ന്യൂസ് ഔട്ട്‌ലെറ്റുകളെയും മാധ്യമസ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചാണ് ഇത്രയധികം ജേര്‍ണലിസ്റ്റുകളെത്തുന്നത്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മീഡിയ സെന്റര്‍ തുറക്കുന്നത്. കോര്‍ണീഷിലും മാധ്യമ കേന്ദ്രം സജ്ജമാക്കുന്നുണ്ട്.
കോര്‍ണീഷില്‍ നടക്കുന്ന മാരത്തോണ്‍ ഉള്‍പ്പടെയുള്ള കായികയിനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ കേന്ദ്രം സഹായകമാകും. മൂന്നാമത്തെ മാധ്യമകേന്ദ്രം വിന്‍ദാം ഹോട്ടലിലായിരിക്കും. ഡിപിഎ, റോയിട്ടേഴ്‌സ്, എഎഫ്പി, സിന്‍ഹുവ, ബിബിസി എന്നിവയുടെയെല്ലാം പ്രതിനിധികള്‍ ഖത്തറിലെത്തുന്നുണ്ട്.