
ദോഹ: ഐഎഎഎഫ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇനി രണ്ടു ദിനങ്ങള്‍ കൂടി. മിക്ക ടീമുകളും ദോഹയിലെത്തി. സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ലോകോത്തര താരങ്ങളെ വരവേല്‍ക്കാന്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ അത്ലറ്റിക്സ് വില്ലേജ് സ്ജ്ജമായി.
അവസാനവട്ട ഒരുക്കങ്ങള്‍ സാംസ്കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്അലിയും വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അലി അല്‍ഹമ്മാദിയും വിലയിരുത്തി. ബ്രസീല്‍, ചൈന, നെതര്‍ലന്റ്, ചെക്ക് റിപ്പബ്ലിക്ക് താരങ്ങളെല്ലാം കഴിഞ്ഞദിവസങ്ങളിലായി ദോഹയിലെത്തി.
ഇന്ത്യയുടെ 27 അംഗ ടീമാണ് മത്സരത്തിനായി എത്തുന്നത്. പുരുഷ ടീമില്‍ 16 പേരാണുള്ളത്. വനിതാ ടീമില്‍ പി.യു ചിത്ര, അനു റാണി, ജിസ്ന മാത്യു, വി.രേവതി, വി.കെ.വിസ്മയ, എം.ആര് പൂവമ്മ, ആര്. വിത്യ, ശുഭ വെങ്കടേശന് എന്നിവരാണുള്ളത്. ഇന്ത്യന്‍ ടീമില്‍ 12 പേര് മലയാളികളാണ്.
ഇന്ത്യന്‍ ടീമിലെ ജിസ്ന മാത്യു, അജ്ഞലി, എം.ശ്രീശങ്കര്‍ എന്നിവര്‍ കഴിഞ്ഞദിവസം ദോഹയിലെത്തി. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ അര്‍ച്ചന സുശീന്ദ്രന് അവസാനനിമിഷം ക്ഷണം ലഭിച്ചു. പുറംവേദനയെത്തുടര്‍ന്ന് 400 മീറ്ററില്‍ ഇന്ത്യയുടെ ഹിമദാസ് മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു.
ഖലീഫ രാജ്യാന്തര സ്റ്റേഡിയം, ദോഹ കോര്‍ണിഷ് എന്നിവിടങ്ങളിലായാണ് മത്സരം. 203 രാജ്യങ്ങളില്‍ നിന്നായി 2,000ത്തോളം അത്ലറ്റുകളാണ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. ലോക അത്ലറ്റിക് വില്ലേജില്‍ ഫാന്‍ സോണ്‍, വൊളന്റിയര്‍മാര്‍ക്കായി വിനോദ കൂടാരം, മീഡിയ സെന്റര്‍, സുരക്ഷാ, ഗതാഗതം തുടങ്ങി എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
ഇതാദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മത്സരമായ ഐഎഎഫ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് മിഡില്‍ഈസ്റ്റില്‍ നടക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പ് കാണാന്‍ ടിക്കറ്റുള്ളവര്‍ക്ക് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് പാര്‍ക്ക് ആന്റ് ഷട്ടില്‍, ട്രാന്‍സ്പോര്‍ട്ട് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.