അശ്‌റഫ് തൂണേരി

അറബ് ലോകത്തിന്റെ കായിക തലസ്ഥാനമായി ചരിത്രത്തില്‍ അടയാളപ്പെട്ടു കഴിഞ്ഞ ഖത്തറിന്റെ ദോഹയ്ക്ക് സംഘാടന മികവില്‍ പുതിയൊരു തൂവല്‍ചാര്‍ത്തുകൂടി. പതിനേഴാം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചതോടെ കായിക ലോകത്തിന്റേയും ലോക മാധ്യമപ്രവര്‍ത്തകരുടേയും പ്രശംസ നിരന്തരം ഏറ്റുവാങ്ങുകയാണ് ഖത്തര്‍ ഒളിംപിക് കമ്മിറ്റിയുള്‍പ്പെടെ സംഘാടകര്‍. പത്ത് ദിവസങ്ങളായി ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിലും കോര്‍ണീഷിലുമായി 209 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2000ത്തോളം കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. ഖത്തറിന്റെ സംഘാടന മികവിനൊപ്പം വളണ്ടിയര്‍ സേവനം, കായിക മത്സരങ്ങള്‍ക്കുള്ള വേദികളുടെ സജ്ജീകരണം എന്നിവയെല്ലാം പരക്കെയാണ് പ്രശംസ നേടിയത്.

ഇതേവരെ നടന്ന പല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളിലും മികച്ചതായിരുന്നു ദോഹയിലേതെന്ന് അമേരിക്കയില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എലിയറ്റ് ഡെന്മാന്‍ ചന്ദ്രികയോട് വിശദീകരിച്ചു. എണ്‍പത്തിയഞ്ചുകാരനായ ഡെന്മാന്‍ ഇതേവരെ താന്‍ റിപ്പോര്‍ട്ട് ചെയ്ത അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് വേദികളിലായാലും സംഘാടനമായാലും മികച്ചു നിന്നത് ദോഹ തന്നെയെന്ന് തറപ്പിച്ചു പറയുന്നു. ഖലീഫാ രാജ്യാന്തര സ്‌റ്റേഡിയം സ്‌റ്റേഡിയം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ ലോകത്തെ പ്രശസ്തമായ പത്രങ്ങള്‍ക്കു വേണ്ടി കോളമെഴുതുന്ന അദ്ദേഹം വിശദീകരിച്ചു.

തങ്ങള്‍ക്ക് പല നിലയില്‍ ആഹ്ലാദം നല്‍കിയ ചാമ്പ്യന്‍ഷിപ്പാണ് ദോഹയിലേതെന്ന് കെനിയന്‍ മാധ്യമപ്രവര്‍ത്തകരായ മെഷാക് കിസേനിയ (ദി സ്റ്റാര്‍ ന്യൂസ് പേപ്പര്‍), മരിയാനെ എം വിഹാകി (മീഡിയാ മാക്‌സ് നെറ്റ് വര്‍ക്), ലിന്‍ഡാ റുട്ടാനോ (കെ ടി എന്‍ ന്യൂസ് ചാനല്‍) എന്നിവര്‍ പറഞ്ഞു. റിപ്പോര്‍ട്ടിംഗിനായും മികച്ച സൗകര്യങ്ങളാണ് സ്‌റ്റേഡിയത്തിലും മെയിന്‍ മീഡിയാ സെന്ററിലും ഉണ്ടായിരുന്നത്. കായിക താരങ്ങള്‍ക്ക് മികച്ച വേദികള്‍ തന്നെ മത്സരിക്കാന്‍ കിട്ടിയെന്നും അവര്‍ വ്യക്തമാക്കി. തന്റെ ആദ്യത്തെ വേള്‍ഡ്ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ടിംഗായിരുന്നു ദോഹയിലേതെന്നും ഉയര്‍ന്ന ജീവിത നിലവാരമുള്ള നഗരത്തില്‍ വളരെ നല്ല സംഘാടനമാണ് പതിനേഴാമത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പെന്നും
ലിന്‍ഡാ റുട്ടാനോ എടുത്തുപറഞ്ഞു. ഗതാഗത സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും മികച്ചതായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിദേശ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ലോകത്തെ വിവിധ ഭാഷകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ദോഹ ചാമ്പ്യന്‍ഷിപ്പിനെ മികച്ചതായാണ് പരാമര്‍ശിച്ചത്. ലോക അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു ദോഹയില്‍ നടന്നതെന്ന് ഐഎഎഎഫ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോയും വിശദീകരിച്ചു. ആറു ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡുകളാണ് ദോഹയില്‍ പിറന്നതെന്നും 43 രാജ്യങ്ങള്‍ മെഡലുകള്‍ നേടി. 68 വിവിധ രാജ്യങ്ങളില്‍നിന്നുള്ള അത്‌ലറ്റുകള്‍ ആദ്യ എട്ടില്‍ ഏതെങ്കിലുമൊരു സ്ഥാനം നേടിയെന്നും അദ്ദേഹം പറഞ്ഞു. 21 ഏരിയ റെക്കോര്‍ഡുകള്‍ പിറന്നു. 2017ലേതിനേക്കാള്‍ ഇരട്ടിയാണിത്. 86 ദേശീയ റെക്കോര്‍ഡുകളും ഭേദിക്കപ്പെട്ടു. ആറായിരത്തോളം വളയണ്ടിയര്‍മാരുടെ സേവനവും മികച്ചതായിരുന്നുവെന്ന് സെബാസ്റ്റിയന്‍ കോ എടുത്തുപറഞ്ഞു. ദോഹയിലെ മികച്ച സംഘാടനത്തിനുള്ള അഭിനന്ദനപത്രവും അദ്ദേഹം ഖത്തര്‍ ഒളിംപിക് കമ്മിറ്റി അധ്യക്ഷന്‍ ശൈഖ് ജുആന്‍ കൈമാറിയത് സമാപന ചടങ്ങിന് മുന്നോടിയായിട്ടായിരുന്നു. ആയിരങ്ങള്‍ സാക്ഷിയായ ആ മുഹൂര്‍ത്തം നിറഞ്ഞ കൈയ്യടി നേടി. ധികൃതര്‍ക്ക് കൈമാറി.

അതിനിടെ അടുത്ത ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ബാറ്റണ്‍ ഖത്തര്‍ കൈമാറാനും സമാപന ചടങ്ങ് വേദിയായി. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) പ്രസിഡന്റും ലോകത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘാടക സമിതി ചെയര്‍പേഴ്‌സനുമായ ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി ലോക അത്‌ലറ്റിക്‌സിന്റെ അടുത്ത പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന യുഎസ് സ്‌റ്റേറ്റ് ഒറിഗണിന്റെ ഗവര്‍ണര്‍ കേറ്റ് ബ്രൗണിനാണ് ബാറ്റണ്‍ കൈമാറിയത്. 29 മെഡലുകളുമായി അമേരിക്കന്‍ ആധിപത്യമായിരുന്നു ദോഹയില്‍ കണ്ടത്. പതിനാല് സ്വര്‍ണവും പതിനൊന്ന് വെള്ളിയും നാലു വെങ്കലവും സഹിതം 29 മെഡലുകളുമായി അമേരിക്ക ഒന്നാം സ്ഥാനം നേടി. ആഫ്രിക്കന്‍ കരുത്തരായ കെനിയ രണ്ടാംസ്ഥാനവും ജമൈക്ക മൂന്നാംസ്ഥാനവും നേടി.
ആതിഥേയ രാജ്യമായ ഖത്തര്‍ ഒരു സ്വര്‍ണവും വെങ്കലവുമായി 16ാമതായിരുന്നു. പുരുഷ, വനിതാവിഭാഗങ്ങളിലായി 49 മത്സരങ്ങഇനങ്ങളാണ് നടന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി 44 മിക്‌സഡ് റിലേ നടന്നു. കൂടാതെ അര്‍ധരാത്രിയില്‍ നടന്ന പുരുഷ, വനിതാ മാരത്തോണുകളുടെ വേദിയെന്ന നിലയിലും ദോഹ ചരിത്രത്തില്‍ ഇടം നേടി. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നായി 700ഓളം മാധ്യമപ്രവര്‍ത്തകരാണ് ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്. മലയാള ദിനപത്രങ്ങളില്‍ നിന്ന് ചന്ദ്രിക മാത്രവും മലയാളം വാര്‍ത്താ ചാനലുകളില്‍ നിന്ന് മീഡിയാ വണ്‍ മാത്രവുമായിരുന്നു അക്രഡറ്റേഷന്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍. റേഡിയോ മേഖലയില്‍ നിന്ന് മലയാളം 98.6 ന്റെ പ്രതിനിധികളും അക്രഡിറ്റഡ് പ്രതിനിധികളായി സാന്നിധ്യമറിയിച്ചു.
ഇന്ത്യയില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ രണ്ടുപേര്‍ മാത്രമായി ചുരുങ്ങി. സകാല്‍ ദിനപത്രത്തിന്റെ മൈക്കിള്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ സന്ദീപ് നാകി എന്നിവര്‍ മാത്രം. അമേരിക്കയില്‍ നിന്ന് അമ്പതിലധികം പേരാണ് പതിനേഴാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോകത്തെ അറിയിക്കാനായി എത്തിയത്.
ഏതായാലും ഉപരോധത്തിന്റെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം പോലും വകവെക്കാതെ മറ്റൊരു ലോക മത്സരം കൂടി നടത്തിയതിന്റെ അഭിമാനത്തില്‍ ദോഹയിലെ കായിക സംഘാടകരും തങ്ങളുടെ ചാമ്പ്യന്‍ഷിപ്പ് വിജയകരമായി നടന്നതിനാല്‍ ലോക അത്‌ലറ്റിക് ഫെഡറേഷനും (ഐ എ എ എഫ്) ഹാപ്പി.