
ദോഹ: രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്റെ(ഐഎഎഎഫ്) പൈതൃക പ്രദര്‍ശനം സിറ്റി സെന്റര്‍ ദോഹ ഷോപ്പിങ് മാളില്‍ തുടരുന്നു. ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായാണ് 400 സ്ക്വയര്‍മീറ്ററിലായി പൈതൃക പ്രദര്‍ശനം. വിഖ്യാത കായികതാരങ്ങള്‍ തങ്ങളുടെ ശേഖരത്തില്‍ നിന്നുള്ള അപൂര്‍വയിനം വസ്തുക്കള്‍ പ്രദര്‍ശനത്തിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
പ്രദര്‍ശനത്തിലേക്ക് അമേരിക്കയുടെ ലോങ്ജമ്പ് ചാമ്പ്യന്‍ ഡൈ്വറ്റ ഫിലിപ്പ്സ് തന്റെ ഒരു ജോഡി സ്പൈക്കുകള്‍ സംഭാവനയായി നല്കി. 2004ലെ ഒളിമ്പിക് ചാമ്പ്യനും നാലുതവണ ലോങ്ജമ്പ് ലോകചാമ്പ്യനുമായിട്ടുള്ള ഫിലിപ്പ്സ് ഒസാകയില്‍ 2007ലെ ഐഎഎഎഫ് ലോകത അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടുമ്പോള്‍ ധരിച്ചിരുന്ന സ്പൈക്കുകളാണ് പ്രദര്‍ശനത്തിലേക്ക് നല്‍കിയത്.
സ്പൈക്കുകള്‍ ഖത്തറിന്റെ ഏറ്റവും മികച്ച യുവ ലോങ്ജമ്പ് താരം 18കാരനായ റഷീദ് അബ്ദുല്ല അല്‍സുവൈദി മുഖേന പ്രതീകാത്മകമായി ദോഹ ശേഖരത്തിലേക്ക് കൈമാറുകയായിരുന്നു. 2009ല്‍ 8.74 മീറ്ററിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കുറിച്ച ഫിലിപ്പ്സ് 2013ലാണ് മൈതാനത്തുനിന്നും വിരമിച്ചത്.
ജെസ്സീ ഓവന്‍സ്, കാള്‍ലൂയിസ്, മൈക്ക് പവല്‍ ഉള്‍പ്പടെയുള്ള പ്രതിഭാധനരുടെ കിറ്റുകള്‍ക്കൊപ്പം തന്റെ ഒസാക സ്പൈക്കുകളും ഇരിക്കുന്നതിലെ സന്തോഷം ഫിലിപ്പ്സ് പങ്കുവച്ചു. പൈതൃകപ്രദര്ശനത്തിലേക്കെ നിരവധി കായികതാരങ്ങളാണ് സംഭാവന നല്‍കുന്നത്. ഖത്തറിന്റെ മുതാസ് ബര്‍ഷിമും അബ്ദുല്റഹ്മാന് സാംബയും മത്സരകിറ്റുകളാണ് നല്‍കിയത്. ഇവ പൈതൃക പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഹൈജമ്പില്‍ നിലവിലെ ലോകചാമ്പ്യനായ മുതാസ് ബര്‍ഷിം 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ മത്സരിച്ചപ്പോള്‍ ധരിച്ച കുപ്പായവും നമ്പറും സംഭാവനയായി നല്കി. ഒസ്താവയില് നടന്ന ഐഎഎഎഫ് കോണ്ടിനെന്റല് കപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കിരീടം നേടുമ്പോള്‍ ധരിച്ച ബോഡിസ്യൂട്ടാണ് അബ്ദുല്റഹ്മാന് സാംബ നല്‍കിയത്. ഒക്ടോബര്‍ ഏഴുവരെ ഐഎഎഎഫ് പൈതൃക പ്രദര്‍ശനം തുടരും.