in ,

ലോക അത്‌ലറ്റിക്‌സ്: ഫലാഹ് ഫാല്‍ക്കണിന്റെ ഖത്തറിലെ പര്യടനം തുടങ്ങി

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഭാഗ്യചിഹ്നമായ ഫലാഹ് ഫാല്‍ക്കണ്‍ ആസ്പയര്‍ ഫൗണ്ടേഷനില്‍

ദോഹ: സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ദോഹയില്‍ നടക്കുന്ന ഐഎഎഎഫ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന്റെ ഖത്തറിലെ പര്യടനം തുടങ്ങി. ഫലാഹ് എന്ന പേരിലുള്ള ഫാല്‍ക്കണാണ് ദോഹ 2019ന്റെ ഭാഗ്യചിഹ്നം. ഫലാഹ് ഫാല്‍ക്കണ്‍ ദോഹയില്‍ കായികപ്രേമികള്‍്ക്കിടയില്‍ സന്ദര്‍ശനം തുടങ്ങി.

കഴിഞ്ഞദിവസം ആയ്പയര്‍ ഫൗണ്ടേഷനില്‍ വേനല്‍ക്യാമ്പില്‍ പങ്കെടുക്കുന്ന നൂറുകണക്കിന് കുട്ടികള്‍ക്കിടയിലേക്ക് ഫലാഹ് ഇറങ്ങിച്ചെന്നു. കുട്ടികളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും കുട്ടികളുടെ ആവേശത്തില്‍ പങ്കാളിയാവുകയും ചെയ്തു.

മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി കമ്യൂണിറ്റികളെ യോജിപ്പിക്കുകയും കൂട്ടിയിണക്കുകയും ചെയ്യുകയെന്നതാണ് ഫലാഹിന്റെ ദൗത്യം. 213 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളെ വരവേല്‍ക്കുന്ന ഫലാഹ് ഫാല്‍ക്കണ്‍ എന്ന ഭാഗ്യരൂപമാണ്. പത്തു ദിവസങ്ങൡലായി 128 മത്സരഇനങ്ങളാണ് നടക്കുന്നത്. അടുത്ത മൂന്നു മാസം ഫലാഹിന്റെ ഖത്തറിലെ പര്യടനം തുടരും.

വിവിധ വേദികളില്‍ കായികപ്രമികളുമായും കുടുംബാംഗങ്ങളുമായും കൂട്ടികളുമായെല്ലാം ആശയവിനിമയം നടത്തും. അവരുടെ സന്തോഷങ്ങളില്‍ പങ്കാളിയാവും. സ്‌പോര്‍ട്ടിങ് ക്യാമ്പുകള്‍, മാളുകള്‍, കോഫിഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഫലാഹിന്റെ സാന്നിധ്യമുണ്ടാകും.

അത്‌ലറ്റിക്‌സിന്റെ സന്ദേശവും ഖത്തരി മൂല്യങ്ങളും രാജ്യത്തെ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ പ്രചരിപ്പിക്കും. അത്‌ലറ്റിക്‌സ് ലോകചാമ്പ്യന്‍ഷിപ്പിന്റെ ഏറ്റവും കൃത്യവും അനുയോജ്യവുമായ മുഖമാണ് ഫലാഹെന്ന് പ്രാദേശിക സംഘാടകസമിതി മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശൈഖ അസ്മ അല്‍താനി പറഞ്ഞു.

വേഗത, കാഴ്ചപ്പാട്, മുന്നില്‍നിന്നുകൊണ്ട് ലക്ഷ്യത്തിലേക്കുള്ള വേട്ട എന്നിവയെയെല്ലാം പ്രതിഫലിപ്പിക്കുന്നതാണ് ഫലാഹ് ഫാല്‍ക്കണ്‍. മാത്സര്യവും പോരാട്ടവീര്യവുമുള്ളതാണ് ഫലാഹ്. ഖത്തറിനെയും അറബ് രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം സവിശേഷ പ്രാധാന്യമുള്ളതാണ് ഫാല്‍ക്കണുകള്‍. ഖത്തരിപതാകയുടെ മറൂണ്‍ നിറത്തോടെയാണ് അത്‌ലറ്റിക് ഫാല്‍ക്കണിന്റെ രൂപം തയാറാക്കിയത്.

ഫലാഹ് ഫാല്‍ക്കണിനെ ആസ്പയറിലെത്തിച്ച ലോക അത്‌ലറ്റിക്‌സ് സംഘാടകസമിതിയെ പ്രശംസിക്കുന്നതായി ആസ്പയര്‍ സോണ്‍ ഇവന്റ്‌സ് വിഭാഗം ആക്ടിങ് ഹെഡ് അല്‍അനൗദ് അല്‍മിസ്‌നദ് പറഞ്ഞു. ലോകചാമ്പ്യന്‍ഷിപ്പിനെക്കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയാനും മനസിലാക്കാനും ഫലാഹ് ഫാല്‍ക്കണിന്റെ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആസ്പയര്‍ ഡോമില്‍ നിന്നാണ് ഫലാഹ് ഫാല്‍ക്കണിന്റെ ഖത്തറിലെ പര്യടനം തുടങ്ങുന്നതെന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. ഫലാഹിന്റെ പര്യടനം സംബന്ധിച്ച വിശദാംശങ്ങള്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ ചാനലുകളില്‍ ലഭ്യമാണ്. ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള അവ്‌സാജ് അക്കാഡമിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലായിരുന്നു ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചത്.

മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായി നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി തയാറെടുപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാകുന്നു. സെപ്തംബര്‍ 28നാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. ത്സരങ്ങള്‍ നടക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഫലാഹ് ഫാല്‍ക്കണിന്റെ സാന്നിധ്യമുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പോലീസ് കോളേജ് ബിരുദദാനം: പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി

ബസുകള്‍ക്കും ട്രാമുകള്‍ക്കുമിടയില്‍ ഗതാഗതത്തിനായി നൂതന സര്‍വീസ്