
ദോഹ: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ലോക ആന്റിബയോട്ടിക് ബോധവത്കരണ വാരാചരണം നടത്തി. ഖത്തറിലെ അസ്റ്ററിന്റെ എല്ലാ മെഡിക്കല്‍ സെന്ററുകളും ദോഹ ഓള്‍ഡ് എയര്‍പോര്‍ട്ടിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലും സംഘടിപ്പിച്ച ബോധവല്‍കരണ പരിപാടികളിലും മത്സരങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്തു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംശയങ്ങള്‍ തീര്‍ക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയാണ് എല്ലാ വര്‍ഷവും ലോക ആന്റിബയോട്ടിക് ബോധവത്കരണാചരണത്തിന് ആഹ്വാനം ചെയ്തതത്.
ദോഹ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഖത്തര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.സമീര്‍ മൂപ്പന്‍ നിര്‍വഹിച്ചു. ആസ്റ്റര്‍ ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കപില്‍ ചിബ്, മെഡിക്കല്‍ ഡയരക്ടര്‍ ഡോ.രഘു, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം മേധാവി ഡോ.അനൂപ് സിന്‍ഹ, ക്വാളിറ്റി വിഭാഗം മേധാവി ഡോ.മഹേഷ് പട്ടേല്‍, ഗൈനക്കോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ.നോറ വൈറ്റ്കിന്‍, യൂറോളജിസ്റ്റ് ഡോ.ശരത് ഷെട്ടി മറ്റു ജീവനക്കാര്‍ പങ്കെടുത്തു.
ആന്റിബയോട്ടിക്കിന്റെ ഗുണങ്ങളെയും ഉപയോഗങ്ങളെയും കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി ആസ്റ്റര്‍ പോസ്റ്റര്‍, ക്വിസ് തുടങ്ങീ പരിപാടികളും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ബോധവല്‍കരണങ്ങളും സംഘടിപ്പിച്ചു. ആസ്റ്ററിലെ ജീവനക്കാരടക്കം അഞ്ഞൂറിലധികം ആളുകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.