പ്രഥമ ഗെയിംസിലെ ആദ്യസ്വര്‍ണമെഡല്‍ ഇറ്റാലിയന്‍, ബ്രസീല്‍ താരങ്ങള്‍ക്ക്
കാലാവസ്ഥ പ്രതികൂലമായതിനാല്‍ പുരുഷവിഭാഗം വാട്ടര്‍സ്‌കൈ മത്സരങ്ങള്‍ മാറ്റിവെച്ചു
ആര്‍.റിന്‍സ്
ദോഹ

അനോക് ലോക ബീച്ച് ഗെയിംസില്‍ ആദ്യ സ്വര്‍ണമെഡലുകള്‍ ഇറ്റലിക്കും ബ്രസീലിനും. ഇറ്റലിയുടെ മാര്‍സെല്ലോ ഗ്യുയിഡിയും ബ്രസീലിന്റെ അന ഡി ജീസസ് സോറെസും ദോഹ ലോക ബീച്ച് ഗെയിംസിലെ ആദ്യ സ്വര്‍ണമെഡല്‍ ജേതാക്കള്‍ മാത്രമല്ല, ലോക ബീച്ച് ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ആദ്യ മെഡല്‍ജേതാക്കളായി. ലോക ബീച്ച് ഗെയിംസിന്റെ പ്രഥമ എഡീഷനാണ് ഖത്തറില്‍ നടക്കുന്നത്. കത്താറ ബീച്ചില്‍ ഇന്നലെ രാവിലെ നടന്ന പുരുഷ, വനിതാ വിഭാഗങ്ങളിലെ അഞ്ചുകിലോമീറ്റര്‍ ഓപ്പണ്‍ വാട്ടര്‍ മത്സരത്തിലാണ് പ്രഥമ ലോക ബീച്ച് ഗെയിംസിലെ ആദ്യ മെഡലുകള്‍ നിശ്ചയിക്കപ്പെട്ടത്.

പുരുഷവിഭാഗം ഓപ്പണ്‍ വാട്ടറില്‍ 55.25 മിനുട്ടില്‍ ഫിനിഷ് ചെയ്ത ഇറ്റലിയുടെ മാര്‍സെല്ലോ ഗ്യുയിഡി സ്വര്‍ണവും റഷ്യയുടെ ഡെനിസ് അദീവ് വെള്ളിയും ജര്‍മനിയുടെ സോയെരെന്‍ മെയ്‌സ്‌നര്‍ വെങ്കലവും നേടി. വനിതാവിഭാഗത്തില്‍ 59.51 മിനുട്ടില്‍ ഫിനിഷ് ചെയ്ത ബ്രസീലിന്റെ അന ഡി ജീസസ് സോറെസ് സ്വര്‍ണവും ചൈനയുടെ യാവന്‍ ഹു വെള്ളിയും ജര്‍മനിയുടെ ലിയോണി ബെക്ക് വെങ്കലവും നേടി. രാവിലെ നിശ്ചയിച്ചിരുന്നതിലും നേരത്തെതന്നെ മത്സരം തുടങ്ങിയിരുന്നു. ജലതാപനില 30 ഡിഗ്രിസെല്‍ഷ്യല്‍സിലധികമായതും പ്രക്ഷുബ്ധമായ കടല്‍സാഹചര്യങ്ങളും ചില അത്‌ലറ്റുകള്‍ക്ക് വിലങ്ങുതടിയായി.കരാട്ടെ വ്യക്തിഗത കത്തയില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ സ്പാനിഷ് താരങ്ങള്‍ക്കാണ് സ്വര്‍ണം.

വനിതാവിഭാഗത്തില്‍ സ്‌പെയിനിന്റെ ലോകചാമ്പ്യന്‍ സാന്ദ്ര സാഞ്ചസ് സ്വര്‍ണവും ഇറാന്റെ ഫാതിമെഹ് സദേഗി വെള്ളിയും നേടി. ഡൊമിനിക്കയുടെ മരിയ ദിമിത്രോവ, ഹോങ്കോങിന്റെ മോ ലൈ എന്നിവര്‍ വെങ്കലം നേടി.പുരുഷവിഭാഗത്തില്‍ സ്‌പെയിനിന്റെ ഡാമിയന്‍ ക്വിന്റെരോക്കാണ് സ്വര്‍ണം. ചൈനീസ് തായ്‌പേയിയുടെ യി വാങ് വെള്ളിയും അമേരിക്കയുടെ ഗകുജി തൊസാകിയും വെനസ്വേലയുടെ അന്റോണിയോ ദാസും വെങ്കലവും നേടി. രണ്ടു സ്വര്‍ണവുമായി സ്‌പെയിനാണ് മെഡല്‍പട്ടികയില്‍ ഒന്നാമത്. ബ്രസീലിനും ഇറ്റലിക്കും ഒ്ന്നുവീതം സ്വര്‍ണമുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ലഗ്‌തൈഫിയ ലഗൂണില്‍ ഇന്നലെ രാവിലെ 8.30ന് നടക്കേണ്ടിയിരുന്ന പുരുഷവിഭാഗം വാട്ടര്‍സ്‌െൈകെ ജമ്പ് പ്രാഥമിക റൗണ്ട് മത്‌സരങ്ങള്‍ മാറ്റിവെച്ചു.

സാഹചര്യങ്ങള്‍ സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജമ്പ് അപകടകരമാണെന്നതിനാല്‍ മാറ്റിവെക്കാന്‍ ചീഫ് ജഡ്ജ് തീരുമാനിച്ചത്. ടീം ക്യാപ്റ്റന്‍മാരുടെ അഭിപ്രായംകൂടി കേട്ടശേഷം എല്ലാവര്‍ക്കും ഫൈനല്‍ പ്രവേശനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒന്‍പതിനാണ് ഫൈനല്‍. അതേസമയം വാട്ടര്‍സ്‌കൈ വനിതാവിഭാഗം ജമ്പ്, വേക്ക്‌ബോര്‍ഡ്, പുരുഷവിഭാഗം വേക്ക് ബോര്‍ഡ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്നലെ നടന്നു. ഈയിനങ്ങളിലെ ഫൈനലും ഇന്ന് നടക്കും. വനിതാവിഭാഗം സ്‌കേറ്റ്‌ബോര്‍ഡിങ് പാര്‍ക്ക് ഫൈനല്‍, ബീച്ച് റെസ് ലിങ് പുരുഷ വിഭാഗം 70 കിലോ, 90 കിലോ, വനിതാവിഭാഗം 50 കിലോ, 70 കിലോ, അക്വാത്തോണ്‍ പുരുഷ, വനിതാവിഭാഗങ്ങള്‍ എന്നിവയിലും ഇന്ന് മെഡലുകള്‍ നിര്‍ണയിക്കും.