മെഡല്‍പട്ടികയില്‍ സ്പെയിന് ഒന്നാമത്, ബ്രസീലിന് രണ്ടാംസ്ഥാനം
ആര്.റിന്‍സ്
ദോഹ

പ്രഥമ അനോക് ലോക ബീച്ച് ഗെയിംസില്‍ പുരുഷവിഭാഗം ബീച്ച് വോളിബോളില്‍ ഖത്തറിന് വെള്ളി, കത്താറ ബീച്ചില്‍ ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ ഖത്തര്‍ യുഎസ്എയോടു തോല്‍ക്കുകയായിരുന്നു, സ്കോര്‍ 21-18, 26-24. പ്രഥമ അനോക് ലോക ബീച്ച് ഗെയിംസിലെ ഖത്തറിന്റെ ആദ്യ മെഡല്‍ കൂടിയായിരുന്നു ഇത്. മത്സരം വീക്ഷിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്ത് നാസര്‍ എന്നിവരെത്തിയിരുന്നു. സ്റ്റേഡിയം നിറയെ കാണികളുമുണ്ടായിരുന്നു.
ബീച്ച് ഹാന്‍ഡ്ബോളില്‍ ഖത്തറിന് നാലാം സ്ഥാനം ലൂസേഴ്സ് ഫൈനലില്‍ ഖത്തറിനെ തോല്‍പ്പിച്ച് സ്വീഡന് വെങ്കലം നേടി, സ്കോര്‍- 16-10, 16-21, 6-9. ആറു ദിവസം നീണ്ട ബീച്ച് ഗെയിംസിന് ഇന്നലെ സമാപനമായി. ഏഴു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമായി സ്പെയിന് ജേതാക്കള്‍. അഞ്ചു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമായി ബ്രസീല്‍ രണ്ടാമത്. നാലു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവുമായി ഇറ്റലി മൂന്നാമത്. നാലു സ്വര്‍ണവും നാലു വെങ്കലവുമായി യുഎസ്എ നാലാമത്. മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയുമായി ജപ്പാന് അഞ്ചാമത്. രണ്ടു വീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവുമായി റഷ്യ ആറാമത്. രണ്ടു സ്വര്‍ണവും ഒന്നുവീതം വെള്ളിയും വെങ്കലവുമായി ജോര്‍ജിയ ഏഴാമത്. ബെലാറസ്, നെതര്‍ലന്റ്, കൊളംബിയ, പാകിസ്താന്, നൈജീരിയ, ഇറാന്, ജര്‍മ്മനി, ഡെന്മാര്ക്ക്, ഫ്രാന്‍സ് ടീമുകള്‍ക്കു ഓരോന്നുവീതം സ്വര്‍ണം. അക്വാത്ത്ലോണ്‍ മിക്സഡ് റിലേ സ്വര്‍ണം നേടിയ കെവിന് വിന്വേല- ഫ്രാന്‍സിസ്ക ടൗസ് പ്രഥമ ലോക ബീച്ച് ഗെയിംസില്‍ ഇരട്ട സ്വര്‍ണം നേടിയ ആദ്യ താരങ്ങളെന്ന ഖ്യാതി സ്വന്തമാക്കി. പുരുഷ, വനിതാ വ്യക്തിഗത വിഭാഗങ്ങളില്‍ ഇവര്‍ക്കായിരുന്നു സ്വര്‍ണം.
വനിതകളുടെ കൈറ്റ്ഫോയില്‍ റേസിങില്‍ അമേരിക്കയുടെ ഡാനിയേല മൊറോസ്, പുരുഷന്മാരുടെ വിഭാഗത്തില്‍ ജര്‍മ്മനിയുടെ ഫ്ളോറിയന്‍ ഗ്രൂബര്‍, ബീച്ച് ടെന്നീസ് വനിതകളുടെ ഡബിള്‍സില്‍ ഇറ്റലിയുടെ ഫ്ളാമിന ഡാനിയ- നിക്കോള്‍ നൊബൈല്‍ സഖ്യം, പുരുഷവിഭാഗം ഡബിള്‍സില്‍ സ്പെയിനിന്റെ ജെറാര്‍ദ് റോഡ്രിഗ്രസ്- അന്റോണിയോ റാമോസ് സഖ്യം, മിക്സഡ് ഡബിള്‍സില്‍ ബ്രസീലിന്റെ റാഫെല്ല മില്ലര്‍- ആന്ദ്രെ ബാരന് സഖ്യം, ബീച്ച് റെസ്ലിങ് വനിതകളുടെ 60 കിലോയില്‍ ഇറ്റലിയുടെ ഫ്രാന്‍സിസ്ക ഇന്ഡെലികാറ്റോ, 70 കിലോയില്‍ നൈജീരിയയുടെ ബ്ലെസ്സിങ് ജോയ് ഒനൈബൂച്ചി, പുരുഷവിഭാഗം 80 കിലോയില്‍ ജോര്‍ജിയയുടെ ദവിത് കുത്സിഷ്വില്ലി, 90 കിലോയില്‍ ഇറാനിന്റെ പൗയ റഹ്മാനി, ബൗള്‍ഡറിങ് പുരുഷവിഭാഗത്തില്‍ ജാപ്പനീസ് താരം കെയ് ഹരാദ, വനിതകളുടെ സ്കേറ്റ്ബോര്‍ഡിങ് പാര്‍ക്കില്‍ ജപ്പാന്റെ തന്നെ സകൂര യൊസൊസുമി, പുരുഷന്മാരുടെ സ്കേറ്റ്ബോര്‍ഡിങ് പാര്‍ക്കില്‍ അമേരിക്കയുടെ ഹിമാന റെയ്നോള്‍ഡ്സ്, ബീച്ച് ഹാന്‍ഡ്ബോള്‍ വനിതാവിഭാഗത്തില്‍ ഡെന്മാര്ക്ക് ടീം, പുരുഷ വിഭാഗത്തില്‍ ബ്രസീല്‍ ടീം, ബീച്ച് സോക്കര്‍ പുരുഷ വിഭാഗത്തില്‍ ബ്രസീല്‍ ടീം, വനിതാവിഭാഗത്തില്‍ സ്പെയിന് ടീം, ബീച്ച് ബാസ്ക്കറ്റ്ബോള്‍ പുരുഷവിഭാഗത്തില്‍ റഷ്യ, വനിതാവിഭാഗത്തില്‍ ഫ്രാന്‍സ് ടീം എന്നിവര്‍ സ്വര്‍ണം നേടി.