in ,

ലോക ബീച്ച് ഗെയിംസ് മത്സരങ്ങള്‍ നാളെ മുതല്‍; ടീമുകള്‍ എത്തിത്തുടങ്ങി

ഔദ്യോഗിക ഉദ്ഘാടനം 12ന് വൈകുന്നേരം ഏഴിന് കത്താറ ആംഫിതിയറ്ററില്‍

ആര്‍.റിന്‍സ്

ദോഹ

അനോക് ലോക ബീച്ച് ഗെയിംസിനായി അല്‍ഗറാഫ അരീന സജ്ജമായപ്പോള്‍

ദേശീയ ഒളിമ്പിക് കമ്മിറ്റികള്‍(അനോക്) സംഘടിപ്പിക്കുന്ന പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ഒക്ടോബര്‍ പന്ത്രണ്ടിന് രാത്രി ഏഴിന് കത്താറയിലെ ആംഫിതിയറ്ററിലാണ് ഔദ്യോഗിക ഉദ്ഘാടനം. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ഒട്ടുമിക്ക ടീമുകളും ഖത്തറിലെത്തിയിട്ടുണ്ട്. എല്ലാ ഒരുക്കങ്ങളും ക്രമീകരണങ്ങളും സംഘാടകസമിതി പൂര്‍ത്തിയാക്കി. ലോകനിലവാരത്തിലുള്ള വേദികളിലാണ് മത്സരങ്ങള്‍. എസ്ദാന്‍ ഹോട്ടലിലെ അത്‌ലറ്റിക്‌സ് വില്ലേജില്‍ താരങ്ങള്‍ക്ക് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. 16വരെയാണ് ഗെയിംസ്.

പതിമൂന്ന് കായികയിനങ്ങളെ പ്രതിനിധീകരിച്ച പതിനാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 97 രാജ്യങ്ങളില്‍നിന്നായി 1200ലധികം അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. കത്താറ ബീച്ച്, അല്‍ഗറാഫ, ആസ്പയര്‍ സ്റ്റേഡിയങ്ങള്‍, റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിന്റെ ലെഗ്‌തൈഫിയ ലഗൂണ്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അല്‍ഗരാഫ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ മനോഹരമായ ബീച്ച് വേദിയായി രൂപാന്തരം ചെയ്തിട്ടുണ്ട്. റിറ്റ്‌സ് കാള്‍ട്ടണ്‍ കനാലിലെ ഇഡിലിക് വാട്ടേഴ്‌സിലായിരിക്കും വാട്ടര്‍സ്‌കൈ ജമ്പും വേക്ക്‌ബോര്‍ഡ് മത്സരവും നടക്കുക.

ടീമുകള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍

യൂറോപ്പില്‍ നിന്നും 31, ഏഷ്യയില്‍ നിന്നും 21, അമേരിക്കാസില്‍ നിന്ന് 19, ആഫ്രിക്കയില്‍ നിന്ന് 17, ഓഷ്യാനയില്‍നിന്നും അഞ്ചു വീതം രാജ്യങ്ങള്‍ മത്സരരംഗത്തുണ്ടാകും. പൊതുജനങ്ങള്‍ക്ക് സൗജന്യപ്രവേശനമായിരിക്കും. മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണം അനോക് ലോക ബീച്ച് ഗെയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ടായിരിക്കും. അക്വാത്ലോണ്‍, 3-3 ബാസ്‌ക്കറ്റ്‌ബോള്‍, റോക്ക് ക്ലൈംബിങ്, ബീച്ച് ഹാന്‍ഡ്ബോള്‍, കരാട്ടെ കറ്റ വ്യക്തിഗതം, കൈറ്റ്‌ഫോയില്‍ റേസിങ്, ക്ലൈംബ് ബോള്‍ഡറിങ്, സ്‌കേറ്റ്‌ബോര്‍ഡിങ്, വാട്ടര്‍സ്‌കൈ, വേക്ക്‌ബോര്‍ഡ്, ബീച്ച് സോക്കര്‍ ആന്റ് ഓപ്പണ്‍ വാട്ടര്‍ 5 കിലോമീറ്റര്‍, ബീച്ച് ടെന്നീസ്, ബീച്ച് വോളിബോള്‍ 4-4, ബീച്ച് റെസ്ലിങ് ഇനങ്ങളിലാണ് മത്സരങ്ങള്‍. സ്‌കേറ്റ്‌ബോര്‍ഡിങാണ് ഏറ്റവും ആകര്‍ഷക ഇനം.

ലോകത്തെ ഏറ്റവും മികച്ച 41 പേരാണ് മത്സരരംഗത്തുള്ളത്. അടുത്തവര്‍ഷത്തെ വേനല്‍ ഒളിമ്പിക്‌സിലെ മത്സരഇനമാണെന്നതിനാല്‍ ഇവിടെ സവിശേഷ പ്രാധാന്യമുണ്ട്. ഒക്ടോബര്‍ 14, 15 തീയതികളില്‍ ആസ്പയര്‍ സോണ്‍ സ്‌കേറ്റ്‌ബോര്‍ഡിങ് പാര്‍ക്കിലാണ് മത്സരം. അമേരിക്കയുടെ ലോകചാമ്പ്യന്‍ ഹയ്മന റെയ്‌നോള്‍ഡ്‌സും ബ്രിട്ടണിന്റെ വെങ്കലമെഡല്‍ ജേതാവ് സ്‌കൈ ബ്രൗണും തമ്മിലായിരിക്കും പ്രധാനമത്സരം. സ്‌കേറ്റ്‌ബോര്‍ഡ് ഡെക്കുകള്‍ സാധാരണയായി മേപ്പിള്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ അലുമിനിയം, നൈലോണ്‍, പ്ലെക്‌സിഗ്ലാസ്, ഫൈബര്‍ഗ്ലാസ്, മറ്റ് കൃത്രിമ വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കാം.

കാണികളെ ആവേശത്തിലാഴ്ത്തുന്നതാണ് ഈ മത്സരം. അനോക് ബീച്ച് ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല. ജിസിസിയില്‍ ആതിഥേയരായ ഖത്തറിനു പുറമെ ഒമാന്‍, കുവൈത്ത്, യുഎഇ രാജ്യങ്ങള്‍ മത്സരിക്കുന്നുണ്ട്. ബീ്ച്ച് ഹാന്‍ഡ്‌ബോള്‍, ബീച്ച് വോളിബോള്‍ ഇനങ്ങളിലാണ് ഖത്തറിന്റെ പ്രധാന പ്രതീക്ഷ. നാളെ ബീച്ച് ഹാന്‍ഡ്‌ബോള്‍, ബീച്ച് ഫുട്‌ബോള്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കും. ബീച്ച് ഹാന്‍ഡ്‌ബോളില്‍ അല്‍ഗറാഫ ബീച്ചില്‍ നാളെ രാവിലെ 10.40ന് നടക്കുന്ന പ്രാഥമികറൗണ്ടിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഖത്തര്‍ ക്രൊയേ്ഷ്യയെ നേരിടും.

നാളെ രാത്രി എട്ടരക്ക് രണ്ടാംമത്സരത്തില്‍ ഹംഗറിയാണ് ഖത്തറിന്റ എതിരാളികള്‍. വിജയികള്‍ക്കായി 350 മെഡലുകളാണ് കാത്തിരിക്കുന്നത്. ഏറ്റവും നൂതനമായ ഡിസൈനുകളിലാണ് മെഡലുകള്‍. ഡോള്‍ഫിനുകള്‍, ഞണ്ടുകള്‍, പവിഴം, വിവിധ മത്സ്യങ്ങള്‍ തുടങ്ങി കടല്‍ജീവികളെ ഡിസൈനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രകൃതിയുമായി ബീച്ച് സ്‌പോര്‍ട്‌സിനുള്ള മനോഹരമായ ബന്ധത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍.

അനോക് ജനറല്‍ അസംബ്ലി ഒക്ടോബര്‍ 17, 18 തീയതികളില്‍ ഖത്തറില്‍ നടക്കും. ലോക ബീച്ച് ഗെയിംസ് മത്സരാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകള്‍ ഖത്തറിലെ നിരത്തുകളിലുടനീളം ഉയര്‍ന്നിട്ടുണ്ട്. അശ്ഗാലിന്റെ ബോര്‍ഡുകളിലും മറ്റും സ്‌ക്രീനുകളില്‍ ഇത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അശ്ഗാല്‍ എന്‍ജിനിയര്‍മാര്‍ക്കായി സുരക്ഷാശില്‍പ്പശാല സംഘടിപ്പിച്ചു

സമാനതകളില്ലാത്ത അനുഭവമായിരിക്കും ഖത്തര്‍ ലോകകപ്പ്: ബ്രസീല്‍ ഇതിഹാസതാരം കഫു