in ,

ലോക ബീച്ച് ഗെയിംസ്: ഹാന്‍ഡ്‌ബോളില്‍ ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

കരാട്ടെയില്‍ മോന സൗദവും അദാം ഹാഷിമും പുറത്ത്
ബീച്ച് ടെന്നീസ് മിക്‌സഡ് ഡബിള്‍സിലും ഖത്തറിന് നിരാശ

ആര്‍.റിന്‍സ്

ദോഹ

ലോക ബീച്ച് ഗെയിംസ് കരാട്ടെ കത്ത വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ ഖത്തറിന്റെ മോന സൗദമിന്റെ പ്രകടനത്തില്‍ നിന്ന്

അനോക് ലോക ബീച്ച് ഗെയിംസിലെ ബീച്ച് ഹാന്‍ഡ്‌ബോളില്‍ തുടര്‍ച്ചയായ നാലു വിജയങ്ങളുമായി ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. അല്‍ഗറാഫ ബീച്ചില്‍ ഇന്നലെ നടന്ന പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഖത്തര്‍ ഉറുഗ്വെയെയും ടുണീഷ്യയെയും തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുടീമുകളെയും മറികടന്നത്. ഉറുഗ്വെയെ 19-18, 22-18 എന്നീ സ്‌കോറുകള്‍ക്കും ടുണീഷ്യയെ 18-12, 18-14 സ്‌കോറിനുമാണ് പരാജയപ്പെടുത്തിയത്. ആദ്യദിനത്തില്‍ ക്രൊയേഷ്യയെയും ഹംഗറിയെയും പരാജയപ്പെടുത്തിയ ഖത്തര്‍ തുടര്‍വിജയങ്ങളുമായാണ് അവസാന എട്ടില്‍ സ്ഥാനം നേടിയത്.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ സ്‌പെയിനിനെ ഖത്തര്‍ നേരിടും.ബീച്ച് വോളിബോള്‍ 4-4ആദ്യ റൗണ്ടില്‍ ഖത്തര്‍ ഇന്തോനേഷ്യയെ തോല്‍പ്പിച്ചു. ആദ്യ സെറ്റ് 21-16 എന്ന സ്‌കോറിന് ഇന്തോനേഷ്യ നേടിയെങ്കിലും അടുത്ത രണ്ടു സെറ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത ഖത്തര്‍ 21-14, 15-4 സ്‌കോറിന് രണ്ടു സെറ്റുകളും മത്സരവും സ്വന്തമാക്കി. ഷെരീഫ് യൂനുസ്, അഹമ്മദ് തിജാന്‍, സെയ്ഫ് അല്‍മാജിദ്, നാസിര്‍ അലി, സിയാദ് ബെന്‍ലൗഫര്‍, ഡെനീസ് മെസ്സിലാമനി എന്നിവരുള്‍പ്പെട്ടതാണ് ഖത്തര്‍ ടീം.

കരാട്ടെ കത്ത വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ ഗ്രൂപ്പ് ഡിയില്‍ ഒന്നാം റൗണ്ടില്‍ ഖത്തറിന്റെ മോന സൗദം മത്സരിച്ചെങ്കിലും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. സ്‌പെയിനിന്റെ ലോകചാമ്പ്യന്‍ സാന്ദ്ര സാഞ്ചസ് ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു മോന സൗദം. ഗ്രൂപ്പ് ഡിയില്‍ എട്ടു താരങ്ങളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. ഏഴംഗ ജഡ്ജിനു മുന്നില്‍ കാരട്ടെ കത്ത അഭ്യാസമുറകളാണ് അവതരിപ്പിക്കേണ്ടത്. മോന സൗദമിന് 20.74 പോയിന്റ് നേടാനെ സാധിച്ചുള്ളു. ഗ്രൂപ്പില്‍ അവസാനസ്ഥാനത്തായിരുന്നു ഖത്തര്‍ താരം.

കരാട്ടെ കത്തയില്‍ ഖത്തറിന്റെ അദാം അബ്ദുല്‍നാസര്‍ ഹാഷിമിന്റെ പ്രകടനം

ഗ്രൂപ്പില്‍ നിന്നും നാലുപേര്‍ക്കായിരുന്നു രണ്ടാംറൗണ്ടിലേക്ക് പ്രവേശനം ലഭിച്ചത്. യോഗ്യതാറൗണ്ടില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് സാന്ദ്രാ സാഞ്ചസായിരുന്നു. പുരുഷ വിഭാഗം വ്യക്തിഗത കത്തയില്‍ ഖത്തറിന്റെ അദാം അബ്ദുല്‍നാസര്‍ ഹാഷിമിന് ഗ്രൂപ്പ് സിയില്‍ ഏഴാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. 22.74 പോയിന്റാണ് ഖത്തര്‍ താരം നേടിയത്. യോഗ്യത നേടാനായില്ലെങ്കിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഖത്തരി താരത്തിനായി. ലോക റാങ്കിങില്‍ 23-ാം സ്ഥാനത്താണ് അദാം.

ബീച്ച് ഹാന്‍ഡ്‌ബോളില്‍ ഉറുഗ്വെക്കെതിരെ ഗോള്‍ സ്‌കോര്‍ ചെയ്യുന്ന ഖത്തര്‍ താരം

മോനയും അദാമും മത്സരിക്കാനെത്തിയപ്പോഴും അവരുടെ പ്രകടനം അവസാനിച്ചപ്പോഴും കയ്യടികളോടെയാണ് കാണികള്‍ വരവേറ്റത്. ബീച്ച് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഖത്തറിന്റെ മുബാറക്ക അല്‍നഈമിയും സുല്‍ത്താന്‍ അല്‍അലാവിയും ഉള്‍പ്പെട്ട സഖ്യം ജപ്പാന്റെ എറിന ഒത്‌സുക- നയോകി യമമോട്ടോ സഖ്യത്തോടു നേരിട്ടുള്ള സെറ്റുകള്‍ക്കു തോറ്റുപുറത്തായി. സ്‌കോര്‍- 6-0, 6-1. ഇന്നും ഖത്തറിന് തിരക്കേറിയ ദിനമാണ്. ബീച്ച് ബാസ്‌ക്കറ്റ്‌ബോള്‍ പുരുഷവിഭാഗത്തില്‍ ഖത്തര്‍ ഐവറി കോസ്റ്റിനെയും ടോഗോയെയും നേരിടും.

ബീച്ച് വോളിബോളില്‍ യുഎസ്എയും ജര്‍മ്മനിയുമാണ് ഇന്ന് ഖത്തറിന്റെ എതിരാളികള്‍. പുരുഷവിഭാഗം അഞ്ചുകിലോമീറ്റര്‍ ഓപ്പണ്‍ വാട്ടര്‍ മത്സരത്തില്‍ ദേശീയ ദേശീയതാരം അബ്ദുറഹ്മാന്‍ ഹിഷാമും വനിതകളുടെ അഞ്ചുകിലോമീറ്റര്‍ വിഭാഗത്തില്‍ ഖത്തരി ഒളിമ്പ്യന്‍ നദ മുഹമ്മദ് വഫ അര്‍ക്ജിയും ഇന്ന് മത്സരിക്കും. കത്താറ ബീച്ചിലെ ഓപ്പണ്‍ വാട്ടറിലാണ് മത്സരങ്ങള്‍. കുവൈത്തില്‍ ഏപ്രിലില്‍ നടന്ന ജിസിസി നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുകിലോമീറ്ററില്‍ അബ്ദുല്‍റഹ്മാന്‍ ഹിഷാം വെങ്കലമെഡല്‍ നേടിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പി.യു ചിത്രയ്ക്ക് സ്വീകരണം നല്‍കി

അനോക് ലോക ബീച്ച് ഗെയിംസിന് വര്‍ണാഭമായ തുടക്കം