in

ലോക ബീച്ച് ഗെയിംസ് 12 മുതല്‍; പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം

ദോഹ: ദേശീയ ഒളിമ്പിക് കമ്മിറ്റികള്‍(അനോക്) സംഘടിപ്പിക്കുന്ന പ്രഥമ ലോക ബീച്ച് ഗെയിംസിനു ഒക്ടോബര്‍ 12നു തുടക്കമാകും. 16വരെയാണ് ഗെയിംസ്. വിവിധ കായികയിനങ്ങളെ പ്രതിനിധീകരിച്ച് 1200ലധികം അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. കത്താറ ബീച്ച്, അല്‍ഗരാഫ, ആസ്പയര്‍ സ്റ്റേഡിയങ്ങള്‍, റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിന്റെ ലെഗ്‌തൈഫിയ ലഗൂണ്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.

ഒക്ടോബര്‍ പന്ത്രണ്ടിനാണ് ബീച്ച് ഗെയിംസ് തുടങ്ങുന്നതെങ്കിലും ചില കായികയിനങ്ങളുടെ പ്രാഥമിക റൗണ്ടിന് 11ന് തുടക്കമാകും. പൊതുജനങ്ങള്‍ക്ക് സൗജന്യപ്രവേശനമായിരിക്കും. കാണികള്‍ക്ക മത്സരങ്ങള്‍ സൗജന്യമായി കാണാനുള്ള അവസരമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാവര്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശൈഖ് അസ്മ അല്‍താനി പറഞ്ഞു. ഖത്തര്‍ 2019 വേള്‍ഡ് ബീച്ച് ഗെയിംസ് ബീച്ച് കായിക ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന അസാധാരണ സംഭവമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ബീച്ച് സ്‌പോര്‍ട്‌സ് അന്തരീക്ഷം മുഴുവന്‍ കുടുംബത്തിനും അനുയോജ്യമാണെന്നും ടീമുകളെ പ്രോത്സാഹിപ്പിക്കാനും ദോഹയുടെ ബീച്ചുകള്‍ ആസ്വദിക്കാനും കാണികള്‍ ധാരാളമായി വരുമെന്നും അവര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലോകനിലവാരത്തിലുള്ള മികച്ച താരങ്ങളുടെ പങ്കാൡത്തം പ്രഥമ എഡീഷനിലുണ്ടാകുമെന്ന് അനോക് സെക്രട്ടറി ജനറല്‍ ഗുനില്ല ലിന്‍ഡ്ബര്‍ഗ് പറഞ്ഞു. 90 നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളുടെ അത്‌ലറ്റുകള്‍ മത്സരിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിനാല് കായികഇനങ്ങളിലാണ് മത്സരം.

അക്വാത്ലോണ്‍, 3-3 ബാസ്‌ക്കറ്റ്‌ബോള്‍, റോക്ക് ക്ലൈംബിങ്, ബീച്ച് ഹാന്‍ഡ്ബോള്‍, കരാട്ടെ കറ്റ വ്യക്തിഗതം, കൈറ്റ്‌ഫോയില്‍ റേസിങ്, ക്ലൈംബ് ബോള്‍ഡറിങ്, സ്‌കേറ്റ്‌ബോര്‍ഡിങ്, വാട്ടര്‍സ്‌കൈ, വേക്ക്‌ബോര്‍ഡ്, ബീച്ച് സോക്കര്‍ ആന്റ് ഓപ്പണ്‍ വാട്ടര്‍ 5 കിലോമീറ്റര്‍, ബീച്ച് ടെന്നീസ്, ബീച്ച് വോളിബോള്‍ 4-4, ബീച്ച് റെസ്ലിങ് ഇനങ്ങളിലാണ് മത്സരങ്ങള്‍. അനോക് ജനറല്‍ അസംബ്ലി ഒക്ടോബര്‍ 17, 18 തീയതികളില്‍ ഖത്തറില്‍ നടക്കും. 206 നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളാണ് അനോകിലുള്ളത്. 2016ലെ അനോക് ജനറല്‍ അസംബ്ലി ദോഹയിലായിരുന്നു നടന്നത്.

സ്വിറ്റ്‌സര്‍ലന്റിലെ ലൗസന്നെയാണ് അനോകിന്റെ ആസ്ഥാനം. നേരത്തെ കാലിഫോര്‍ണിയയിലെ സാന്‍ഡിഗോയെയായിരുന്നു 2019ലെ അനോക് ലോക ബീച്ച് ഗെയിംസിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. ലോക ബീച്ച് ഗെയിംസിന്റെ പ്രഥമ എഡീഷനാണ് ഖത്തര്‍ ആതിഥ്യമേകുന്നതെന്ന സവിശേഷതയുണ്ട്. അമേരിക്കന്‍ നഗരത്തിന് ആവശ്യമായ സാമ്പത്തിക സമാഹരണം സാധ്യമാകാതെ വന്നതോടെയാണ് വേദി മാറ്റാന്‍ അനോക് തീരുമാനിച്ചത്. ബീച്ച്‌ഗെയിംസിനായി പുതിയ വെബ്‌സൈറ്റിനും തുടക്കംകുറിച്ചിട്ടുണ്ട്. തല്‍സമയ സ്ട്രീമിങ്, പങ്കെടുക്കുന്ന കളിക്കാരുടെ ഡേറ്റാബേസ്, ഏറ്റവും പുതിയ ഫലങ്ങള്‍ ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും.

ലോക ബീച്ച് ഗെയിംസിന്റെ ഭാഗ്യചിഹ്നമായി ഡോള്‍ഫി എന്ന കഥാപാത്രത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഡോള്‍ഫി അനോക് ബീച്ച് ഗെയിംസ് പ്രഥമ പതിപ്പിന്റെ ചൈനത്യം ഉള്‍ക്കൊള്ളുന്നുവെന്നു മാത്രമല്ല കുടുംബാംഗങ്ങള്‍ക്ക് അനുയോജ്യമായ വിനോദപരിപാടികള്‍ സംഘടിപ്പിക്കപ്പെടുമെന്നതിന്റെ സൂചന കൂടിയാണ്. ഡോള്‍ഫിനുകളുടെ സ്വഭാവസവിശേഷതയെന്നത് സൗഹൃദവും സമാധാനവും ഒപ്പം സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം നല്‍കി ചുറ്റുമുള്ളവരെ ആനന്ദിപ്പിക്കുന്ന പ്രവണതയാണ്. ഖത്തറും ഈ ഗുണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ചരിത്രപരമായ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നേടുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ശൈഖ് അസ്മ അല്‍താനി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യന്‍ നാവികകപ്പല്‍ മൈസൂര്‍ ഇന്ന് ഹമദ് തുറമുഖത്തില്‍

സ്ഥിര താമസ അനുമതിയുള്ള പ്രവാസി ആണ്‍മക്കള്‍ക്കും വിസ മാറാതെ ഇനി ജോലി ചെയ്യാം