സഊദി അറേബ്യയുടെയും യുഎഇയുടെയും എതിര്‍പ്പ് യുഎന്‍ സമിതി തള്ളി; എന്‍എച്ച്ആര്‍സി സ്വാഗതം ചെയ്തു

ദോഹ: വംശീയ വിവേചനം ഇല്ലാതാക്കാനുള്ള യുഎന്‍ സമിതിയില്‍ സഊദിക്കും യുഎഇക്കുമെതിരെ ഖത്തര്‍ നിലപാടിന് അംഗീകാരം. കമ്മിറ്റി ഓഫ് ദി എലിമിനേഷന് ഓഫ് റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ കഴിഞ്ഞദിവസം ഖത്തറിനു അനുകൂലമായ രണ്ടു സുപ്രധാന തീരുമാനങ്ങള്‍ പുറപ്പെടുവിച്ചു.
വംശീയവിവേചനം ഇല്ലാതാക്കാനുള്ള സമിതിയുടെ അധികാരപരിധി, അന്തര്‍ രാജ്യ ആശയവിനിമയങ്ങളുടെ പ്രവേശനം സംബന്ധിച്ച് യുഎഇക്കും സഊദിക്കുമെതിരെ ഖത്തര്‍ സമര്‍പ്പിച്ച ഹര്‍ജി എന്നിവയില്‍ സഊദിഅറേബ്യയും യുഎഇയും നല്കിയ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് യുഎന്‍ സമിതി രണ്ടു തീരുമാനങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വംശീയവിവേചനം ഇല്ലാതാക്കാനുള്ള സമിതിയുടെ ഈ തീരുമാനങ്ങളെ ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി(എന്‍എച്ച്ആര്‍സി) സ്വാഗതം ചെയ്തു. ഖത്തറിനെതിരായ സഊദിസഖ്യരാജ്യങ്ങളുടെ വംശീയ വിവേചനം സംബന്ധിച്ച പരാമര്‍ശങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെയാണ് ഖത്തര്‍ യുഎന്‍ സമിതിക്ക് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ മേയില്‍ ജനീവയിലെ സമിതിയുടെ ആസ്ഥാനത്ത് വാദം കേള്‍ക്കലും രേഖാമൂലമുള്ള സമര്‍പ്പണങ്ങളും നടന്നിരുന്നു.
സഊദിയും യുഎഇയും ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സമിതിയുടേത്. സമിതി ഇതുമായി ബന്ധപ്പെട്ട നടപടികളുടെ അടുത്ത ഘട്ടത്തിലേക്ക് പോകും. കേസുകളുടെ മെറിറ്റ് പരിശോധിക്കുന്നതിനായി രണ്ടു അഡ്ഹോക് അനുരജ്ഞന കമ്മീഷനുകള്‍ സ്ഥാപിക്കുകയും ചെയ്യും. പ്രശ്നത്തിന് രമ്യമായ പരിഹാരം കാണുന്നതിനായി കമ്മീഷനുകള്‍ ഉചിതമായ രീതിയില്‍ പ്രവര്‍ത്തിക്കും.
ഖത്തറിനെതിരായ ഉപരോധത്തെ തുടര്‍ന്ന് ഖത്തറിലെ സ്വദേശികളും വിദേശികളുമുള്‍പ്പെടെ നിരവധിപേര്‍ക്ക് അയല്‍രാജ്യങ്ങളില്‍ നിന്ന് കടുത്ത വിവേചനങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഉപരോധ രാജ്യങ്ങളുടെ പരാമര്‍ശം 1965ലെ വിവേചനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള രാജ്യാന്തര കണ്വെന്ഷന് ആര്‍ട്ടിക്കിള്‍ 11,12,13 എന്നിവയുടെ പരിധിക്കുള്ളില്‍ വരുമെന്ന് യു എന്‍ വിവേചന വിരുദ്ധ സമിതി വ്യക്തമാക്കി.
യു എന്‍ സമിതിയുടെ തീരുമാനത്തില്‍ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്നും ഖത്തറില്‍ നിന്നുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ യു എന്നിന് മുമ്പാകെ സ്ഥിരീകരിക്കപ്പെടുന്നതിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണിതെന്നും ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.
ഉപരോധരാജ്യങ്ങളുടെ നടപടികള്‍ക്കെതിരെ രാജ്യാന്തരതലത്തിലുണ്ടായ ശക്തമായ തീരുമാനമാണിത്. അന്താരാഷട്ര നിയമങ്ങളെയും കണ്‍വെന്‍ഷനുകളെയും കാറ്റില്‍ പറത്തിയാണ് ഖത്തറിന് നേരെയുള്ള ഉപരോധ രാജ്യങ്ങളുടെ വംശീയ വിവേചനമടക്കമുള്ള അതിക്രമങ്ങള്‍. സമിതിയുടെ അന്തിമ തീരുമാനം വരും മാസങ്ങളില്‍ പുറത്തുവരുമെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും എന്‍എച്ച്ആര്‍സി സൂചിപ്പിച്ചു.
ഉപരോധം മൂലം ദുരിതം അനുഭവിക്കുന്ന ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. യുഎന്‍ സമിതിയുടെ തീരുമാനത്തെ രാജ്യാന്തരനീതിന്യായ കോടതിയിലെ ഖത്തര്‍ ഏജന്റും ഖത്തര്‍ യൂണിവേഴ്സിറ്റി ലോ കോളേജ് ഡീനുമായ ഡോ.മുഹമ്മദ് അബ്ദുല്‍അസീസ് അല്‍ഖുലൈഫിയും സ്വാഗതം ചെയ്തു.
ഖത്തര്‍ സമര്‍പ്പിച്ച അന്തര്‍ രാജ്യ ആശയവിനിമയം സംബന്ധിച്ച ഹര്‍ജിയുടെ മെറിറ്റ് പരിശോധിക്കുന്നതിനും യുഎഇ- സഊദി എതിര്‍പ്പ് തള്ളി മുന്നോട്ടുപോകുന്നതിനും തീരുമാനിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്തര്‍ രാജ്യ ആശയവിനിമയങ്ങളുടെ പരിഹാരത്തില്‍ മനുഷ്യാവകാശ ഉടമ്പടികളുടെ പങ്കിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണിത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിനാണ് സഊദിക്കും യുഎഇക്കുമെതിരെ ഖത്തര്‍ യുഎന്‍ വംശീയ വിവേചന വിരുദ്ധ സമിതിയെ സമീപിക്കുന്നത്.