in ,

വംശീയവിവേചനം ഒഴിവാക്കാനുള്ള യുഎന്‍ കമ്മിറ്റിയില്‍ ഖത്തറിന് അംഗത്വം

കമ്മിറ്റിയിലേക്ക് ഡോ.ശൈഖ അബ്ദുല്ല അല്‍മിസ്‌നദിനെ തെരഞ്ഞെടുത്തു

ന്യുയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ഡോ. ശൈഖ അബ്ദുല്ല അല്‍മിസ്‌നദ് യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിക്കൊപ്പം

ദോഹ: വംശീയവിവേചനം തുടച്ചുനീക്കുന്നതിനായുള്ള യുഎന്‍ കമ്മിറ്റിയില്‍ ഖത്തറിന് അംഗത്വം. ഡോ. ശൈഖ അബ്ദുല്ല അല്‍മിസ്‌നദിനെയാണ് സമിതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. വോട്ടെടുപ്പില്‍ ഖത്തറിന് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചത്. എല്ലാ രൂപത്തിലുമുള്ള വംശീയ വിവേചനം തുടച്ചുനീക്കുന്നതിനായുള്ള കണ്‍വന്‍ഷനില്‍ ഉള്‍പ്പെട്ട 180 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 132 വോട്ടുകളാണ് ഖത്തറിന് ലഭിച്ചത്.

ന്യുയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് കണ്‍വന്‍ഷന്റെ ഭാഗമായ രാജ്യങ്ങളുടെ 28-ാമത് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കമ്മിറ്റിയിലെ ഒന്‍പത് സീറ്റുകളിലേക്ക് പതിനാല് പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 2020 ജനുവരിയിലാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്. വിദ്യാഭ്യാസത്തിനുള്ള അവകാശം, വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ മനുഷ്യാവകാശ തത്വങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതില്‍ ശൈഖ അബ്ദുല്ലയുടെ പങ്ക്, എല്ലാ മനുഷ്യര്‍ക്കുമിടയില്‍ അന്തസ്സും തുല്യതയും സംബന്ധിച്ച തത്വങ്ങളോടു അവര്‍ക്കുള്ള ആഴമായ ആദരവ് എന്നിവയും ഖത്തര്‍ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

ശൈഖ അബ്ദുല്ല തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം വംശം, ലിംഗം, ഭാഷ, മതം എന്നിവയുടെയൊന്നും വ്യത്യാസമില്ലാതെ എല്ലാവരെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുഎന്നിലെ ഖത്തറിന്റെ സ്ഥിരംദൗത്യസംഘത്തിന്റെ ശ്രമങ്ങളും തെരഞ്ഞെടുപ്പ് ക്യാമ്പയിനും ഡോ.ശൈഖ അബ്ദുല്ല അല്‍മിസ്‌നദിന്റെ വിജയത്തില്‍ നിര്‍ണായകമായി. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും എല്ലാത്തരം വംശീയവിവേചനങ്ങളും ഇല്ലാതാക്കാന്‍ ഐക്യരാഷ്ട്രസംഘടനകളിലൂടെ പ്രവര്‍ത്തിക്കുന്നതിലും ഖത്തറിന്റെ സുപ്രധാന പങ്ക് അടിവരയിടുന്നതാണ് ഡോ. അല്‍മിസ്‌നദിന്റെ വിജയം.

2003ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റായി നിയമിതയായ ഡോ. അല്‍മിസ്നാദ് ഈ പദവി വഹിച്ച ആദ്യത്തെ ഖത്തരി വനിതയാണ്. 2012 മുതല്‍ അവര്‍ ആഗോള നീതി പദ്ധതിയില്‍(ഗ്ലോബല്‍ ജസ്റ്റീസ് പ്രൊജക്റ്റ്) അംഗമാണ്. യുകെയിലെ ഡര്‍ഹം യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കലാ-വിദ്യാഭ്യാസത്തില്‍ ബിരുദവും വിദ്യാഭ്യാസത്തില്‍ പ്രത്യേക ഡിപ്ലോമയും നേടി. കാനഡയിലെ ഡല്‍ഹൗസി യൂണിവേഴ്‌സിറ്റി, യുകെയിലെ ഡര്‍ഹം യൂണിവേഴ്സിറ്റി എന്നിവയില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് നേടി.

വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള യുഎന്‍ സമിതിയില്‍ 18 സ്വതന്ത്ര വിദഗ്ദ്ധരാണുള്ളത്. 1965 ഡിസംബര്‍ 21ന് അംഗീകരിച്ച് 1969ല്‍ പ്രാബല്യത്തില്‍ വന്ന, എല്ലാ തരത്തിലുള്ള വംശീയ വിവേചനവും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് കമ്മിറ്റിക്കുള്ളത്. വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള കമ്മിറ്റിയിലേക്ക് നാലുവര്‍ഷ കാലാവധിയിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോപ്പ അമേരിക്ക: ഖത്തര്‍ ഇന്ന് മെസ്സിയുടെ അര്‍ജന്റീനയെ നേരിടും

തുര്‍ക്കിയില്‍ എല്‍എന്‍ജി വിതരണം: ഖത്തര്‍ഗ്യാസിന് അഭിമാനകരമായ നേട്ടം