in ,

വംശീയ വിവേചനത്തിനും വിദ്വേഷത്തിനുമെതിരെ ഖത്തര്‍

ദോഹ: ദേശീയ തലത്തിലായാലും രാജ്യാന്തര നയങ്ങളുടെ ചട്ടക്കൂടിനുള്ളിലായാലും എല്ലാ തരത്തിലുള്ള വംശീയത, വംശീയ വിവേചനം, സിനോഫോബിയ(പരദേശിവിദ്വേഷം), ഇതുമായി ബന്ധപ്പെട്ട അസഹിഷ്ണുത എന്നിവയെയെല്ലാം തള്ളിക്കളയുന്നതായി ഖത്തര്‍ വ്യക്തമാക്കി. വംശീയവിവേചനവും പരദേശിവിദ്വേഷവും എല്ലാ മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും ഗുരുതരമായ ലംഘനമായി കണക്കാക്കപ്പെടുന്നു. മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാമത് സെഷനില്‍ വംശീയത, വംശീയവിവേചനം, സീനോഫോബിയ, അസഹിഷ്ണുതയുടെ അനുബന്ധരൂപങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഐറ്റം ഒന്‍പത് പ്രകാരമുള്ള പൊതുചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ഖത്തര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ജനീവ യുഎന്‍ ഓഫീസിലെ ഖത്തറിന്റെ സ്ഥിരംപ്രതിനിധി അലി ഖല്‍ഫാന്‍ അല്‍മന്‍സൂരിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 2017 ജൂണ്‍ മുതല്‍ ഖത്തറിനും പൗരന്മാര്‍ക്കും എതിരെ ഉപരോധരാജ്യങ്ങള്‍ നിര്‍ബന്ധിത വിവേചന നടപടികള്‍ ഏര്‍പ്പെടുത്തിയത് തുടരുന്നതായി അദ്ദേഹം പറഞ്ഞു. ഖത്തരി വ്യക്തികളുടെയും ഈ രാജ്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങളുടെയും മനുഷ്യാവകാശങ്ങളില്‍ ഉപരോധരാജ്യങ്ങളുടെ നടപടികള്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ സ്വീകരിച്ച നടപടികളെ ന്യായീകരിക്കുന്നതിനായി ദുര്‍ബലമായ വാദങ്ങളാണ് ഉപരോധ രാജ്യങ്ങള്‍ തുടരുന്നത്.
ഇക്കാര്യത്തില്‍, വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള സമിതി അടുത്തിടെ നടത്തിയ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. സഊദി അറേബ്യക്കും യുഎഇക്കുമെതിരെ ഖത്തര്‍ നല്‍കിയ പരാതിയിലാണ് സമിതി പ്രഖ്യാപനം നടത്തിയത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയതരം മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
സഊദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ അത്തരം നടപടികള്‍ അവസാനിപ്പിക്കുന്നതിനും അത്തരം ലംഘനങ്ങള്‍ തടയുന്നതിനും അവരുടെ അന്താരാഷ്ട്ര പ്രാദേശിക മനുഷ്യാവകാശ ബാധ്യതകള്‍ പാലിക്കാനും ആ രാജ്യങ്ങളോടു സമ്മര്‍ദ്ദം ചെലുത്താന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനോടും അതിന്റെ സംവിധാനങ്ങളോടും അംബാസഡര്‍ ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കണം’

ചൈനയിലേക്കുള്ള സര്‍വിസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് റദ്ദാക്കി