
ദോഹ: 2022 ഫിഫ ലോകകപ്പിനായി ഖത്തറില്‍ സജ്ജമായ രണ്ടാമത്തെ സ്റ്റേഡിയമായ വഖ്‌റയിലെ അല്‍ജനൂബ് സ്റ്റേഡിയത്തില്‍ അത്യാധുനികമായ ഐസിടി സൗകര്യങ്ങള്‍. വിപുലമായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് കമ്യൂണിക്കേഷന്‍സ്(ഐസിടി) സൗകര്യങ്ങളാണ് സ്‌റ്റേഡിയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും നൂതന സാങ്കേതികസംവിധാനമുള്ള സ്‌റ്റേഡിയങ്ങളിലൊന്നാണ് അല്‍ജാനൂബ്.

ഈ മെയ് മാസത്തില്‍ അല്‍ദുഹൈലും അല്‍സദ്ദും തമ്മിലുള്ള അമീര്‍ കപ്പ് ഫൈനലോടെയായിരുന്നു സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നത്. 40,000 ഇരിപ്പിടശേഷിയുള്ള സ്റ്റേഡിയം ഡിസൈന്‍ ചെയ്തത് വിഖ്യാത ഇറാഖി ആര്‍ക്കിടെക്റ്റ് സഹ ഹാദിദായിരുന്നു. ഫുട്‌ബോള്‍ ആസ്വാദകര്‍, കളിക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രതിനിധികള്‍ എന്നിവര്‍ക്കെല്ലാം പ്രയോജനപ്പെടുന്ന അത്യാധുനിക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്യൂണിക്കേഷന്‍ സവിശേഷതകളാണ് സ്‌റ്റേഡിയത്തിനുള്ളത്.
ആസ്വാദകര്‍ക്കും ഓപ്പറേഷന്‍സ് ടീമിനും ഉയര്‍ന്ന സാന്ദ്രതയിലധിഷ്ഠിതമായ കണക്റ്റിവിറ്റി പ്രാപ്തമാക്കുന്നതിനായി സ്റ്റേഡിയത്തിലുടനീളം ആയിരത്തിലധികം വൈഫൈ ലഭ്യതാ പോയിന്റുകളാണ് വിന്യസിച്ചിരിക്കുന്നത്. അമീര്‍ കപ്പ് ഫൈനലില്‍ ഏറ്റവും ഉയര്‍ന്ന ബാന്‍ഡ്‌വിഡ്ത്ത് ഉപഭോഗം 2ജിബിയിലെത്തി. ഒരേസമയം 8500ലധികം ഉപകരണങ്ങള്‍ക്കാണ് സേവനം നല്‍കിയത്.

ലോകമെമ്പാടുമുള്ള സമാന സ്റ്റേഡിയങ്ങളില്‍ രേഖപ്പെടുത്തിയ മൊത്തത്തിലുള്ള വയര്‍ലെസ് അസോസിയേഷനുകളുടെ ഇരട്ടിയിലധികംവരുമിത്. ഫൈനലില്‍ 2.2ടിബിയിലധികം ഡാറ്റയാണ് വൈഫൈ സംവിധാനത്തിലൂടെ കൈമാറ്റപ്പെട്ടത്. കാണികളുടെ മേഖലയെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ 5ജി മൊബൈല്‍ കമ്യൂണിക്കേഷന്‍ സിഗ്നലുകള്‍ ഉള്‍ക്കൊള്ളുന്ന ലോകത്തെ ആദ്യത്തെ സ്‌റ്റേഡിയങ്ങളിലൊന്നാണ് അല്‍ജനൂബ്.
അമീര്‍ കപ്പ് ഫൈനലില്‍ ഒരു ജിബിയില്‍ കൂടുതല്‍ സിഗ്നല്‍ വേഗത രേഖപ്പെടുത്തിയിരുന്നു. ഇന്‍ഡോര്‍ ബില്‍ഡിങ് സൊലൂഷനുള്‍ സ്‌റ്റേഡിയത്തിലുടനീളം പൂര്‍ണമായ കരുത്താണ് മൊബൈല്‍ സിഗ്നലുകള്‍ക്ക് നല്‍കിയത്. ഫൈനലില്‍ ആറു ടിബിയിലധികം ഡാറ്റയാണ് കൈമാറിയത്. അമീര്‍ കപ്പ് ഉദ്ഘാടന ചടങ്ങില്‍ സ്റ്റേഡിയത്തിനുള്ളിലെ സ്മാര്‍ട്ട് എല്‍ഇഡി ലൈറ്റുകള്‍ ലൈറ്റ്‌ഷോ ഇഫക്ടുകള്‍ക്കായി പ്രോഗ്രാം ചെയ്തിരുന്നു.
42 ലൗഡ് സ്പീക്കര്‍ സംവിധാനങ്ങളടങ്ങിയ സ്റ്റേഡിയത്തിന്റെ ശബ്ദസംവിധാനം ഫൈനലില്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിരുന്നു. അധിക ഓവര്‍ലേ ശബ്ദസംവിധാനങ്ങളൊന്നും വിന്യസിക്കാതെയാണ് ഇത് സാധ്യമാക്കിയത്.
മുന്‍കൂര്‍ പ്രോഗ്രാമിങിന്റെ ആവശ്യമില്ലാതെതന്നെ പ്രകാശവും ശബ്ദസംവിധാനങ്ങളും തമ്മിലുള്ള സംയോജനത്തിലൂടെ മനോഹരമായ കാഴ്ചാനുഭവം പ്രദാനം ചെയ്യാനായി. നൂതനമായ സ്‌പോര്‍ട്‌സ് ഇന്‍ എ ബോക്‌സ് സംവിധാനവും സ്‌റ്റേഡിയത്തില്‍ വിന്യസിച്ചിരുന്നു. സ്‌റ്റേഡിയത്തിനായി ആപ്ലിക്കേഷനുകള്‍, സെര്‍വറുകള്‍, സുരക്ഷാ അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്കയാണിത്.
ഡെല്‍ ടെക്‌നോളജീസുമായി സഹകരിച്ച് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ വികസിപ്പിച്ച സാങ്കേതിക ആശയമാണ് സ്‌പോര്‍ട്‌സ് ഇന്‍ എ ബോക്‌സ്. ആഗോള കായിക വ്യവസായത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ക്കായി കോംപാക്ട്, സ്‌കേലബിള്‍, പോര്‍ട്ടബിള്‍ ഐസിടി അടിസ്ഥാനസൗകര്യവിന്യാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ വിധത്തില്‍ 1200ലധികം സിസിടിവി ക്യാമറകളാണ് സ്‌റ്റേഡിയത്തിലും പരിസരത്തിലുമായി വിന്യസിച്ചിരിക്കുന്നത്.
ഫൈനലില്‍ മുഴുവന്‍ കാഴ്ചക്കാരുടെയും മേഖലയെ കവര്‍ ചെയ്യുന്നതിനായി 40 ഹൈ മെഗാപിക്‌സല്‍ ക്യാമറകളാണ് ഉപയോഗിച്ചത്.
സ്‌റ്റേഡിയം സ്‌പെക്ടേറ്റര്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ 83 ടേണ്‍സ്‌റ്റൈലുകളാണ്(കടന്നുപോകുന്നവരുടെ എണ്ണമറിയുന്നതിനുള്ള ജനഗണനയന്ത്രം) സജ്ജീകരിച്ചിരിക്കുന്നത്. ആകെ സംവിധാനത്തിന്റെ ശേഷി മണിക്കൂറില്‍ 63,900 കടന്നുപോകലാണ്. ഫൈനലില്‍ രേഖപ്പെടുത്തിയ മണിക്കൂറിലെ ഉയര്‍ന്ന കടന്നുപോകല്‍ 20,000 ആയിരുന്നു. ആകെ സംവിധാനത്തിന്റെ ശേഷിയുടെ 31ശതമാനം വരുമിത്.