in ,

വഖ്‌റയില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍: ജനപ്പെരുപ്പം വര്‍ധിക്കുന്നു

ദോഹ: ദക്ഷിണ ഖത്തറില്‍ അശ്ഗാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന വന്‍ വികസനപദ്ധതികളും അടിസ്ഥാനസൗകര്യവും വഖ്‌റ മേഖലയെ ഖത്തറിലെ ജനപ്രിയ റസിഡന്‍ഷ്യല്‍ കേന്ദ്രമാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വഖ്‌റയില്‍ കൂടുതല്‍ കച്ചവടസ്ഥാപനങ്ങളും വ്യവസായസംരംഭങ്ങളും തുടങ്ങിയിട്ടുണ്ട്.

റോഡുവികസനം ഉള്‍പ്പടെ വന്‍തോതിലുള്ള അടിസ്ഥാനസൗകര്യവികസന പദ്ധതികളാണ് വഖ്‌റ, വുഖൈര്‍, അല്‍മഷാഫ് എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണഖത്തറില്‍ നടപ്പാക്കുന്നത്. വഖ്‌റയിലെ ദോഹ മെട്രോ സ്‌റ്റേഷന്‍, വാണിജ്യ കോംപ്ലക്‌സുകള്‍, മാളുകള്‍, രാജ്യാന്തര സ്‌കൂളുകള്‍, പുതിയ റോഡുകള്‍, ആസ്പത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍ 2022 ഫിഫ ലോകകപ്പിനായുള്ള വഖ്‌റ അല്‍ജാനൂബ് സ്റ്റേഡിയം എന്നിവയെല്ലാം വഖ്‌റ മേഖലയെ റസിഡന്‍ഷ്യല്‍ ഹോട്ട്‌സ്‌പോട്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

കഴിഞ്ഞ കുറേവര്‍ഷങ്ങളില്‍ രാജ്യത്തിന്റെ മറ്റേതു മേഖലയില്‍ നടക്കുന്നതിനേക്കാളും കൂടുതലായി വഖ്‌റയില്‍ വളര്‍ച്ച കൈവരിക്കാനായിട്ടുണ്ടെന്ന് ഇവിടത്തെ താമസക്കാരും ഷോപ്പുടമകളും ചൂണ്ടിക്കാട്ടുന്നു. വഖ്‌റയിലെ ഏറ്റവും പുതിയ വികസന ഉദ്ഘാടനമെന്നത് അല്‍ജാനൂബ് സ്റ്റേഡിയമായിരുന്നു.

സ്റ്റേഡിയത്തിനു ചുറ്റും സൈക്ലിങ്, റണ്ണിങ് ട്രാക്കുകള്‍, മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ ഏരിയ, പള്ളി, വിവാഹമണ്ഡപം, മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം സംവിധാനിച്ചിട്ടുണ്ട്. വഖ്‌റയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലും വിപുലീകരണപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

ഈ മേഖലയില്‍ രാജ്യാന്തര സ്‌കൂളുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഭക്ഷണശാലകള്‍, ആസ്പത്രികള്‍ എന്നിവയെല്ലാമുണ്ട്. ബര്‍വ വില്ലേജിനു സമീപത്തുള്ള റൗണ്ട് എബൗട്ട് മുതല്‍ അല്‍ജാനൂബ് സ്റ്റേഡിയം വരെയുള്ള റോഡിന്റെ നവീകരണമാണ് ഏറ്റവുംപ്രധാന വികസനം. വഖ്‌റ ഇപ്പോള്‍ പൂര്‍ണമായും വികസിത നഗരമായി ഉയര്‍ന്നിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സൗകര്യങ്ങളും ഈ മേഖലയില്‍ ഇപ്പോള്‍ ലഭ്യമാണ്.

വഖ്‌റയില്‍ മികച്ച നിലവാരമുള്ള സ്‌കൂളുകളുടെ ലഭ്യത കുടുംബങ്ങള്‍ ഇവിടേക്ക് താമസം മാറുന്നതിന് കാരണമായിട്ടുണ്ട്. ഒട്ടു മിക്ക രാജ്യാന്തര സ്‌കൂളുകളും വഖ്‌റയിലുണ്ട്. ഖത്തറിന്റെ സ്‌കൂള്‍ തലസ്ഥാനമായി വഖ്‌റയെ വിശേഷിപ്പിച്ചാല്‍ അതിലൊട്ടും അതിശയോക്തിയുണ്ടാകില്ലെന്ന് ഇവിടത്തെ താമസക്കാരനായ തമാല്‍ ദാസ് ഖത്തര്‍ ട്രിബ്യൂണിനോടു പ്രതികരിച്ചു.

വഖ്‌റയിലെ എസ്ദാന്‍ മാളില്‍ ഒക്യുപന്‍സി 80ശതമാനത്തിലധികമായിട്ടുണ്ട്. വുഖൈറിലെ എസ്ദാന്‍ മാളിലും തിരക്കേറുന്നു. 400 കോടി റിയാലിന്റെ ഈസ്റ്റ് വെസ്റ്റ് കോറിഡോര്‍, 200 കോടി റിയാലിന്റെ വഖ്‌റ ബൈപാസ്, 1500 കോടി റിയാലിന്റെ ന്യൂഓര്‍ബിറ്റല്‍ ഹൈവേ ആന്റ് ട്രക്ക് റൂട്ട് ആദ്യഘട്ടം എന്നിവയാണ് പ്രധാന റോഡുവികസനപദ്ധതികള്‍.

വഖ്‌റയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളും വുഖൈറിന്റെ ദക്ഷിണഭാഗവുമടങ്ങുന്ന 16 ദശലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വഖ്‌റയുടെ ദക്ഷിണഭാഗത്ത് 32 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് വികസന പദ്ധതികള്‍.

24 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് വുഖൈറിലെ വികസന പദ്ധതികള്‍. റോഡുവികസനപദ്ധതികള്‍ നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ മറ്റു മേഖലകളില്‍ നിന്നു വഖ്‌റയിലേക്ക് വേഗത്തിലും അനായാസവും എത്തിപ്പെടാന്‍ കഴിയുന്നുണ്ട്.

ദക്ഷിണഖത്തറിന്റെ വികസനത്തിനായി കോടിക്കണക്കിന് റിയാലാണ് അശ്ഗാല്‍ ചെലവഴിക്കുന്നത്. കൂടുതല്‍ പാര്‍പ്പിടങ്ങളും വ്യവസായസംരംഭങ്ങളും കടന്നുവരുന്നതോടെ ജനപ്പെരുപ്പം ഇതിലുമധികം വര്‍ധിക്കും. കൂടുതല്‍ പദ്ധതികള്‍ നടപ്പാകുന്നതോടെ ഇവിടെ ജനവാസം വര്‍ധിക്കും.

കൂടുതല്‍ റസിഡന്‍ഷ്യല്‍ യൂണിറ്റുകളും നിര്‍മിക്കേണ്ടതായി വരും. ജനപ്പെരുപ്പവും വികസനപദ്ധതികളും കണക്കിലെടുത്ത് നിരവധി ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ തങ്ങളുടെ വ്യാപാരം വഖ്‌റയിലേക്ക് കേന്ദ്രീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഷോപ്പിങ് ഔട്ട്‌ലെറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

കഴിഞ്ഞകുറേവര്‍ഷങ്ങളായി ഇവിടെ വ്യാപാരസ്ഥലങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. മീസൈമീര്‍, വഖ്‌റ, വുഖൈര്‍ എന്നിവിടങ്ങളില്‍ പ്രവാസി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വര്‍ധിച്ച സാന്നിധ്യമുണ്ട്. സ്‌കൂള്‍ പ്രമോട്ടര്‍മാര്‍ കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു, വഖ്‌റ ആസ്പത്രിയുടെയും മറ്റ് നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഈ മേഖലയില്‍ ആരംഭിച്ചതും റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സുഡാന്‍ ഭരണഘടനാരേഖ ഒപ്പുവക്കല്‍ ചടങ്ങില്‍ ഖത്തര്‍ പങ്കെടുത്തു

ഖത്തര്‍ സ്റ്റാര്‍സ് ലീഗിന് ഇന്ന് തുടക്കം: അല്‍സദ്ദ് വഖ്‌റയെ നേരിടും