in ,

വഖ്‌റ മാര്‍ക്കറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഓട്ടോമേറ്റഡ് അറവുശാല

ഓട്ടോമേറ്റഡ് അറവുശാലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ദോഹ: അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓട്ടോമാറ്റിക് അറവു കേന്ദ്രവും വഖ്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ഇത്തരമൊരു അറവുകേന്ദ്രം. എല്ലാ വിധ അത്യാധുനിക ക്രമീകരണങ്ങളും അറവുശാലയിലുണ്ട്. മാനദണ്ഡങ്ങളും ആരോഗ്യനിലവാരവും പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തനം. നിലവിലുള്ള കശാപ്പുശാലകളേക്കാള്‍ മികച്ചതായിരിക്കും പുതിയ മാര്‍ക്കറ്റിലേത്. പ്രതിദിനം 9,000 ചെമ്മരിയാടുകളെ കൈകാര്യം ചെയ്യാനാകും. ഓട്ടോമാറ്റിക് അറവുശാലയുടെ നടത്തിപ്പിനായി ഹസാദും വിദാം ഫുഡ്കമ്പനിയും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉത്പന്നത്തിന്റെ ഗുണനിലവാരവും പ്രക്രിയയുടെ കാര്യക്ഷമതയും നിലനിര്‍ത്തുന്നു. ചെമ്മരിയാടുകളെ അറുക്കുന്നതിനു പുറമെ പശുക്കളും ഒട്ടകങ്ങള്‍ക്കുമായി മറ്റൊരുവരിയും ക്രമീകരിച്ചിട്ടുണ്ട്. 14,000 സ്‌ക്വയര്‍ മീറ്ററിലായാണ് അറവുശാല ഒരുക്കിയിരിക്കുന്നത്. കന്നുകാലികളെ കശാപ്പ് ചെയ്ത് മറ്റു ഘട്ടങ്ങളിലൂടെയുള്ള പ്രക്രിയ്യയും പൂര്‍ത്തിയാക്കി 20 മിനുട്ടിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാകും. കശാപ്പിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിന് ഓട്ടോമേറ്റഡ് അറവുശാലയില്‍ ഇലക്ട്രോണിക് ബോര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് വിദാം ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് അല്‍ ഹജ്‌രി വ്യക്തമാക്കി. അറവിന്റെ ആദ്യഘട്ടം മുതല്‍തന്നെ ഇസ്‌ലാമിക കശാപ്പുരീതിയാണ് പിന്തുടരുന്നത്. മാംസത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വെറ്റരിനറി പരിശോധന തല്‍സമയം നടക്കും. നിലവില്‍ ഒരു ലൈന്‍ മാത്രനമാണ് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്.
മറ്റുള്ളവയുടെ പ്രവര്‍ത്തനം ഉടന്‍തന്നെ തുടങ്ങും. നിലവില്‍ ഒരു ചെമ്മരിയാടിനെ അറുക്കുന്നതിനും വിവിധ ഭാഗങ്ങളാക്കി മാറ്റുന്നതിനും പാക്കേജിങിനുമായി ഈടാക്കുന്നത് പതിനാറ് റിയാലാണ്. അറവുശാല പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ നിരക്ക് മാറ്റത്തിനു വിധേയമായിരിക്കുമെന്നും അല്‍ഹജ്‌രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍തന്നെ ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉയര്‍ന്ന വ്യാപാരം ഈ അറവുശാല കേന്ദ്രീകരിച്ചുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാംസോത്പന്നങ്ങളില്‍ ഖത്തറിന്റെ സ്വയംപര്യാപ്തതാ ശ്രമങ്ങളില്‍ വലിയ പങ്കുവഹിക്കാന്‍ ഈ അറവുശാലയുടെ ഉയര്‍ന്നശേഷി സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അശ്ഗാല്‍: ഉപരിതല, ഭൂഗര്‍ഭ ജല സേവനങ്ങള്‍ക്കും ഫീസ് നിശ്ചയിച്ചു

ദോഹ മെട്രോക്ക് സ്വപ്‌ന നേട്ടം; യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു