
ആര്.റിന്‍സ്
ദോഹ
കായികചരിത്രത്തില്‍ ഖത്തര്‍ മറ്റൊരു സുവര്‍ണനേട്ടം കൂടി സ്വന്തമാക്കി. വര്‍ണങ്ങള്‍ വാരിവിതറിയ വ്യാഴാഴ്ചയുടെ സായാഹ്നത്തില്‍ വഖ്റ സ്റ്റേഡിയം മിഴി തുറന്നു. വിശുദ്ധ റമദാനിലെ 12-ാം രാവിലായിരുന്നു ഖത്തറിന്റെയും ഫുട്ബോള്‍ ലോകത്തിന്റെയും സമ്മോഹന മുഹൂര്‍ത്തം. 2022ലെ ഫിഫ ലോകകപ്പിലേക്ക് ഖത്തര്‍ ഒരു ചുവടുകൂടി അടുത്തു. വിസ്മയച്ചെപ്പ് തുറന്നപ്പോള്‍ കണ്ടത് സമാനതകളില്ലാത്ത ഏറ്റവും ഉദാത്തമായ സ്റ്റേഡിയങ്ങളിലൊന്ന്.
ഖത്തറില്‍ സജ്ജമായ രണ്ടാം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പ്രൗഡഗംഭീരമായ ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ സാന്നിധ്യത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വഖ്റ സ്റ്റേഡിയം കായികലോകത്തിനു സമര്‍പ്പിച്ചു. വഖ്റ സ്്റ്റേഡിയം 2022 ലോകകപ്പിന് സജ്ജമാണെന്ന് ഖത്തര്‍ ലോകത്തോട് പ്രഖ്യാപിച്ചു. ലോകകപ്പ് മുന്‍നിര്‍ത്തി പുതിയതായി നിര്‍മിക്കുന്ന സ്റ്റേഡിയങ്ങളില്‍ ആദ്യത്തേതാണ് വഖ്റ.

രണ്ടുവര്‍ഷം മുന്‍പ് ഖലീഫ സ്റ്റേഡിയം കായികലോകത്തിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് പഴയ സ്റ്റേഡിയം നവീകരിച്ചതായിരുന്നു. ദോഹ മെട്രോയിലായിരുന്നു അമീര്‍ വഖ്റ സ്റ്റേഡിയത്തിലേക്കെത്തിയത്. മെട്രോയില്‍ വഖ്റ സ്റ്റേഷനിലിറങ്ങിയ അമീര്‍ അവിടെനിന്നും മെട്രോലിങ്ക് ബസിലായിരുന്നു സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദ്, ഉള്‍പ്പടെയുള്ളവരും നിരവധി അറബ് രാജ്യാന്തര കായിക ഫെഡറേഷനുകളുടെ തലവന്മാരും മാധ്യമപ്രമുഖരും പങ്കെടുത്തു.

സ്റ്റേഡിയത്തിനു മധ്യത്തായി പ്രത്യേകമായൊരുക്കിയ കലാസൃഷ്ടിയിലൂടെ വഖ്റയുടെ ചരിത്രവും സംസ്കാരവും അനാവരണം ചെയ്തു. സ്റ്റേഡിയം ഡിസൈന്‍ ചെയ്ത വിഖ്യാത ഇറാഖി ആര്‍ക്കിടെക്റ്റ് സഹ ഹദീദിന് സമര്‍പ്പണമായി പ്രത്യക അവതരണമുണ്ടായിരുന്നു. സ്റ്റേഡിയത്തിനു മധ്യത്തിലെ പന്തിന്റെ മാതൃകയിലുള്ള സ്ഫടിക സൃഷ്ടിയില്‍ സഹ ഹദീദിന്റെ രൂപം തെളിഞ്ഞുവന്നത് അവര്‍ക്കുള്ള ഏറ്റവും ഉദാത്തമായ മരണാനന്തരബഹുമതിയായി.
വഖ്റയുടെ സവിശേഷമായ സമുദ്രപൈതൃകം ലോകത്തിനു മുന്നില്‍ പ്രകടമാക്കുന്നതായിരുന്നു ചടങ്ങ്. അമീര്‍ കപ്പിന്റെ മാതൃക സ്റ്റേഡിയത്തിന്റെ മധ്യത്തില്‍ വിരിഞ്ഞാണ് ഉദ്ഘാടനം നടന്നത്. കുട്ടിത്താരങ്ങളുടെ അവതരണത്തിലൂടെ ഒരു നാടിന്റെ സംസ്കാരം സ്റ്റേഡിയത്തില്‍ അനാവരണം ചെയ്യപ്പെടുകയായിരുന്നു. വെടിക്കെട്ടുകളുടെയും വര്‍ണവിസ്മയങ്ങളുടെയും അകമ്പടിയുമുണ്ടായിരുന്നു. സ്റ്റേഡിയം തിങ്ങിനിറഞ്ഞ് കാണികളെത്തി.

40,000 ആയിരുന്നു സീറ്റിങ് കപ്പാസിറ്റി. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി ആയിരത്തിലധികം വൊളന്റിയേഴ്സിനെ നിയോഗിച്ചിരുന്നു. കുവൈത്ത്, ഒമാന്‍, അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൊളന്റിയര്‍മാരുടെ മികവും ചടങ്ങുകളുടെ വിജയത്തില്‍ നിര്‍ണായകമായി. ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന അമീര്‍ കപ്പ് ഫൈനലും മറ്റു സാംസ്കാരിക പരിപാടികളും വീക്ഷിക്കാന്‍ നിരവധിപേരെത്തി. അല്‍സദ്ദും അല്‍ദുഹൈലും തമ്മിലായിരുന്നു അമീര്‍ കപ്പ് ഫൈനല്‍.
സദ്ദ് ക്യാപ്റ്റന്‍ സാവി ഹെര്‍ണാണ്ടസിന്റെ വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു ഇത്. താങ്ക്യു സാവി എന്നെഴുതിയ പ്ലക്കാര്‍ഡുകളും കാണികളുടെ പക്കലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങുകളും അമീര്‍ കപ്പ് ഫൈനലും വീക്ഷിക്കുന്നതിനുള്ള ടിക്കറ്റുകള്‍ പൂര്‍ണമായും ഒരുദിവസം മുന്‍പുതന്നെ വിറ്റുപോയിരുന്നു. പരമ്പരാഗത ഖത്തരി സാംസ്കാരിക പരിപാടികള്‍ അരങ്ങേറിയതിനൊപ്പം ഖത്തറിന്റെ പ്രൗഢ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ദൃശ്യാവതരണവുമുണ്ടായിരുന്നു.

ഖത്തറിന്റെ പ്രൗഡമായ കായികചരിത്രത്തിലെ മറ്റൊരു സുവര്ണമൂഹൂര്ത്തത്തിനാണ് വഖ്റ സ്റ്റേഡിയം സാക്ഷിയായത്. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന ഫിഫ ലോകകപ്പെന്ന കായികമാമാങ്കം സംഘടിപ്പിക്കുന്നതിന് ഈ കൊച്ചു ഗള്‍ഫ് രാജ്യത്തിന് എത്രത്തോളം അര്‍ഹതയുണ്ടെന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ഖത്തറിന്റെ സുവ്യക്തമായ മറുപടിയാണ് ഇന്നലെ വെളിപ്പെട്ടത്. ശൈഖുമാര്‍, മന്ത്രിമാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, പ്രമുഖ കായികതാരങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത് ഖത്തറിന്റെ കായികചരിത്രത്തിലെ മറ്റൊരു അവിസ്മരണീയമായ മുഹൂര്‍ത്തമായി.
സീയു 2022 എന്നെഴുതിയ ഷാളുകളുമായിട്ടായിരുന്നു മിക്കവരും സ്റ്റേഡിയത്തിലെത്തിയത്. ഖത്തറില്‍ മത്സരങ്ങള്‍ക്ക് കാണികളുണ്ടാകില്ലെന്ന വിമര്‍ശകരുടെ ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശക്തമായ മറുപടി കൂടിയായി ഇന്നലെ നടന്ന വഖ്റ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അമീര്‍ കപ്പ് ഫൈനല്‍മത്സരം വീക്ഷിക്കാനെത്തിയ ആസ്വാദകവൃന്ദവും.

ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് എന്നിവ സംയുക്തമായാണ് ഉദ്ഘാടനപരിപാടികള്‍ നിയന്ത്രിച്ചത്. സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള എല്‍ഇഡി ലൈറ്റിങ് സംവിധാനത്തിനൊപ്പം വര്ണവെടിക്കെട്ടുകളും കൂടി സമന്വയിച്ചതോടെ പുതിയൊരു വര്‍ണപ്രപഞ്ചമാണ് സ്റ്റേഡിയത്തില്‍ ദൃശ്യമായത്.
ഉദ്ഘാടനത്തില്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി പ്രമുഖതാരങ്ങള്‍

ദോഹ: പ്രമുഖരായ അറബ്, രാജ്യാന്തര കായിക വ്യക്തിത്വങ്ങളുടെ സാന്നിധ്യവും വഖ്റ സ്റ്റേഡിയം ഉദ്ഘാടനചടങ്ങിന്റെ മാറ്റുകൂട്ടി. ബ്രസീലിന്റെ ഇതിഹാസ താരങ്ങളായ റോബര്‍ട്ടോ കാര്‍ലോസ്, കാഫു, കാമറൂണ്‍ താരവും സുപ്രീംകമ്മിറ്റി അംബാസഡറുമായ സാമുവേല്‍ ഏറ്റു, ഫെര്‍ണാണ്ടോ ഹിയരോ, യൗരി ജൊര്കയേഫ്, സാബ്രി ലമൗച്ചി, നാസര്‍ ഹംദാന്‍, മുന്‍ റിയല്‍ മാഡ്രിഡ് പ്രസിഡന്റ് റാമോണ്‍ കാല്ഡെരോന് തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ഖത്തറിന്റെ കായികതാരങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കായികതാരങ്ങളുടെ സാന്നിധ്യം ചടങ്ങിന്റെ മാറ്റുകൂട്ടി. ലോകകപ്പ് ഒരുക്കങ്ങളില്‍ ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു ഖത്തര്‍. മഹത്താരമയൊരു നിമിഷത്തില്‍, മനോഹരമായൊരു മുഹൂര്‍ത്തത്തില്‍ ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് ഇതിഹാസ താരങ്ങള്‍ പ്രതികരിച്ചു. മനോഹരമായ സ്റ്റേഡിയമാണ് ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. ഇവിടത്തെ തയാറെടുപ്പുകള്‍ വിസ്മയിപ്പിക്കുന്നു. ഇത്ര പെട്ടെന്ന് സ്റ്റേഡിയം സജ്ജമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരങ്ങള്‍ പറഞ്ഞു.

47-ാമത് അമീര്‍ കപ്പ് ഫൈനലായിരുന്നു സ്റ്റേഡിയത്തിലെ ആദ്യ മത്സരം.ഏറ്റവും ഉന്നതമായ നിലവാരത്തില്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണവുമായി ഖത്തര്‍ മുന്നോട്ടുപോകുകയാണെന്ന് വഖ്റ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പരാമര്‍ശിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കാണികളുടെ മനം കവര്‍ന്ന് ഗാനിം അല്‍മുഫ്ത

ദോഹ: ശാരീരികവൈകല്യങ്ങളെ മനശക്തികൊണ്ടും ഇച്ഛാശക്തിക്കൊണ്ടും കീഴ്പ്പെടുത്തിയ ഖത്തരി യുവാവ് ഗാനിം അല്‍ മുഫ്ത വഖ്റ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കാണികളുടെ മനംകവര്‍ന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കാണികളെ അഭിസംബോധന ചെയ്യാനെത്തിയ ഗാനിം അല്‍മുഫ്തയെ ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്.

ഖത്തറിലെയും കുവൈത്തിലെയും പാഠപുസ്തകങ്ങളില്‍ അല്‍മുഫ്തയുടെ ജീവിതയാത്ര പഠനവിഷയമാണ്. ഗാനിം ഗള്‍ഫ് ‘മിറാക്കിള്‍ ബോയ്’ എന്നും ഖത്തറിന്റെ ‘ചൈല്‍ഡ് ഹുഡ് അംബാസിഡര്‍’ എന്നും അറിയപ്പെടുന്നുണ്ട്. അത്യപൂര്‍വ ശാരീരികവസ്ഥയുമായാണ് ഗാനിം ജനിച്ചത്. നട്ടെല്ല് വളരാത്ത അവസ്ഥയില്‍ കുറിയ മനുഷ്യനായി വളര്‍ന്ന ഗാനിം തന്റെ വൈകല്യത്തെ വകവെക്കാതെ മനസ്ഥൈര്യംകൊണ്ട് പോരാടി മുന്നേറുകയായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്വന്തം സ്പോര്‍ട്സ് ക്ലബ്, ഐസ്ക്രീം ഷോപ്പ് ഇവയെല്ലാം സ്ഥാപിച്ച് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറ്റത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുകയായിരുന്നു ഗാനിം.
വിവിധ പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനകം ഗാനിമിനെ തേടിയെത്തിയിട്ടുണ്ട്. വൈകല്യങ്ങളെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറാനുള്ള ഇച്ഛാശക്തിയുടെ അടയാളമായി മാറിയ ഗാനിമിനെ റോള്‍ മോഡലായാണ് ഖത്തര്‍ അവതരിപ്പിക്കുന്നത്. വൈകല്യങ്ങളെ പ്രതിരോധിച്ച് മുന്നേറുന്ന ഗാനിം അല്‍ മുഫ്തയുടെ ജീവിതപോരാട്ടങ്ങള്‍ നേരത്തെയും സോഷ്യല്‍മീഡിയകളിലുള്‍പ്പടെ വൈറലായിട്ടുണ്ട്.