
ദോഹ: മെയ് 16ന് അല്‍വഖ്റ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിലൂടെ യാഥാര്‍ഥ്യമാകുന്നത് ഒട്ടേറെപ്പേരുടെ സ്വപ്നങ്ങള്‍. ഒരു ഖത്തരി സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമായി മാറുന്നത്. സ്റ്റേഡിയം വികസനത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഖത്തരി യുവ എഞ്ചിനീയര്‍ ഥാനി അല്സാറായ്ക്ക് സവിശേഷമായ സ്ഥാനമാണുള്ളത്.
സുപ്രീം കമ്മിറ്റി പ്രൊജക്ട് മാനേജരാണ് ഇദ്ദേഹം. റെക്കോര്‍ഡ് വേഗത്തില്‍ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിലും ലോകറെക്കോര്‍ഡ് സമയത്തിനുള്ളില്‍ മൈതാനത്ത് ടര്‍ഫ് വിരിച്ചതിലും മുഖ്യപങ്ക് വഹിച്ചത് ഥാനിയായിരുന്നു. പരമ്പരാഗത ദൗ ബോട്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. കായിക മത്സരങ്ങള്‍ക്കുപരിയായി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമായി വഖ്റ സ്റ്റേഡിയത്തെയും പരിസരത്തെയും മാറ്റുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിട്ടത്.

ചാമ്പ്യന്‍ഷിപ്പിന് ശേഷവും ഖത്തറിനും ജനതക്കും പ്രയോജനകരമാകുന്ന രീതിയിലാണ് നിര്‍മ്മാണം. ലോകകപ്പിന് ശേഷവും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും- ഖത്തര്‍ ന്യൂസ് ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ ഥാനി സാറാ പറഞ്ഞു. മൂന്ന് രീതിയിലൂടെ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശിക്കാം. ദോഹ േെമട്രാ വഴി അല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍ നിശ്ചയിക്കപ്പെട്ട സ്ഥലം അതിന് ശേഷം ബസ്സില്‍ സ്റ്റേഡിയത്തിലേക്ക്, അതല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍ സ്റ്റേഡിയം പാര്‍ക്കിംഗ് വരെ അതിന് ശേഷം കാല്‍നടയായി സ്റ്റേഡിയത്തിലെത്താം.
ദോഹയില്‍ നിന്നും കേവലം അര മണിക്കൂറാണ് സ്റ്റേഡിയത്തിലേക്കുള്ള യാത്രാസമയം- അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ ബിരുദധാരിയാണ് സ്ട്രക്ചറല്‍ എന്‍ജിനിയര്‍ കൂടിയായ ഥാനി. 2014ലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
അടിത്തറ നിര്‍മ്മാണം 2016ലായിരുന്നു. തൊട്ടടുത്ത വര്‍ഷം പ്രധാന കരാറുകാര്‍ക്ക് കരാര്‍ കൈമാറി. ഗ്ലോബല്‍ സസ്റ്റെനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ പഞ്ചനക്ഷത്ര പദവിയും സ്റ്റേഡിയത്തിന് ലഭിച്ചിട്ടുണ്ട്. 40000 ആണ് ഇരിപ്പിട ശേഷി. മേല്‍ക്കൂര പൂര്‍ണമായും 30 മിനുട്ടിനുള്ളില്‍ തുറക്കാനും അടക്കാനും സാധിക്കും. ഏറ്റവും ശബ്ദമുഖരിതമായ ലോകത്തിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായിരിക്കുമിത്. സ്റ്റേഡിയത്തിലെ കൈയടികളും ആഹ്ളാദാരവങ്ങളും മേല്‍ക്കൂരയില്‍ തട്ടി പ്രതിഫലിക്കുന്നതിനാലാണിത്. ആറ് ലക്ഷം ചതുരശ്രമീറ്ററാണ് ആകെ വിസ്തീര്‍ണം.
ഇതില്‍ 150000 ചതുരശ്രമീറ്റര്‍ ഭാഗത്താണ് സ്റ്റേഡിയം. 90000 ചതുരശ്രമീറ്റര്‍ ഭാഗത്ത് പൂല്‍മേടുകളും മരങ്ങളും നട്ടുപിടിപ്പിക്കും. 700 മരങ്ങളാണ് ഇവിടെ വളരുന്നത്. ബാക്കി ഭാഗങ്ങള്‍ സൈക്ലിംഗ്, ഹോഴ്സ് റേസിംഗ് ട്രാക്കുകള്‍, റണ്ണിംഗ് ട്രാക്കുകള്‍, കഹ്റമ പവര്‍ സ്റ്റേഷന് ഉള്‍പ്പടെയുള്ളവയ്ക്കായി നീക്കിവെച്ചിട്ടുണ്ട്. സ്റ്റേഡിയത്തോടൊപ്പം പ്രദേശത്തിന്റെ മുഖച്ഛായയും മാറും. സൈക്ലിംഗ് ട്രാക്ക്, റണ്ണിംഗ് ട്രാക്ക്, മള്‍ട്ടിപര്‍പസ് ഇന്‍ഡോര്‍ അറീന, പള്ളി, വെഡിംഗ് ഹാള്‍, റീട്ടെയില്‍ ഷോപ്പുകള്‍, മാര്‍ക്കറ്റ് തുടങ്ങിയവയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. മത്സരം കാണാനെത്തുന്നവര്‍ക്ക് മത്സരത്തിന് മുമ്പും ശേഷവുമായി സമയം ചെലവഴിക്കാനും വിശ്രമിക്കാനും പര്യാപ്തമായ വിധത്തിലാണ് ക്രമീകരണങ്ങള്‍.
അല്വഖ്റയുടെ ഹൃദയഭാഗത്താണ് സ്റ്റേഡിയം. 5000 ലധികം തൊഴിലാളികള്‍ മൂന്നു ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിച്ചത്. 20 മില്യണിലധികം തൊഴില്‍മണിക്കൂറുകള്‍ പിന്നിട്ടായിരുന്നു നിര്‍മാണം. ഖത്തറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയതും പാരമ്പര്യം നിറഞ്ഞതുമായ പ്രദേശമാണ് വഖ്റ. ഖത്തറിലേക്കുള്ള പ്രധാന കവാടമായിട്ടാണ് വഖ്റയെ കണക്കാക്കുന്നത്. മുത്തുവ്യാപാരത്തിനും മത്സ്യബന്ധനത്തിനും പേര് കേട്ട നഗരം കൂടിയാണ് വഖ്റ.