
ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള വജ്ബ ഹെല്‍ത്ത് സെന്ററില്‍ സംയോജിത സൈക്യാട്രി ക്ലിനിക്ക് തുറന്നു. രാജ്യത്തെ സ്‌പെഷ്യലിസ്റ്റ് മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനുള്ള വിശാലമായ കര്‍മ്മതന്ത്രത്തിന്റെ ഭാഗമാണിത്. പിഎച്ച്‌സിസിയുടെ മൂന്നാമത് ഹെല്‍ത്ത് സെന്ററിലാണ് സമഗ്രവും സംയോജിതവുമായ സൈക്യാട്രി ക്ലിനിക്ക് തുറക്കുന്നത്. നേരത്തെ അല്‍തുമാമ, ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്ററുകളിലും സൈക്യാട്രി ക്ലിനിക്കുകള്‍ തുറന്നിരുന്നു. ജനങ്ങളുടെ മാനസികാരോഗ്യം മെച്ചെപ്പടുത്താനും നല്ല ജീവിതം സമ്മാനിക്കാനുമായുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ദേശീയ ആരോഗ്യ കര്‍മ്മപദ്ധതിയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനത്തിന് തുടക്കംകുറിക്കുന്നത്. പിഎച്ച്‌സിസി ഹെല്‍ത്ത് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കായുള്ള കമ്യൂണിറ്റി അധിഷ്ടിത സേവനമാണ് ക്ലിനിക്ക് നല്‍കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് സേവനങ്ങള്‍ സംയുക്തമായി ലഭ്യമാക്കുന്നത്. ഫലപ്രദവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ മാനസികാരോഗ്യ വിലയിരുത്തല്‍, രോഗനിര്‍ണയവും ചികിത്സയും, രോഗികളുടെ വീടുകള്‍ക്ക് അടുത്തുള്ള ആക്‌സസ്, മാനസികാരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയെല്ലാം ക്ലിനിക്ക് നല്‍കും. 18നും 65 വയസിനുമിടയില്‍ പ്രായമുള്ള എല്ലാ രോഗികള്‍ക്കും ഈ സമഗ്ര സേവനത്തിന് അര്‍ഹതയുണ്ട്. പൂര്‍ണമായ മാനസികാരോഗ്യ സേവനങ്ങളും ലഭ്യമാക്കും. പരിശോധന, പൂര്‍ണ ചികിത്സാപദ്ധതിക്കുള്ള തയാറെടുപ്പ്, ഫോളോഅപ്പ് പ്ലാന്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വിപുലമായ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
നേരത്തെ ഈ സേവനങ്ങള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സൈക്യാട്രി ആസ്പത്രിയെയാണ് സമീപിച്ചുവന്നിരുന്നത്. സംയോജിത മാനസിക പരിചരണം, രോഗി അനുഭവം മെച്ചപ്പെടുത്തല്‍ തുടങ്ങിയവെല്ലാം വജ്ബ ക്ലിനിക്കില്‍ ഉറപ്പാക്കും. ഖത്തറിലെ എല്ലാ മേഖലകളിലുമായി 27 ഹെല്‍ത്ത് സെന്ററുകള്‍ മുഖേന ഈ സേവനം ലഭ്യമാക്കുന്നതിനാണ് പിഎച്ച്‌സിസി ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ക്ലിനിക്കല്‍ ജീവനക്കാര്‍ക്കും നഴ്‌സുമാര്‍ക്കും വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കുന്നുണ്ട്. ആഗോളതലത്തിലെ നിരന്തര പഠനങ്ങളില്‍ കുട്ടികളിലും യുവാക്കളിലും മാനസികപ്രശ്‌നങ്ങള്‍ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉത്കണ്ഠ, വിഷാദം, ഭക്ഷണത്തിലെ താളപ്പിഴകള്‍, സ്വയം പീഡിപ്പിക്കല്‍ തുടങ്ങിയവയാണ് പൊതുവെയുള്ള മാനസികപ്രശ്‌നങ്ങള്‍. എഴുപത് ശതമാനത്തിലധികം കുട്ടികളും പല വിധത്തിലുള്ള മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ കണ്ടെത്തി ശാസ്ത്രീയമായ പരിചരണം ലഭിക്കാത്തതിനാലാണിത്.
നല്ല മാനസികാരോഗ്യം കുട്ടികളില്‍ ഉണ്ടായാല്‍ മാത്രമേ ജീവിതത്തിലെ വിവിധ വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ക്ക് പ്രാപ്തി ഉണ്ടാകൂ.ഈയൊരു കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് ആരോഗ്യസേവനം ലഭ്‌യമാക്കുന്നത്. സമഗ്രവും സംയോജിതവുമായ മാനസികാരോഗ്യ സംവിധാനം രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമുള്ള ദേശീയ മാനസികാരോഗ്യ തന്ത്രത്തിന്റെ ലക്ഷ്യത്തിന് അനുസൃതമായാണ് പിഎച്ച്‌സിസിയുടെ കമ്യൂണിറ്റി അധിഷ്ഠിത മാനസികാരോഗ്യസേവനങ്ങളുടെ വിപുലീകരണം.
നിലവില്‍ ആസ്പത്രികള്‍ ലഭ്യമാക്കുന്ന മാനസികാരോഗ്യ സേവനങ്ങളുടെ ഏകദേശം 20ശതമാനത്തോളം രാജ്യത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുഖേന നിര്‍ബന്ധമായും ലഭ്യമാക്കണമെന്നാണ് കര്‍മ്മപദ്ധതിയില്‍ വ്യക്തമാക്കുന്നത്. 2020നകം ഈ ലക്ഷ്യം സാധ്യമാക്കുന്നതിനാണ് നിശ്ചയിരിക്കുന്നത്.