in , , ,

വനിതാ ക്രിക്കറ്റില്‍ കരുത്ത് തെളിയിക്കാന്‍ ഖത്തര്‍

ആര്‍ റിന്‍സ്
ദോഹ

ക്രിക്കറ്റില്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ക്ക് തയാറെടുത്ത് കഠിന പരിശീലനത്തില്‍ ഖത്തര്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീം. ക്രിക്കറ്റില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ കഴിയുന്ന രീതിയില്‍ ഖത്തറിനെ പ്രപ്തമാക്കുകയാണ് ലക്ഷ്യം.
ജനുവരി 16ന് ഏഷ്യന്‍ ടൗണില്‍ തുടങ്ങുന്ന ചതുര്‍രാഷ്ട്ര വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയാറെടുപ്പിലാണ് ഖത്തര്‍ ടീം. അന്താരാഷ്ട്ര അംപയര്‍ കൂടിയായ ശിവാനി മിശ്രയെ ടീം മാനേജരായി ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍(ക്യുസിഎ) നിയമിച്ചിട്ടുണ്ട്.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അഫിലിയേറ്റഡ് ലെവല്‍-3 പരിശീലകയും ഐസിസി അഫിലിയേറ്റഡ് മാച്ച് റഫറിയുമായ ശിവാനി ക്യുസിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. ഐസിസി പുരുഷവിഭാഗം ടി20 യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ അംപയറായിട്ടുള്ള അവര്‍ പുരുഷവിഭാഗം ടി20 രാജ്യാന്തര മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അംപയര്‍ കൂടിയായിരുന്നു.
അംപയര്‍മാര്‍ക്കായുള്ള ഐസിസി ഡെവലപ്‌മെന്റ് പാനലിലെ ആദ്യ ഏഷ്യന്‍ വനിത കൂടിയായിരുന്നു അവര്‍. ശിവാനി മിശ്രയുടെ അനുഭവസമ്പത്തും പരിശീലക വൈദഗ്ദ്ധ്യവും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ക്യുസിഎ. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ ദേശീയ ടീം അങ്ങേയറ്റം ആവേശത്തിലാണെന്ന് ശിവാനി മിശ്ര പറഞ്ഞു. അന്തിമ ടീമിനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പ്രിപ്പറേറ്ററി ക്യാമ്പിനായി 40 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്.
ജനുവരി ആദ്യത്തില്‍ ഇതില്‍ നിന്നും 18പേരെ തെരഞ്ഞെടുക്കും. തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പിനായി 14 അംഗ ദേശീയ ടീമിനെ പ്രഖ്യാപിക്കും. വനിതാ ക്രിക്കറ്റില്‍ ഏഷ്യയില്‍ മികച്ച റാങ്കിങിലുള്ള ചൈനീസ് ടീമിന്റെ സാന്നിധ്യമുള്ളതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് കഠിനമാണെന്നാണ് കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു.
കളിക്കാര്‍ ചെറുപ്പമായതിനാല്‍ ആഴ്ചയില്‍ രണ്ടുതവണ പ്രാക്ടീസ് സെഷനുകള്‍ നടത്തുന്നുണ്ട്. ടൂര്‍ണമെന്റിനായി ശക്തമായ ടീമിനെ വാര്‍ത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ഈ ചാമ്പ്യന്‍ഷിപ്പോടെ വനിതാ ക്രിക്കറ്റ് ഭൂപടത്തില്‍ ഖത്തറിനും സവിശേഷമായൊരു സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഖത്തര്‍ രാജ്യാന്തര വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിനു മുമ്പ് 2014ലായിരുന്നു വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ക്യുസിഎ സംഘടിപ്പിച്ചത്. ആ വര്‍ഷം ജനുവരിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, അയര്‍ലന്റ് ടീമുകളാണ് പങ്കെടുത്തത്. ട്വന്റി20 മത്സരങ്ങള്‍ക്കു പുറമെ ഏകദിന ടൂര്‍ണമെന്റും നടന്നിരുന്നു. ഏകദിനത്തില്‍ ദക്ഷിണാാഫ്രിക്കയും ട്വന്റി20യില്‍ പാകിസ്താനുമാണ് കിരീടം നേടിയത്. രണ്ടു രാജ്യങ്ങളുടെയും സീനിയര്‍ ടീമുകളെ പ്രതിനിധീകരിച്ച് മുതിര്‍ന്ന രാജ്യാന്തര താരങ്ങളാണ് മത്സരിക്കാനെത്തിയത്. അതിനുശേഷം ഇപ്പോഴാണ് രാജ്യാന്തര വനിതാക്രിക്കറ്റ്. ഖത്തറിന്റെ അത്യാധുനികമായ കായിക സൗകര്യങ്ങള്‍ ആഗോളതലത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്നുണ്ട്.
കൂടുതല്‍ ടീമുകള്‍ ഖത്തറില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വനിതാടീമുകളെ ഉള്‍പ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് വിപുലീകരിക്കാണ് ക്യുസിഎ ലക്ഷ്യമിടുന്നത്.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) പൂര്‍ണ പിന്തുണ ഖത്തറിനുണ്ട്്. ഉത്സവാന്തരീക്ഷത്തില്‍ മികച്ച കളി കാണാനാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരമൊരുക്കുന്നത്. ഖത്തറില്‍ ക്രിക്കറ്റ് വികസിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധസഹായ സഹകരണങ്ങളും നല്‍കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചതുര്‍രാഷ്ട്ര വനിതാ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍

അല്‍മഹാ ശിശു വികസന കേന്ദ്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും