
ദോഹ: എട്ടാമത് വാര്‍ഷിക വര്‍ക്കേഴ്‌സ് കപ്പ് ഫുട്‌ബോളിന് ആവേശകരമായ തുടക്കം. ആയിരക്കണക്കിന് തൊഴിലാളികളാണ് മത്സരങ്ങള്‍ കാണാന്‍ വെള്ളിയാഴ്ച വിവിധ സ്റ്റേഡിയങ്ങളിലെത്തിയത്. ആദ്യദിനം അഞ്ചു ഗ്രൂപ്പുകളിലുമായി പത്തുമത്സരങ്ങള്‍ നടന്നു. നിലവിലെ ചാമ്പ്യന്‍മാരായ നഖീല്‍ ലാന്‍ഡ്‌സ്‌കേപ്പിന് വിജയത്തുടക്കം. ഗ്രൂപ്പ് എത്സരത്തില്‍ ചലഞ്ചറിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ ലെഗസിയുടെ സഹകരണത്തോടെ ഖത്തര്‍ സ്റ്റാര്‍സ് ലീഗാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. 20 ടീമുകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കുന്നത് നഖീല്‍ ലാന്‍ഡ്‌സ്‌കേപ്പിനാണ്. കഴിഞ്ഞ മൂന്നുവര്‍ഷവും കിരീടം നഖീലിനായിരുന്നു. ഖത്തര്‍ 2022നായുള്ള പരിശീലന സൈറ്റുകളുടെ വികസനചുമതലയുള്ള പ്രധാന കരാറുകാരാണ് നഖീല്‍. കഴിഞ്ഞവര്‍ഷം ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ താലെബ് ഗ്രൂപ്പിനെ 4-0ന് തോല്‍പ്പിച്ചാണ് നഖീല്‍ കിരീടം നേടിയത്. ഈ വര്‍ഷം പങ്കെടുക്കുന്ന 20 ടീമുകളില്‍ പതിനെട്ടെണ്ണവും സുപ്രീംകമ്മിറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. വര്‍ക്കേഴ്‌സിന്റെ ഗ്രൂപ്പ് ഘട്ടങ്ങളും നോക്കൗട്ട് റൗണ്ട് മത്സരങ്ങളും ഖത്തര്‍ ലോകകപ്പിന്റെ പരിശീലന സ്റ്റേഡിയങ്ങളിലാണ് നടക്കുക. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ പരിശീലന സൈറ്റുകളിലാണ് മത്സരങ്ങള്‍.
കഴിഞ്ഞവര്‍ഷം ഈ സൈറ്റുകളില്‍ രാജ്യാന്തര ടീമുകള്‍ പരിശീലനം നടത്തിയിരുന്നു. പ്രത്യേകിച്ചും അള്‍ജീരിയ, ഇറാന്‍, ഒമാന്‍, ഇന്ത്യ ടീമുകള്‍ പരിശീലനം നടത്തിയ വേദികളിലാണ് വര്‍ക്കേഴ്‌സ് കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. 2022ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്ന വിവിധ ടീമുകള്‍ക്ക് പരിശീലനം നടത്തുന്നതിനായാണ് ഈ സ്റ്റേഡിയങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനും അവരുടെ കഴിവുകള്‍ വിശാലമായ പ്രേക്ഷകര്‍ക്ക് കാണിക്കുന്നതിനും അവസരമൊരുക്കുന്നതിനൊപ്പം, വര്‍ക്കേഴ്‌സ് കപ്പ് നമ്മുടെ രാജ്യത്ത് അടിത്തട്ടിലുള്ള ഫുട്‌ബോളിനെ കൂടുതല്‍ വളര്‍ത്താന്‍ സഹായിക്കുന്നതായി ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ മാര്‍ക്കറ്റിങ് സെയില്‍സ് കമ്യൂണിക്കേഷന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹസന്‍ റബിയ അല്‍കുവാരി പറഞ്ഞു. വര്‍ക്കേഴ്‌സ് കപ്പ് വീണ്ടും സ്‌പോണ്‍സര്‍ ചെയ്യാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് സുപ്രീംകമ്മിറ്റി കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാത്തിമ അല്‍നുഐമി പറഞ്ഞു. ഖത്തറിലെ കുറഞ്ഞവരുമാനക്കാരായ തൊഴിലാളികളുടെ പങ്കാളിത്തമുള്ള ഏറ്റവും വലിയ കായികചാമ്പ്യന്‍ഷിപ്പാണ് വര്‍ക്കേഴ്‌സ് കപ്പ്. 2022ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള സ്റ്റേഡിയങ്ങളുടെയും മറ്റു അടിസ്ഥാനസൗകര്യവികസനപദ്ധതികളുടെയും നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് വിവിധ ടീമുകളെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്.
2022 ലോകകപ്പ് മാമാങ്കത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ഇത്തരമൊരു ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനചടങ്ങുകളും മത്സരങ്ങളും കാണാന്‍ ഒട്ടനവധിപേരാണ് സ്റ്റേഡിയത്തിലെത്തിയത്. കളിക്കാര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കുമായി വിലയേറിയ സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
വിവിധ ആഴ്ചകളിലായി വിവിധ ഘട്ടങ്ങളിലായാണ് വര്‍ക്കേഴ്‌സ് കപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാകുക.