in ,

വളര്‍ച്ചയുടെ താക്കോല്‍ വൈവിധ്യവല്‍ക്കരണവും സ്വയംപര്യാപ്തതയും: അല്‍കുവാരി

വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി കാര്‍ണീജ് മെലണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്തുന്നു

ദോഹ: വൈവിധ്യവല്‍ക്കരണനും സ്വയംപര്യാപ്തതയുമാണ് ഖത്തറിന്റെ വളര്‍ച്ചയുടെ താക്കോലെന്ന് വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി. 2017 ജൂണ്‍ മുതല്‍ സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തിനെതിരായ ഖത്തറിന്റെ പ്രതികരണം സമ്പദ് വ്യവസ്ഥയില്‍ സുപ്രധാനവും ഗുണപരവുമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ഉപരോധം ഖത്തറിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമായതായും കാര്‍ണീജ് മെലണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്തവെ അദ്ദേഹം വ്യക്തമാക്കി. ഖത്തറിന്റെ സാമ്പത്തിക വെല്ലുവിളികള്‍, നേട്ടങ്ങള്‍, ഭാവി ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. വൈവിധ്യവല്‍ക്കരണവും സ്വയംപര്യാപ്തതയും ഖത്തറിന്റെ സാമ്പത്തികവികസനത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഖത്തറിന്റെ ആകെ കയറ്റുമതിയിലും വിദേശവ്യാപാരത്തിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ഭക്ഷ്യ ഉത്പാദനവും പ്രാദേശിക ഉത്പാദനവും ഗണ്യമായി വര്‍ധിച്ചു. രാജ്യത്തെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്ന നിരവധി ഭക്ഷ്യസുരക്ഷാസംരംഭങ്ങള്‍ ഖത്തര്‍ വിജയകരമായി നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.

ഉപരോധത്തിനുശേഷം ലോകമെമ്പാടുമുള്ള നിരവധി തന്ത്രപരമായ കേന്ദ്രങ്ങളുമായി ഖത്തര്‍ നേരിട്ടുള്ള വാണിജ്യറൂട്ടുകള്‍ വിജയകരമായി സ്ഥാപിച്ചു. പ്രധാന വ്യാപാരപങ്കാളികളിലേക്ക് വ്യാപാരം വഴിതിരിച്ചുവിടാനും സാധിച്ചു. ഖത്തറിനുള്ളില്‍ അനുകൂലമായ വ്യവസായ അന്തരീക്ഷം വളര്‍ത്തുന്നതിനും രാജ്യാന്തര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ചും മന്ത്രി ചര്‍ച്ച ചെയ്തു.

ഖത്തറിന്റെ ലോജിസ്റ്റിക് കഴിവുകളെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തേക്കുള്ള ചരക്കുകളുടെ വരവ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഹമദ് രാജ്യാന്തര വിമാനത്താവളം, ഹമദ് തുറമുഖം വഹിക്കുന്ന പങ്കും വിശദീകരിച്ചു. കാര്‍ണീജ് മെലണ്‍ യൂണിവേഴ്‌സിറ്റിയുടെ 2019-2020 അധ്യയനവര്‍ഷത്തിലെ ഡീനിന്റെ പ്രഭാഷണപരമ്പരയിലെ ആദ്യത്തേതായിരുന്നു മന്ത്രിയുടെ പ്രഭാഷണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖമീസ് അല്‍ഉബൈദ്‌ലി ഇന്റര്‍ചേഞ്ചിന്റെ പ്രവൃത്തി 62% പൂര്‍ത്തിയായി

ഡിഎഫ്‌ഐ സഹായത്തോടെ നിര്‍മിച്ച സിനിമകള്‍ക്ക് വെനീസില്‍ അംഗീകാരം