
ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ കെമിക്കല്‍ എന്‍ജിനിയറിങ് വിഭാഗം സംഘടിപ്പിച്ച പതിനാറാമത് വാര്‍ഷിക പ്ലാന്റ് ഡിസൈന്‍ മത്സരത്തിന് പിന്തുണയുമായി ഖത്തര്‍ഗ്യാസ് ഓപ്പറേറ്റിങ് കമ്പനി ലിമിറ്റഡ്. 2004 മുതല്‍ സംഘടിപ്പിച്ചുവരുന്ന മത്സരത്തിലെ മികച്ച ഓവറോള്‍ സമ്മാനം സ്‌പോണ്‍സര്‍ ചെയ്തതും വിതരണം ചെയ്തതും ഖത്തര്‍ ഗ്യാസായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് ലോകനിലവാരത്തിലുള്ള എന്‍ജിനിയറിങ് അനുഭവം ആര്‍ജിക്കുന്നതിനുള്ള അവസരങ്ങള്‍ നല്‍കുന്നതില്‍ പ്രധാന പങ്കാണ് ഇത്തരം മത്സരങ്ങള്‍ വഹിക്കുന്നത്. ഇക്കാര്യത്തില്‍ കെമിക്കല്‍ എന്‍ജിനിയറിങ് വകുപ്പുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനാകുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഖത്തര്‍ ഗ്യാസ് പറഞ്ഞു.
22 ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഉന്നതനിലവാരത്തിലുള്ള മത്സരത്തില്‍ പങ്കെടുത്തവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കണ്ടന്‍സേറ്റ് റീഫൈനിങ് പ്രോസസ്സിന്റെയും എഥിലിന്‍ ഗ്ലൈക്കോള്‍ പ്രോസസ്സിന്റെയും രൂപകല്‍പ്പന അവതരിപ്പിച്ച ടോപ് ടെക് ടീമായിരുന്നു വിജയികള്‍. തങ്ങളുടെ രൂപകല്‍പ്പനയെക്കുറിച്ച് ടീം സാധ്യതാപഠനം നടത്തിയിരുന്നു.
ഖത്തര്‍ഗ്യാസ് ചീഫ് എന്‍ജിനിയറിങ് ആന്റ് പ്രൊജക്റ്റ് ഓഫീസര്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍താനി, അസറ്റ് ആന്റ് സര്‍വയലന്‍സ് എന്‍ജീനിയറിങ് മാനേജര്‍ ഡോ.റാഷിദ് സുല്‍ത്താന്‍ അല്‍കുവാരി, സര്‍വലയന്‍സ് മേധാവി അഹമ്മദ് ജാബര്‍ അല്‍മുഹന്നദി എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഖത്തര്‍ഗ്യാസിന്റെ ദോഹ ഹെഡ്ഓഫീസിലായിരുന്നു ചടങ്ങ്.
ഖത്തര്‍ യൂണിവേഴ്‌സിറ്റി കെമിക്കല്‍ എന്‍ജിനിയറിങിലെ പ്രൊഫസര്‍മാരായ ഡോ.ഇസ്സ അല്‍മുസ്‌ലെഹ്, ഫദ്വ അല്‍ജാക് എന്നിവരും മറ്റു ഫാക്വല്‍റ്റി അംഗങ്ങളും പങ്കെടുത്തു. പുരസ്‌കാരദാനചടങ്ങിനു മുമ്പ് വിദ്യാര്‍ഥികളുടെ ടീമുകള്‍ തങ്ങളുടെ എന്‍ട്രികള്‍ പ്രത്യേകമായി അവതരിപ്പിച്ചു.
അഹമ്മദ് ജാബര്‍ അല്‍മുഹന്നദി, മെഷര്‍മെന്റ് മേധാവി ജാസിം അല്‍ശമാല്‍ എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണയത്തിനായുള്ള ജഡ്ജിങ് പാനലിലെ ഖത്തര്‍ഗ്യാസിന്റെ പ്രതിനിധികള്‍.